PRAVASI

ദുഃഖം പാടുമ്പോഴും പ്രണയ ഭാവം

Blog Image

ദുഃഖം പാടുമ്പോഴും പ്രണയ ഭാവമാണ് ഇയീ സുന്ദര മനസിന്‌. അങ്ങനെ ആണ് എനിക്ക് തോന്നിട്ടുള്ളത്.
ഒരിക്കൽ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളൂ. പക്ഷേ, എത്രയോ തവണ സംസാരിച്ചിരിക്കുന്നു. യു.കെയിൽ സ്റ്റേജ് പ്രോഗ്രാം കോ-ഓർഡിനേറ്റ്  ചെയ്യുന്നത്തിന്റെ ഭാഗമായാണ് ഞങ്ങൾ  ആദ്യമായി സംസാരിക്കുന്നതെങ്കിലും ആ പരിചയപ്പെടൽ  ക്രമേണ വളർന്നു. ഒരു യഥാർത്ഥ സുഹൃത്തിനെ നേരിട്ട് കാണേണ്ടതില്ല; അവരുടെ സാന്നിധ്യം എപ്പോഴും ആഴത്തിൽ അനുഭവപ്പെടും. ആ ഭാവാർത്ഥത്തിലുള്ള  ഒരു സംഗീത സുഹൃത്തിനെ ഇന്ന് എന്നിക്ക്  നഷ്ടമായിരിക്കുന്നു.  പ്രണയ സംഗീതത്തിന്റെ അടിമയായ എന്നിലെ ഒരു ഉജ്വല സ്രോതസ് ഉറഞ്ഞു നിൽക്കുന്നു.  സ്റ്റേജ്ഷോയ്ക്ക് വരാമോ എന്ന് ചോദിച്ചാൽ, വേഗം ഏർപ്പാടുകൾ ചെയ്യൂ.  പൈസയൊക്കെ പിന്നെ, ആദ്യം പാടട്ടെ, എനിക്ക് പാടണം എന്നുപറഞ്ഞ കേട്ടിരിക്കുന്ന എന്റെ അനുഭവത്തിലെ ഏക കലാകാരൻ. മാത്രമല്ല ഇങ്ങോട്ട് വിളിച്ചിട്ടു താൻ കേട്ട മറ്റു പാട്ടുകളെക്കുറിച്ച് വാതോരാതെ പറയുകയും മറ്റു ഗായകരുടെ പെരുമ പറയുകയും അവരൊക്കെ വിളിച്ച് സ്റ്റേജ് ഷോ ചെയ്യണമെന്ന് ആവശ്യപ്പെട്ട സംഗീതത്തിന്റെ ആരാധകൻ; മനുഷ്യ സ്‌നേഹി. ഒരു അഭിമുഖത്തിൽ, സൗന്ദര്യമുള്ള സ്ത്രീകളെല്ലാം എന്റെ പ്രണയിനികളാണെന്നു പറയുന്നത്, പിന്നീട് ഒരിക്കൽ ഫോൺ സൗഹൃദ  സംഭാഷണത്തിൽ സംസാരവിഷയമായി, സംഗീതവും പ്രണയവും തമ്മിലുള്ള ബന്ധം  അതിൻ്റെ തീവ്രതയിൽ അലിഞ്ഞ് ഇല്ലാതാകുന്നതുമാണ്  സ്നേഹത്തിന്റെയും  ഭക്തിയുടെയുമൊക്കെ ഭാവമെന്നും അത് അനുഭവിക്കുക എന്നതു കലാകാരനെക്കാൾ, കല അവതരി പ്പിക്കുന്നതിനേക്കാൾ ഒരു അസാധ്യ ആസ്വാദകനേ കൂടുതൽ സാധിക്കൂ എന്ന്  ആവേശത്തോടെ പറഞ്ഞതും ഓർക്കുന്നു. 


താളബോധം കൈമോശം വരുന്നതിനു മുൻപ് മരിക്കണം എന്നും പറഞ്ഞിട്ടുണ്ട് ഒരിക്കൽ. 
മറ്റു ഗായകരുടെ പാട്ടുകൾ ഇത്രയേറെ  മന:പാഠമാക്കിയ വേറൊരു ഗായകൻ ഇല്ലെന്ന് ഒരു ചായസൽക്കാര വേളയിൽ ഉടയാഭാനു മാഷ് പറഞ്ഞത് ഓർക്കുന്നു. എല്ലാ ഭാഷകളിലെയും  ഗായകരെക്കുറിച്ചുള്ള ഡിക്ഷണറി ആണ് ജയചന്ദ്രൻ എന്ന് യു.കെയിലെ ഒരു  സ്റ്റേജ്  ഷോയ്ക്കിടയിൽ ബാക്സ്റ്റേജ് സംസാരത്തിൽ വാണിയമ്മ പറഞ്ഞത് ഓർമിക്കുന്നു. ശുദ്ധിയുള്ള മനസുള്ള ഞാനസ്ഥൻ എന്ന് ഒരവസരത്തിൽ ജയവിജയ മാഷ് പറഞ്ഞതും ഓർമിക്കുന്നു.
ഒരു സംഗീത ഗവേഷകനെ,  ആസ്വാദകനെ,   താളത്തിന്റെ ഗതിയെ അന്വേഷിച്ചുകൊണ്ടിരുന്ന ഒരു താള വാദ്യകാരനെ,  സുന്ദരമായി പ്രണയിക്കാൻ ഊർജ മുള്ള ഒരു ഗന്ധർവ കാമുകനെ, ഭാവഗായകനെ, ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന രസാസ്വാദകനെ, സംഗീത സാധകനെ, എനിക്ക് അടുത്തറിയാൻ ഭാഗ്യം ലഭിച്ച എന്റെ സുഹൃത്തിനെ നഷ്ടപ്പെട്ടിക്കുന്നു... എങ്കിലും 
അദ്ദേഹം പാടിക്കൊണ്ടേ ഇരിക്കും, പ്രണയിച്ചു കൊണ്ടേയിരിക്കും - ഒപ്പം സംഗീതമുള്ള  പ്രണയമുള്ള  മനസുകളും...

മീര കമല 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.