കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 10 ശനിയാഴ്ച്ച പോപ്പ്ലാർ ഹിൽ പാർക്കിൽ സംഘടിപ്പിച്ച സ്പോർട്സ് ഡേ 2024 കുട്ടികളുടെ സൗഹൃദത്തിന്റെയും, മത്സരത്തിന്റെയും, മികവിന്റെയും നേർക്കാഴ്ചയായി മാറി. വളർന്നു വരുന്ന യുവതലമുറയുടെ കായികപരമായ കഴിവുകൾ നേരിട്ട് കണ്ടറിയാനും, പ്രോത്സാഹിപ്പിക്കാനും ലണ്ടനിലെ മലയാളി സമൂഹം എത്രമാത്രം പ്രതിജ്ഞാബദ്ധമാണ് എന്നത് ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ടാണ് ഈ കായികോത്സവത്തിന് കൊടിയേറിയത്.
കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 10 ശനിയാഴ്ച്ച പോപ്പ്ലാർ ഹിൽ പാർക്കിൽ സംഘടിപ്പിച്ച സ്പോർട്സ് ഡേ 2024 കുട്ടികളുടെ സൗഹൃദത്തിന്റെയും, മത്സരത്തിന്റെയും, മികവിന്റെയും നേർക്കാഴ്ചയായി മാറി. വളർന്നു വരുന്ന യുവതലമുറയുടെ കായികപരമായ കഴിവുകൾ നേരിട്ട് കണ്ടറിയാനും, പ്രോത്സാഹിപ്പിക്കാനും ലണ്ടനിലെ മലയാളി സമൂഹം എത്രമാത്രം പ്രതിജ്ഞാബദ്ധമാണ് എന്നത് ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ടാണ് ഈ കായികോത്സവത്തിന് കൊടിയേറിയത്.
രാവിലെ 9 മണിയ്ക്ക് ആരംഭിച്ച രജിസ്ട്രേഷനിൽ ഏകദേശം നാനൂറോളം കുട്ടികളാണ് വിവിധ മത്സരങ്ങൾക്കായി തങ്ങളുടെ പേര് രജിസ്റ്റർ ചെയ്തത്. തുടർന്ന് സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്ത ഒന്റാരിയോയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ പ്രവീൺ വർക്കി സ്വഭാവ രൂപീകരണത്തിലും, അച്ചടക്കം വളത്തിയെടുക്കുന്നതിലും ഐക്യ ബോധം പ്രോത്സാഹിപ്പിക്കുന്നതിലും കായിക വിനോദങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഹ്രസ്വമായി പ്രതിപാദിക്കുകയുണ്ടായി. കൂടാതെ കുട്ടികൾക്കുള്ളിലെ കാരുണ്യത്തിന്റെയും, സഹജീവി സ്നേഹത്തിന്റെയും അവബോധം വളർത്തുവാനുള്ള ലക്ഷ്യങ്ങളിലൊന്നായി ആഞ്ജലീന മേക്കര വായിച്ച സന്ദേശത്തിൽ വയനാട്ടിലെ കണ്ണീരൊപ്പാൻ അവിടുത്തെ കുട്ടികൾക്ക് ലൈബ്രറിയും, പഠന സാമഗ്രികളും ലഭ്യമാക്കാനുള്ള തുക സ്വരൂപിക്കാനായി ഒരുക്കിയ കളക്ഷൻ ബോക്സിലേക്ക് ആദ്യ സംഭാവന നൽകി തുടക്കമിടുകയും ചെയ്തു.
കിഡ്സ്, സബ്‌ജൂനിയേഴ്‌സ്, ജൂനിയേഴ്‌സ്, സീനിയേഴ്സ് എന്നിങ്ങനെ 4 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളാണ് ഈ വർഷവും നടത്തിയത്. അനുകൂല കാലാവസ്ഥയിൽ മത്സരാർത്ഥികളുടെ ആവേശം അണപൊട്ടിയതോടെ ഓരോ മത്സരവും മികവിന്റെയും, കരുത്തിന്റെയും, ആഹ്ളാദത്തിന്റെയും സുന്ദര നിമിഷങ്ങളാണ് സമ്മാനിച്ചത്. വൈകുന്നേരം നാല് മണിയോടെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഗ്രൂപ്പ് ക്യാപ്റ്റന്മാരായ ഷിന്റോ സ്റ്റീഫൻ, ദിവ്യാ ജിസ്, ജോസഫ് ലിൻസ്, ഐറിൻ മാത്യു, ലിനിത ഏബ്രഹാം, സീനാ റോയ്, ദീപ്തി, മീരാ ജോസ് തുടങ്ങിയവർ മത്സരങ്ങളെല്ലാം അവസാനിപ്പിച്ച് മാർച്ച്-പാസ്റ്റിനായി കുട്ടികളെ അണിനിരത്തി.
ലാംബ്ടൺ-കെൻ്റ്-മിഡിൽസെക്സ് എം പി ലിയാൻ റൂഡ് ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിൽ തന്റെ ചെറുപ്പകാലത്ത് താനും ഇതേപോലെ കായികമത്സരങ്ങളിൽ പങ്കെടുത്തതിന്റെ ഓർമ്മകളും, ആരോഗ്യ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കായിക മത്സരങ്ങൾക്കുള്ള പ്രസക്തിയും അതിനൊപ്പം വളർന്നു വരുന്ന ഇന്നത്തെ തലമുറയ്ക്ക് പ്രോചോദനമായി ഇത്തരം വേദികൾ ഒരുക്കുന്ന കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബിന് ആശംസകളും അറിയിച്ചു. തുടർന്ന് സംസാരിച്ച പ്രവീൺ വർക്കി കളിക്കൂട്ടത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്സീമമായ സഹകരണമാണ് വാഗ്‌ദാനം ചെയ്തത്. കൂടാതെ വേദിയിലുണ്ടായിരുന്ന മെഗാ സ്പോൺസർ റിയലേറ്റർ അനൂപ് വർഗ്ഗീസ്, ഗ്രാന്റ് സ്പോൺസർ വൺ ഡെന്റൽ, ഗോൾഡ് സ്പോൺസർ ജി ജി വെൽനെസ്സ് സെന്റർ, സിൽവർ സ്പോൺസേഴ്‌സ് ആയ മോർട്ട്ഗേജ് ഏജന്റ് സ്പെൻസൺ വർഗ്ഗീസ്, ട്രിനിറ്റി ആട്ടോ ഗ്രൂപ്പ്, മറ്റ് അസ്സോസിയേറ്റ് സ്പോൺസേഴ്‌സ് തുടങ്ങി എല്ലാവരും മത്സരാർത്ഥികൾക്ക് ആശംസകളും കളിക്കൂട്ടത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് പിന്തുണയും അറിയിച്ചു.
സമ്മാനദാന ചടങ്ങിന് മുൻപായി ഒരിക്കൽ കൂടി വയനാട്ടിലെ ദുരിതത്തിന്റെ ആഴം വിവരിച്ച് ആഞ്ജലീന മേക്കര കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്യേണ്ട സഹായങ്ങളെക്കുറിച്ച് എല്ലാവരേയും ഓർമ്മിപ്പിച്ചു. തുടർന്ന് വിജയികളായവർക്ക് മെഡലുകളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് യഥാക്രമം ഗ്രോസറി സോൺ, റിയലേറ്റർ ജോസഫ് പൂക്കൊമ്പിൽ, ഷെയിഡ്സ് 3 വിൻഡോ ഫാഷൻസ്, റിയലേറ്റർ മനോജ് കുമാർ, സ്‌പൈക്കേഴ്‌സ് സ്പോർട്സ് സ്റ്റോർ, ഓൾ റിസ്‌ക്സ് ഇൻഷുറൻസ്, റിയലേറ്റർ ഇമ്മാനുവേൽ ചിമ്മിണിക്കാട്ട്, ഗ്രേറ്റ് ഇന്ത്യൻ സ്റ്റോർ തുടങ്ങിയവർ സ്പോൺസർ ചെയ്ത ലാപ്‌ടോപ്പുകൾ നൽകുകയും കൂടാതെ കളിക്കൂട്ടം അംഗങ്ങൾക്കായുള്ള ഡിസ്‌കൗണ്ട് കാർഡുകൾ, ട്രിനിറ്റി ഗ്രൂപ്പ് ഒരുക്കിയ ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങിയവ വിതരണം ചെയ്യുകയുമുണ്ടായി. അന്നേദിവസമുടനീളം ഇന്ത്യാന ഫുഡ്‌സിന്റെയും, കർബീസ് കാറ്റേഴ്സിന്റെയും ലൈവ് തട്ടുകട ലണ്ടൻ മലയാളികളെ നാടൻ രുചികളുടെ വൈവിധ്യങ്ങളിലേക്ക് ആനയിച്ചു എന്ന് നിസ്സംശയം പറയാം.
ഈ കായിക മാമാങ്കത്തിന് ചുക്കാൻ പിടിച്ച സംഘാടക സമിതി അംഗങ്ങളായ കളിക്കൂട്ടം ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ബിജോയ് ജോൺ, സന്തോഷ് മേക്കര, സിബി തോമസ്, പ്രസിഡന്റ് ജോബി ദേവസ്യ, വൈസ് പ്രസിഡന്റ് അഞ്ജു ജിതിൻ, സെക്രട്ടറി ചിക്കു ബേബി, ജോയിന്റ് സെക്രട്ടറി ഷിൻറ്റു ജോസ്, ട്രഷറർ ജെറിൽ കുര്യൻ ജോസ്, ജനറൽ കൺവീനർ വൈശാഖ് നായർ, കമ്മറ്റി അംഗങ്ങളായ ലിനിത ഏബ്രഹാം, ലിനു ജോർജ്ജ്, ഇമ്മാനുവേൽ തോമസ്, ഷിന്റോ സ്റ്റീഫൻ, സഞ്ജു സാബു, അമിത് ശേഖർ തുടങ്ങിയവരുടെ പ്രവർത്തനങ്ങളെ അംഗീകരിച്ച് ഈ കായികോത്സവം അക്ഷരാർത്ഥത്തിൽ വൻവിജയമാക്കി തീർത്ത ലണ്ടൻ മലയാളികളോടുള്ള നന്ദിയും, കടപ്പാടും അറിയിച്ചുകൊണ്ടാണ് സ്പോർട്സ് ഡേ 2024 ന് കൊടിയിറങ്ങിയത്.