കൊച്ചി: സംസ്ഥാന തദ്ദേശ ഭരണ വകുപ്പിൻ്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ സന്നദ്ധത അറിയിച്ച് ഗായകൻ എം ജി ശ്രീകുമാർ. ഏപ്രിൽ ഒമ്പതിന് ആരംഭിച്ച് 13ന് അവസാനിക്കുന്ന വൃത്തി 2025 ദേശിയ കോൺക്ലേവിൽ പങ്കെടുക്കാൻ എം ജി ശ്രീകുമാറിനെയും ക്ഷണിച്ചെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഏപ്രിൽ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും.
അതേ സമയം, കുറച്ച് ദിവസങ്ങൾക്ക് മുൻപ് എം ജി ശ്രീകുമാറിൻ്റെ വീട്ടില്‍ നിന്ന് കായലിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞ ദൃശ്യങ്ങൾ പുറത്ത് വന്നത് വലിയ ചർച്ചയായിരുന്നു. അണ്ണാന് കടിച്ച മാങ്ങ നിലത്ത് ചിതറിക്കിടന്നപ്പോള്‍ തന്റെ ജോലിക്കാരി പേപ്പറില്‍ പൊതിഞ്ഞ് കായലിലേയ്ക്ക് വലിച്ചെറിഞ്ഞതാണെന്നായിരുന്നു എം ജി ശ്രീകുമാറിൻ്റെ വിശദീകരണം. മാലിന്യം വലിച്ചെറിഞ്ഞത് തെറ്റാണ്. വീട് തന്റേതായതുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പിന്നീട് എം ജി ശ്രീകുമാര്‍ പറഞ്ഞു.
എന്നാൽ എം ജി ശ്രീകുമാറുമായി വിഷയത്തെ പറ്റി താൻ സംസാരിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ മാതൃകയെന്ന നിലയിൽ മാലിന്യമുക്ത നവകേരളവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചിരുന്നുവെന്നും എം ബി രാജേഷ് വ്യക്തമാക്കി.
മുളവുകാട് പഞ്ചായത്തില്‍ ബോള്‍ഗാട്ടിക്ക് സമീപം ഗായകന്റെ കായലോരത്തെ വീട്ടില്‍ നിന്നായിരുന്നു മാലിന്യം കായലിലേയ്ക്ക് വലിച്ചെറിഞ്ഞത്. കാലയിലൂടെ യാത്ര ചെയ്ത വിനോദസഞ്ചാരി വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. മന്ത്രി എം ബി രാജേഷിനേയും ടാഗ് ചെയ്തിരുന്നു. വീഡിയോയില്‍ ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം മുളവുകാട് പഞ്ചായത്ത് അധികൃതര്‍ നടക്കിയ പരിശോധനയില്‍ സംഭവം നടന്നതാണെന്ന് വ്യക്തമായി. തുടര്‍ന്ന് വീട്ടുടമയായ എം ജി ശ്രീകുമാറിന് പിഴ ചുമത്തി നോട്ടീസ് നല്കി. എം ജി ശ്രീകുമാറിന് വേണ്ടി ജോലിക്കാരനെത്തി പിഴത്തുകയായ 25,000 രൂപ അടയ്ക്കുകയായിരുന്നു.