തുഞ്ചന്റെ മണ്ണിനെയെന്നുമോർക്കുന്നൊരു
നിളയുടെ
കളകള നാദത്തിലലിയുന്ന
മധുരംതുടിക്കുന്ന മധുരമീമലയാളം.
തിരുമുറിയാതെ തിമിർത്താടിപെയ്യുന്ന
മഴപോലെ കുളിർകോരിമനസ്സിൽ നിറയുന്ന
മധുരം തുളുമ്പുമീ മധുരമീ മലയാളം.
ചിരിയുടെ തിരകളുയർത്തുവാൻ കുഞ്ചനും
തുഞ്ചന്റെ രാമായണക്കിളി ശീലുകൾ പാടുന്ന
മധുരം പകരുമീ മധുരമീ മലയാളം.
ചെറുശ്ശേരി കാർവർണ്ണ ഗാഥകൾ
പാടിപുകഴ്ത്തിയ കാതുകളിലിമ്പം
പകർന്നൊരു മധുരമീ ഭാഷയീ മധുരമീ മലയാളം.
ഒരു വീണ പൂവിന്റെ ഗദ്ഗദം
ഇന്നുമീ നെഞ്ചിൽ വേദനപടർത്തുവാൻ
കാതിലേക്കെത്തിച്ച മധുരംതുളുമ്പുന്ന
മധുരമീ മലയാളം.
മറ്റുള്ള ഭാഷകൾക്കില്ലാത്ത പേരുംപെരുമയും
നമ്മുടെ ഭാഷയ്ക്കാവോളമുണ്ടെന്നു
അഭിമാനമോടെ പറയുവാൻ
മധുരം പകരുന്ന മധുരമീ...മലയാളം..
സജിത ചന്ദ്രിക