കുന്തിപ്പുഴയുടെ തെളിനീരിലിപ്പോഴും മഴക്കാടിനുള്ളിലെ വന്യമാം ധ്വനിയുണ്ട്. കവയിത്രിയമ്മയുടെ സമരശബ്ദത്തിലായ് പ്രകൃതി ഹരിതാഭമേലങ്കിയണിയുന്നു. സജിത ചന്ദ്രിക
കുന്തിപ്പുഴയുടെ തെളിനീരിലിപ്പോഴും
മഴക്കാടിനുള്ളിലെ വന്യമാം ധ്വനിയുണ്ട്.
കവയിത്രിയമ്മയുടെ സമരശബ്ദത്തിലായ്
പ്രകൃതി ഹരിതാഭമേലങ്കിയണിയുന്നു.
ചുറ്റിലും വന്യതയുടെ തുടിതാളമുണ്ട്
മുളങ്കാടുപാടുന്ന സംഗീതമുണ്ട്.
മനുഷ്യകരസ്പര്ശമേൽക്കാത്തിടങ്ങളായ്
ചീവീട് മൂളാത്ത നിശബ്ദമാം താഴ്വര
പാഞ്ചാലിനാമത്തിൽ സൈരന്ദ്രി വനമായി
പഞ്ചപാണ്ഡവർ കഥയായി ഉണരുന്നു.
പശ്ചിമഘട്ടത്തിൻ മടിയിൽ തലചായ്ച്ചു
നിത്യഹരിതയായ് സൈലന്റ് വാലിയായ്.
മഴുവിന്റെ മൂർച്ചയിൽ മൃത്യുവരിയ്ക്കാതെ
ജീവജാലങ്ങൾക്കിന്നാവാസമാവുന്നു..
കുന്തിപ്പുഴയുടെ ഓളങ്ങളിന്നും
പ്രിയകവയിത്രിയുടെയോർമയിൽ തേങ്ങുന്നു
കന്യകാവനമിന്നും ചിരിക്കുന്നു
പ്രകൃതിയെ സ്നേഹിക്കും മനുജന്നു മാത്രമായ് !