ആനി മോനെ സ്നേഹിക്കുന്നതുപോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ എന്നു കേൾക്കുമ്പോൾ ഇപ്പോഴും കണ്ണുകളിൽ പെരുമഴ നിറയുന്ന ഇഷ്ടമാണ് മോഹൻലാൽ. മറ്റാരും കണ്ടെത്തിയിട്ടില്ലാത്ത കണ്ണീരിന്റെ ഉറവകളെ വലിച്ചുവാരി പുറത്തേക്കിടുന്ന ഹൃദ്യത. നിങ്ങൾ നനയിച്ച മഴകൾക്ക് വയസാവുന്നില്ല, നിങ്ങൾ ചിരിപ്പിച്ച ചിരികൾക്കും
ചിരിക്കാൻ മാത്രമല്ല വല്ലപ്പോഴും കരയാനും പഴയ സിനിമാ സീനുകൾ ഇരുന്നു കാണുന്ന ഒരുപ്രത്യേകതരം പ്രേക്ഷകനാണ് ഞാൻ. പണ്ട് കല്ലിനു കാറ്റുപിടിച്ച പോലെ കടിച്ചുപിടിച്ചിരുന്ന ഞാൻ വൈകിയാണ് എന്നെ അയച്ചുവിടാൻ തുടങ്ങിയത്, നിരുപാധികമായ കരച്ചിലിനു വിട്ടുകൊടുക്കാൻ തുടങ്ങിയത്. സ്‌ക്രീനിൽ ഇമോഷണൽ സീൻ വരുമ്പോൾ ഇപ്പോൾ പിള്ളേര് ഒളിഞ്ഞുനോക്കും, ഘടാഘടിയനായ രംഗണ്ണൻ ഇരുന്നു മോങ്ങുന്നതിലെ കോമഡി ആസ്വദിക്കാനാണ്.
നമ്മളെ ഒരുപാട് കരയിപ്പിച്ച കഥാപാത്രങ്ങളുടെ ഉടയതമ്പുരാന്മാർ വേറെയുമുണ്ട്, എന്നാൽ മോഹൻലാലിനോളം ചിരിപ്പിച്ചിട്ട് കരയിപ്പിച്ചവർ വേറെയില്ല. അതിന്റെ ആഴം അഗാധമായിരിക്കും. അതിന്റെ ഉറവ നമുക്കുപോലും അജ്ഞാതമായ ഏതോ ഒരു അടരിൽ നിന്നായിരിക്കും. നമ്മൾ നനഞ്ഞൊലിക്കും.
കിരീടവും ചെങ്കോലും ഭരതവും കമലദളവും ചിത്രവും കിലുക്കവും സദയവും താളവട്ടവും വരവേല്പും സന്മനസ്സുള്ളവർക്ക് സമാധാനവും ദശരഥവും തുടങ്ങി നിറഞ്ഞുതുളുമ്പിയ എത്രയോ നിമിഷങ്ങൾ. നിസഹായതയുടെ മുനമ്പിൽ നിന്നുകൊണ്ട് നമ്മളെ നനയിച്ചു കളഞ്ഞ എത്രയോ പേമാരികൾ.
ആനി മോനെ സ്നേഹിക്കുന്നതുപോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ എന്നു കേൾക്കുമ്പോൾ ഇപ്പോഴും കണ്ണുകളിൽ പെരുമഴ നിറയുന്ന ഇഷ്ടമാണ് മോഹൻലാൽ. മറ്റാരും കണ്ടെത്തിയിട്ടില്ലാത്ത കണ്ണീരിന്റെ ഉറവകളെ വലിച്ചുവാരി പുറത്തേക്കിടുന്ന ഹൃദ്യത.
നിങ്ങൾ നനയിച്ച മഴകൾക്ക് വയസാവുന്നില്ല, നിങ്ങൾ ചിരിപ്പിച്ച ചിരികൾക്കും
ഷിബു ഗോപാലകൃഷ്ണൻ