എത്ര ചെറിയ രാജ്യവുമാവട്ടെ, അവരുടെ അതിർത്തിയിൽ ആരെങ്കിലും നുഴഞ്ഞുകയറിയെന്ന് അറിഞ്ഞാലുടനെ വെടിവെയ്പ്പാണ്, കലാപമാണ്,യുദ്ധമാണ്! മണ്ണും പെണ്ണും ഒരേപോലെയെങ്കിൽ പെണ്ണുടലിൽ നുഴഞ്ഞുകയറുന്നവരോട് ആരും യുദ്ധം ചെയ്യാത്തതെന്താണ്, ചെറിയ ഒരു കലാപം തുടങ്ങണമെങ്കിൽ പോലും സ്മാർത്തവിചാരം ഗംഭീരമായി നടക്കണം.
എത്ര ചെറിയ രാജ്യവുമാവട്ടെ, അവരുടെ അതിർത്തിയിൽ ആരെങ്കിലും നുഴഞ്ഞുകയറിയെന്ന് അറിഞ്ഞാലുടനെ വെടിവെയ്പ്പാണ്, കലാപമാണ്,യുദ്ധമാണ്! മണ്ണും പെണ്ണും ഒരേപോലെയെങ്കിൽ പെണ്ണുടലിൽ നുഴഞ്ഞുകയറുന്നവരോട് ആരും യുദ്ധം ചെയ്യാത്തതെന്താണ്, ചെറിയ ഒരു കലാപം തുടങ്ങണമെങ്കിൽ പോലും സ്മാർത്തവിചാരം ഗംഭീരമായി നടക്കണം. ഇരയെ അതിജീവിപ്പിക്കുകയാണെന്ന് ബോധിപ്പിച്ച് പിന്നെയും പലകുറി മാനസികമായി പീഡിപ്പിച്ചതിന് ശേഷമേ പ്രതിയെ പ്രതിയായി സമൂഹം കണക്കാക്കുകയുള്ളൂ. പ്രതി മനുഷ്യനാണല്ലോ..അവകാശങ്ങളുള്ള മനുഷ്യൻ, അതിന് കോട്ടമൊന്നും തട്ടാൻ പാടില്ല.
കുടുംബത്തിന് പുറത്തുള്ള ഒരു കുടുംബമായിരുന്നു അഞ്ജലിക്ക് 'അരങ്ങ്'. അവിടെ താൻ അപമാനിക്കപ്പെട്ടുവെന്ന് അവൾക്ക് ഓർക്കണമെന്ന് പോലുമില്ല. സമൂഹമെന്ന ഏറ്റവും വലിയ റേപിസ്റ്റും ചിന്തിക്കുന്നത് ഇതായിരിക്കും. ഇര എല്ലാം മറക്കണം, പൊറുക്കണം.. അതല്ല, എങ്ങാനും അതൊക്കെ ഓർമിക്കുന്നുണ്ടെങ്കിൽ ആ ഓർമയിൽ നീറി, പിടഞ്ഞ് ഒടുങ്ങണം. വേട്ടമൃഗത്തെ തലകീഴായി തൂക്കിയിട്ട് തീകൂട്ടി വേവിച്ചെടുക്കുന്ന അതേ ഹുങ്കോടെ സമൂഹം ഇരയുടെ നീതിക്കായി ഇരയെ വീണ്ടും വീണ്ടും വിചാരണ ചെയ്യുന്നു.
ഇതുവരെ ലോകത്ത് വിജയിച്ചിരിക്കുന്ന 'ഇസം' ഏതായിരിക്കും? സംശയമെന്താ, അവനവനിസം തന്നെ! ഈ സിനിമയിൽ അഭിനേതാക്കൾ ഒരുപിടിയുണ്ടെങ്കിലും കഥാപാത്രം ഒന്നേയുള്ളൂ - അവനവനിസം! ഊതിപെരുപ്പിച്ച ഈഗോയും താങ്ങി അവനവനിലേക്ക് ചെറുതാവുന്നവരുടെ 'ആട്ടം' ആയതുകൊണ്ടാവും ഈ കഥയും സിനിമയും എവിടെയോയുള്ള ഒരു 'അരങ്ങ്' ലേക്ക് മാത്രമായി ഒതുങ്ങാത്തത്.
വിത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന വൃക്ഷം പോലെയാണ് മനുഷ്യനിലെ ഉപാധികൾ അഥവാ അജണ്ടകൾ..സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പരിഗണിക്കാനും അംഗീകരിക്കപ്പെടാനുമൊക്കെയുള്ള ഉപാധികൾ പടർന്നുപന്തലിക്കുമ്പോൾ മനുഷ്യനും ഒരു വൻമരമാകുന്നു. ഇവിടെ ഏതൊരവസ്ഥയും തന്നെ എങ്ങനെ ബാധിക്കും, എന്തെങ്കിലും അതിലൂടെ നേടാനാവുമോ എന്നിങ്ങനെയുള്ള
പന്ത്രണ്ട് അജണ്ടകളെയാണ് ആൾക്കൂട്ടത്തിൽ മുഖം മറച്ചു നിർത്തി അഞ്ജലി കഴുമരത്തിലേറ്റുന്നത്.
കിനാവ് കാണാവുന്നതിലും പതിന്മടങ്ങോളം പോന്ന പ്രലോഭനങ്ങൾ അടുക്കടുക്കെ തറച്ച് കടലിനെ മെരുക്കാമെന്നാണ് എല്ലാവരും എപ്പോഴും കണക്കുകൂട്ടുക. പക്ഷേ,അതിരുകളെല്ലാം വിഴുങ്ങിയെടുത്താണ് കടൽ കയറി വരിക പതിവ്! കരയിലേക്ക് എടുത്തെറിയപ്പെടുന്ന ആ ഒറ്റ നിമിഷത്തിലെ കടലിന് ഉള്ളിലൊരു ആധിയുള്ളൂ. പിന്നെ, കടലെന്നത് ശക്തിയാണ്,ധൈര്യമാണ്.
ഒരു കണ്ണാടി പൊടിതട്ടി, തെളിച്ചമേകി മനുഷ്യന് നേരേ തിരിച്ചുവെയ്ക്കുവാൻ സംവിധായകൻ ആനന്ദ് ഏകർഷിയ്ക്ക് സാധിച്ചിട്ടുണ്ട്.
ഈ അരങ്ങിൽ നിങ്ങളും ഒരു കാണിയാണ്,കുറ്റവാളിയാണ്; ഈ ആട്ടത്തിൽ നിങ്ങളും അതിജീവിച്ചയൊരു ഇരയാണ്, ആരാച്ചാരാണ്!
ദിവ്യ ഡാളസ്
.