കർണ്ണികാരതീരത്തിന്ന്,
കണ്ണീരോർമ്മകൾ നീരാടുന്നതുകണ്ടു.
കാണാമറയത്തിരുന്ന്,
കതിരുകാണാക്കിളി പാടുന്നതുകേട്ടു.
ആരെയും കാണുവാനില്ല
ആർഭാടവും കാട്ടുവാനില്ല.
വീട്ടിലെവെട്ടം എരിഞ്ഞടങ്ങിയാൽ,
വിണ്ണിലെ നക്ഷത്രശോഭയായാൽ,
പരത്തിലിരുന്നു പരാതികൾപറയില്ല
പരിഭവമൊട്ടും നടിക്കേണ്ടതില്ല.
ആരെയും കാണുവാനില്ല
ആർഭാടവും കാട്ടുവാനില്ല.
പിറന്നിടമല്ലേ,പെറ്റവയറുണ്ടെ-
ന്നോർത്ത് പായേണ്ട
പകര,മാളില്ല തിരക്കിട്ട് പായേണ്ട,
വേട്ടിടത്തിലെ വഴക്കിനുപാത്രമാകേണ്ട
വേറിട്ടചോദ്യങ്ങൾക്കുത്തരം നൽകേണ്ട
ആരെയും കാണുവാനില്ല
ആർഭാടവും കാട്ടുവാനില്ല.
ഉടയാടകൾ വാങ്ങേണ്ടതില്ല
ഉപയോഗിച്ചുവോയെന്നറിയേണ്ടതില്ല,
മറ്റുമക്കൾകണ്ടുവോ,
മാറ്റുരച്ചുനോക്കി,പഴയപ്പെട്ടിയിൽ
വെച്ചു,പൂട്ടിയോയെന്നറിയേണ്ടതില്ല.
ആരെയും കാണുവാനില്ല
ആർഭാടവും കാട്ടുവാനില്ല.
അവിടം ശൂന്യമാണിന്ന്
അവിടം നിറച്ചുമിരുട്ടാണിന്ന്
അടുപ്പമില്ലാത്തോർ വാഴുന്നിടം
അതിരുകൾ വരച്ച,രുതുകൾ കാട്ടുന്നിടം
ആരെയും കാണുവാനില്ല
ആർഭാടവും കാട്ടുവാനില്ല.
ഇനിയെന്തുകാര്യം, ഇവിടെന്ത് ബന്ധം
ഇത്തിൾകണ്ണി നീയെന്നു പാറാവുകാർ
ഇത്രിടംഎന്തിനുവന്നെന്നു തോന്നുവിധം
ഇറുത്തെറിഞ്ഞെന്ന് പറയാതെ ,
പറയുന്നപ്പുറംകണ്ണികൾ .
ആരെയും പിണക്കേണ്ട
ആരോപണങ്ങളും കേൾക്കേണ്ട.
ദേവിമനു