ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെ കുരുന്നുകൾ മാതൃ നാടിനായി കൈകോർത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്തു. സഹജീവി സ്നേഹവും മാതൃ ദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ " വയനാടിനൊരു ഡോളർ" എന്ന പദ്ധതി ആവിഷ്കരിച്ചത്
കാൽഗറി : ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെ കുരുന്നുകൾ മാതൃ നാടിനായി കൈകോർത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്തു. സഹജീവി സ്നേഹവും മാതൃ ദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ " വയനാടിനൊരു ഡോളർ" എന്ന പദ്ധതി ആവിഷ്കരിച്ചത്. 25 ദിവസം കൊണ്ട് നടന്ന ക്യാമ്പയിനിൽ മലയാളം മിഷനിലെ എല്ലാ കുട്ടികളും പങ്കാളികളായി.ഒപ്പം മലയാളം മിഷൻ ചാപ്റ്ററുകളിലെ മാതൃഭാഷാ സ്നേഹികളായ ഭാരവാഹികളും അധ്യാപകരും, അഭ്യുദയകാംക്ഷികളും കൂടി കൈകോർത്തപ്പോൾ വയനാടിനായി അരക്കോടി രൂപ(52,50677/₹) അവർ കണ്ടെത്തി. ഓരോ ചാപ്റ്ററുകളിൽ നിന്നും കണ്ടെത്തുന്ന തുകകൾ അത് ചാപ്റ്ററുകൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് അയയ്ക്കുന്ന രീതിയിലാണ് മലയാളം മിഷൻ പദ്ധതി ആവിഷ്കരിച്ചിരിരുന്നത്. ഇങ്ങനെ എല്ലാ ചാപ്റ്ററുകളിൽ നിന്നും അയക്കുന്ന തുകകൾ ക്രോഡീകരിച്ച രേഖ മലയാളം മിഷൻ ഡയറക്ടർ ശ്രീ. മുരുകൻ കട്ടാക്കടയും ചാപ്റ്റർ പ്രതിനിധികളും ജീവനക്കാരും ചേർന്ന് ആഗസ്ത് 29ന് മുഖ്യമന്ത്രിക്ക് കൈമാറി . മലയാളം മിഷന്റെ 105 ചാപ്റ്ററിൽ നിന്നുള്ള അൻപതിനായിരം വിദ്യാർഥികളാണ് ക്യാമ്പയിനിന്റെ ഭാഗമായത്. ഈ സംരംഭത്തിൽ അമേരിക്കയിലേയും , ക്യാനഡയിലേയും ചാപ്റ്ററുകൾ ആത്മാർത്ഥമായി പങ്കുകൊണ്ടു .
2023ലെ മികച്ച ചാപ്റ്ററിന് മലയാളം മിഷൻ ഏർപ്പെടുത്തിയ കണിക്കൊന്ന പുരസ്കാരം ലഭിച്ച ദുബായ് ചാപ്റ്റർ പുരസ്കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായി സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് സമർപ്പിച്ചു കൊണ്ടാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്.
വാർത്ത: ജോസഫ് ജോൺ കാൽഗറി