"യൂ ആർ ഓൺ ദ വെ യു കാൻ സ്റ്റെ ഓൺ നാഷണൽ ഹൈവെ 66 ഫോർ ടെൻ കിലോമീറ്റേഴ്സ് .... " ഗൂഗ്ൾ വീണ്ടും പറഞ്ഞു കൊണ്ടിരുന്നു പ്രിയ മെല്ലെ മകളുടെ ചുമലിലേക്ക് ചായുമ്പോൾ മാടായി മുഴുവൻ അന്നത്തെപ്പോലെ ചെന്നിറമായി മാറിയിരുന്നു
മാടായി ബസ്സു കാത്തിരിപ്പുകേന്ദ്രത്തിൽ വച്ചാണ് ഞങ്ങൾ പരിചയക്കാരാവുന്നത്
"അന്റെ പേരെന്താ? "
"പ്രിയദർശിനി "
"ഇങ്ങളെ ? "
"ശങ്കരൻ "
"ഒരേ ബസ്സിൽ ഞങ്ങൾ അടുത്തടുത്താണ് അന്ന് .
"ഹൈസ്കൂൾ പ്പടി എത്തി എറങ്ങല്ലേ ? "
അവൻ ചോദിച്ചു
"ഉം ... "
രണ്ടായി പിന്നിയിട്ട നീണ്ട തലമുടിയിൽ തിരുപ്പിടിച്ചു കൊണ്ട് അവൾ തലയാട്ടി
"ഇയ് ഏത് ഡിവിഷനിലാ
പെണ്ണെ? "
നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു
" എട്ട് . എ യിൽ
ഇങ്ങ ? "
അവൾ തിരിച്ചു ചോദിച്ചു
"ഞാൻ എട്ട് സി "
തെല്ലു നിരാശ കലർന്ന സ്വരത്തിൽ ആ ആൺകുട്ടി പറഞ്ഞു
"പോട്ടേ ? "
എട്ട് എ എന്നെഴുതിയ ക്ലാസിനു മുന്നിൽ എത്തിയപ്പോൾ പ്രിയദർശിനി എന്ന ആ പെൺകുട്ടി ചോദിച്ചു
"നിന്നേ ....
വൈന്നേരം
4.15 ന്റെ ബാബു ബസ്സില് കയറോ ഇയ്യ് ? "
അവൻ
"നോക്കട്ടെ
ചെലപ്പൊ ന്റെ അപ്പൻ വിളിക്കാം വരും "
അവൾ
"ഉം... "
ഇത്തവണ തലയാട്ടിയത് ശങ്കരനാണ് അവൻ
വീണ്ടും നിരാശനായി
എട്ട് സി യിലേക്ക് നടന്നു
എ.ബി.ക്ലാസുകൾ പുതിയ ബ്ലോക്കിലും
സിമുതൽ ഗ്രൗണ്ടിനരികിലെ പഴയ ബ്ലോക്കിലുമാണ്
"അന്ന് നിന്റെ ചാച്ച എന്നെ വിളിക്കാൻ വന്നു "
"അത് അച്ഛനോട് പറഞ്ഞോ അമ്മ "?
"ഇല്ല
അച്ഛൻ ബസ്റ്റോപ്പിൽ നാലുപാടും നോക്കി നിക്കണ കണ്ടു
ചാച്ചയുടെവണ്ടിയിൽ ഇരുന്നുകൊണ്ടാണ്
കണ്ടത് "
"ന്നിട്ട് ...
ബാക്കി
പറയൂ അമ്മേ .... "
നീല അക്ഷമയോടെ പ്രിയദർശിനിയെ തോണ്ടി
"ഞങ്ങള് മാർക്കിസ്റ്റ് കുടുംമ്മാ "
ശങ്കരൻ പറഞ്ഞു.
"ഞങ്ങള് കോൺഗ്രസ്സാരാ "
പ്രിയദർശിനി പറഞ്ഞു
ഉം ....
അവർ തമ്മിൽത്തമ്മിൽ നോക്കി വെറുതെ ചിരിച്ചു
ഒരു വട്ടമല്ല
രണ്ടല്ല
മൂന്നു വട്ടം
"ങ്ങളെ വീട്ടിൽ ആരൊക്കെണ്ട്? "
"അപ്പനും അമ്മേം ന്റെ പെങ്ങളുട്ടീം "
"ഓല് വല് തോ ചെറ് തോ "
"വല്ത് "
"പഠിക്കാ ?"
"ഏയ്
ജാത നയിക്കലാ പ്രധാന പണി. പിന്നെ സാക്ഷരതാ ക്ലാസും "
"ഓലെ പേര് ?
"ഗൗരി "
"അന്റെ കുടുമ്മം എങ്ങനെ ? "
"ന്റെ അച്ഛൻ
അമ്മ
ചേട്ടൻ " ചേട്ടൻ
കൽക്കത്തേല് പഠിക്കാണ്
ഓന്റെ പേര്
ജവഹർ "
പ്രിയദർശിനി ഒറ്റ ശ്വാസത്തിൽ പറഞ്ഞു
വീണ്ടും പെട്ടെന്ന് തിരിഞ്ഞു നിന്ന് ചോദിച്ചു
"ങ്ങളെ ഗൗരി പെങ്ങളുട്ടി
സാക്ഷരത ക്ലാസ് എടുത്തു കൊടുക്കണ ആ ഗൗരി ആണോ
ന്നാള് പത്രത്തിൽ വന്നത് "?
"അ അതു തന്നെ.
യ്യ് കണ്ടി നോ പത്രം "
അന്ന് പത്രത്തിൽ ഒന്നാം പേജിൽ വന്ന വാർത്ത അച്ഛൻ അമ്മയെ വായിച്ചു കേൾപ്പിച്ചത് പ്രിയ ഓർത്തു
രാത്രി സാക്ഷരതാ ക്ലാസ് നയിക്കാൻ പുതിയ ഗൗരിയമ്മയായി
ഗൗരി
"ഈ പെണ്ണുങ്ങൾക്ക് വേറെ പണിയില്ലെ ?
എങ്ങനെ ശര്യാവും
മാർക്കിസ്റ്റാരല്ലെ
പുതിയ ഗൗരിയമ്മ പോലും
ഫൂ .... "
"നോക്കട്ടെ അച്ഛാ "
പ്രിയ അച്ഛനടുത്തെത്തി
ചോന്ന മാലയും കവുത്തിലിട്ട് ....
ഉം....
നല്ല ഭംഗിണ്ട് ഈ ചേച്ചി നെ
താൻ പറഞ്ഞത് പ്രിയ ഓർത്തു
അതു ശരി
ആ പാരമ്പര്യത്തിന്റെ കണ്ണിയാണ് ഈ ശങ്കരൻ
അവൾ വീണ്ടും ചിരിച്ചു
"ന്താ യ്യ് വെറ്ക്ക നെ ചിറ്ക്കണ് ?"
ശങ്കരൻ ചോദിച്ചു
"ഓ . ഒന്നുല്യ
നമ്മളെ രണ്ടു കുടുമ്മവും തമ്മിൽ ഒരിക്കലും ചേരില്ലല്ലെ ശങ്കരാ...
അതോർത്ത് ചിരിച്ചതാ "
അവൾ ചിരിച്ചു കൊണ്ട് ശങ്കരനെ നോക്കി
"അതോർത്ത് ഞ്ഞി ചിരിക്കണോ
അന്ക്ക് ഒരു സങ്കടോം ല്ലെ "
അവൻ തെല്ലു ദേഷ്യത്തിൽ അവളോട്
"ന്തിന്...?"
"അപ്പൊ അനക്ക് ന്നെ ഇഷ്ടല്ലാ "
അവൻ ആധിയോടെ അവളെ നോക്കി ചോദിച്ചു
"ആ.... "
അവൾ ചിരിക്കിടയിൽ മറുപടി പറഞ്ഞു
"മാടായിപ്പൂരത്തിന് ങ്ങള് വരാറുണ്ടോ "?
എന്തോ ഓർത്ത് പ്രിയ ശങ്കരനോട് ചോദിച്ചു
മാടായിക്കാവിലെ പൂരത്തിന് വരാത്തവരായി അന്നാട്ടിൽ ആരും അന്ന് ഉണ്ടായിരുന്നില്ല
"പിന്നല്ലാണ്ടെ
ഞങ്ങളെല്ലാം ബരും
പക്ഷേ ...
കാലായിട്ട് നമ്മള് ഇപ്പഴാ ല്ലെ കണ്ടത് "
"ഇദ് വരെ നമ്മ കുട്ട്യോളായിരുന്നില്ലെ "?
"കുട്ട്യോളായിരുന്നു
ഇപ്പഴോ "?
അവർ വീണ്ടും
ചിരിച്ചു
ഒന്നല്ല
രണ്ടല്ല
മൂന്നു വട്ടം
ശങ്കരൻ പ്രിയദർശിനിയുടെ മുഖത്തേക്ക് ഒളികണ്ണിട്ട നോക്കി
സായാഹ്ന സൂര്യന്റെ ചെങ്കിരണങ്ങൾ അവളുടെ ചുരുണ്ട മുടി ചുവപ്പിച്ചിരിക്കുന്നു
കവിളുകളും ചുവന്നിട്ടുണ്ട്
നോക്കിക്കൊണ്ടിരിക്കെ അവൾ കൂടുതൽ ചുവക്കുന്നതായി ശങ്കരന് തോന്നി
"നേരം വൈകി
ഞാൻ പോട്ടെ "
അവൾ പെട്ടെന്ന് എണീറ്റ് ഓടിപ്പോയി
ഓട്ടത്തിൽ തിരിഞ്ഞു നോക്കുമെന്ന് ശങ്കരൻ വെറുതെ മോഹിച്ചു
മാടായിപ്പാറ ചുവന്നുതുടുക്കുന്നതും പിന്നെ ഇരുട്ടിലാഴുന്നതും അങ്ങിങ്ങ് വീടുകളിൽ വെട്ടം തെളിയുന്നതും നോക്കി അയാൾ നടന്നു തുടങ്ങി
അയാൾക്കു പിറകിൽ മാടായിപ്പാറ ഇരുട്ടിലമർന്നു
ഇരുട്ടിൽ രണ്ടു കണ്ണുകൾ തിളങ്ങുന്നത് അയാൾ കണ്ടില്ല
"കോൺഗ്രസ്സാര്‌ടെ പെണ്ണിനെ ഈ തറവാട്ട് ക്ക് കേറ്റൂല
തിട്ടം
എന്ത് മാത്രം ഉശ്‌ര് ണ്ട് അനക്ക് ഇപ്പണിക്ക് ശങ്കരാ
മാർക്കിസ്റ്റ് തറവാടല്ലേ മ്മളത് "
ശങ്കരന്റെ അമ്മ ഉറഞ്ഞുതുള്ളി
"ഈ ഇ എം എസ് ഭവനത്തിലേക്ക്
പ്രിയദർശിനി എന്ന പേരിൽ ഒരു പെണ്ണ്
ഏഹെ "
ശങ്കരന്റെ അപ്പൻ
തീർപ്പാക്കി
"പറ്റുകില്ല ശങ്കരാ "
ഗൗരിയമ്മയും ....
കോൺഗ്രസ്സ് തറവാട്ടിലെ കാഴ്ചയും മറിച്ചല്ല
"ഇ.എം.എസ് ഭവൻ
അവിടേക്ക് എന്റെ പ്രിയദർശിനി
പറ്റില്ല മകളെ "
പ്രിയയുടെ അച്ഛൻ
"ഈ ഇന്ദിരാ മന്ദിരത്തിൽ നിന്ന് ഇ എം എസ്സ് ഭവനിലേക്ക് ...
നെവർ "
ചേട്ടൻ ജവഹർ
.
"എന്നിട്ട്?
ഏൻ ഇന്ററസ്റ്റിംഗ് ലൗ സ്റ്റോറി
അമ്മാ... "
നീല എന്ന
നീലിമ അക്ഷമയോടെ പ്രിയദർശിനിയെ കയ്യിൽ പിടിച്ചു കുലുക്കി
"ലൗ സ്റ്റോറി എന്നൊന്നും പറഞ്ഞൂടാ. ഒരു വൺ വെ ലൈൻ
നിന്റെ അച്ഛന് എന്നോട് ഇഷ്ടമായിരുന്നു
എനിക്ക് അങ്ങനെ പ്രത്യേക ഇഷ്ടം ശങ്കരനോട് ഉണ്ടായിരുന്നോ എന്ന് എനിക്കു തന്നെ സംശയമാണ് "
പ്രിയ മകളോട് പറഞ്ഞു
"അല്ലെങ്കിലും എന്റെ പ്രിയദർശിനി ഇത്തിരി ബോർഡാ
ആർക്കും പിടി കൊടുക്കാത്ത മനസ്സിനുടമ"
" പക്ഷേ ...
ഇഷ്ടക്കേടും ഇല്ലായിരുന്നു
ഒടുവിൽ
രാഷ്ട്രീയം തോറ്റു
ശങ്കരൻ ജയിച്ചു എന്നു പറയാം "
അവർ മകളെ നോക്കി കണ്ണിറുക്കിക്കൊണ്ട് തുടർന്നു
"അങ്ങനെ മാടായിക്കാർക്കിടയിൽ ചർച്ചാ വിഷയമായ വിപ്ലവ വിവാഹമായി മാറി ഞങ്ങളുടേത്
തന്റെ മകളെ ചുവന്ന മാലയിട്ട് സ്വീകരിക്കുകയോ
മാർക്കിസത്തിലേക്ക് ക്ഷണിക്കുകയോ പാടില്ല
അതായിരുന്നു
നിന്റെ ചാച്ചയുടെ ആവശ്യം
"അത്രേള്ളൂ ?
എന്ന് ശങ്കരൻ
മൂളി
"പക്ഷേ ...
ആ മൂളിയ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ
വിവാഹം ചുവന്നമാലയിടലിൽ മാത്രം മതി എന്ന വരന്റെ പക്ഷം
അല്ല
സാമ്പ്രദായികമാവട്ടെ എന്ന വധു പക്ഷം
ന്നിട്ടെന്താ
ശങ്കരൻ ന്റെ കയ്യും പിടിച്ച് ഇ എം എസ് ഭവനിലേക്ക് ഒറ്റ നടത്തം
വീട്ടിൽ കയറി അവന്റെ കയ്യിലെ മോതിരം എന്റെ കയ്യിലിട്ടു.
എന്നാൽ
എന്റെ കയ്യിലെ മോതിരം പക്ഷേ അവന്റെ ഒറ്റ വിരലിലും പാകമായിരുന്നില്ല
ഹ... ഹ....
എനിക്കപ്പോഴും എല്ലാം ഒരു കുട്ടിക്കളിയായിട്ടാണ് അന്ന് തോന്നിയത് മോളേ
ശങ്കരനോട് എനിക്കുള്ള സ്നേഹം പോലും ....
അടിയുറച്ച മാർക്ക്സിസം മുറുക്കിപ്പിടിക്കുന്ന കുടുംബം
വാക്കിലും പ്രവർത്തിയിലും തീരുമാനങ്ങളിലും ഒന്നും പക്ഷേ അവരാരും എന്നെ തടഞ്ഞിരുന്നില്ല
അച്ഛനും അമ്മയും ഗൗരി ചേച്ചിയും പതിയെപ്പതിയെ ശങ്കരനോടൊപ്പം എന്റെ മനസ്സിൽ കയറിക്കൂടി
കട്ടൻ ചായയിൽ തുടങ്ങുന്ന അവരുടെ ദിവസങ്ങൾ
പാൽച്ചായ മാത്രം ഇഷ്ടപ്പെട്ട എനിക്കും കൂടി കാത്തു നിന്നു
ദേശാഭിമാനിക്കൊപ്പം മനോരമയും ആ പടിക്കലെത്തി
അതെ ആ വീട് എന്നെ സ്നേഹം കൊണ്ട് കീഴടക്കുകയായിരുന്നു
നീയുണ്ടായിക്കഴിഞ്ഞാണ്
ഇലക്ഷൻ ചൂടുപിടിച്ച ഒരു ദിവസം ശങ്കരന്റെ
അച്ഛന്റെ കൂടെ കടപ്പുറത്തേക്ക് ഞങ്ങൾ നിന്നെയും കൊണ്ട് പോയി
ഞാനും നീയും ശങ്കരനും കൂടി മണലിൽ ഇരിക്കുകയായിരുന്നു
പെട്ടെന്ന്
"കുട്ടിസഖാവെ നമസ്തെ
ഞങ്ങളുടെ തട്ടകത്തിലേക്ക് സ്വാഗതം "
എന്നു പറഞ്ഞ് ഒരു കൂട്ടം പ്രവർത്തകൾ നമ്മളെ പൊതിയുകയും പ്രവർത്തകരിലൊരാൾ വലിയ ഒരു ചുവന്ന മാല നമ്മുടെ മൂന്നാൾ ടേം കൂടി തലയിലൂടെ ഇടുകയും ചെയ്തു
നീയാകട്ടെ ഏറെ നേരം ആ മാല ഊരി മാറ്റാനും സമ്മതിച്ചില്ല
പിറ്റേന്നാണ്നിന്റെ ചാച്ചാ വന്ന് എന്നെയും നിന്നെയും കൽക്കത്തയിലേക്ക് കൊണ്ടു പോന്നത്
അവർ ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് നിർത്തി
"വൈ
അമ്മാ.... "
നീലക്ക് ക്ഷമ കെട്ട് അവൾ ചോദിച്ചു
"വൈ എന്നോ
നീ ചുവന്ന മാല ഊരാൻ സമ്മതിക്കാത്ത ആ ഫോട്ടോ പേപ്പറായ എല്ലാ പേപ്പറിലും
മാർക്ക് സിസ്റ്റിന്റെ പുതിയ കുഞ്ഞു സാരഥി
സഖാവ് ശങ്കരന്റെ മകൾ
നീലിമ
കോൺഗ്രസ് കുടുംബത്തിൽ നിന്ന് മാർക്സിസത്തിലേക്ക് ചേക്കേറിയ അമ്മ പ്രിയദർശിനിക്കൊപ്പം ....
എന്ന മട്ടിലായിരുന്നു
അടിയുറച്ച കോൺഗ്രസ് കാരനായ നിന്റെ ചാച്ചക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു ആ സംഭവം കുടുംബക്കാർക്കിടയിലും
പാർട്ടിക്കാർക്കിടയിലും
പല ചർച്ചകൾ നടന്നു
അനുകൂലിച്ചും പ്രതികൂലിച്ചും പലർ
ഒടുവിൽ നിന്റെ ചാച്ച
മനം മടുത്ത് ഞങ്ങളെയും കൊണ്ട്കൽക്കത്തയിലേക്ക് വണ്ടി കയറി
അന്ന് പോന്നതിനു ശേഷം
ഞാൻ കേരളം കണ്ടിട്ടില്ല ....
എന്റെ
ശങ്കരനേം ... "
നിറയുന്ന കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണൂനീർ പ്രിയദർശിനിയുടെ വാക്കുകൾ മുക്കിക്കളഞ്ഞു
എങ്കിലും
അക്ഷമയായ മകൾ ചോദ്യം തുടർന്നു
"അപ്പൊ
കത്ത് / ഫോൺ
ഒന്നും? "
കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം പരമാവധി ശബ്ദം താഴ്ത്തി അവർ തുടർന്നു
"എവിടന്ന്
ചാച്ചയും നമ്മളും പിന്നീട് ജവഹർ മാമന്റെ കൂടെത്തന്നെയായില്ലെ
പിന്നെ എന്റെ ജോലി
നിന്റെ പഠിപ്പ്
അങ്ങനെ ശങ്കരനെ ഞാൻ മന:പൂർവം മറക്കാൻ ശ്രമിക്കുകയായിരുന്നു "
പ്രിയദർശിനിയുടെ വാക്കുകളിൽ കുറ്റബോധം നിഴലിച്ചിരുന്നു
"അമ്മാ
ദേ
കണ്ണൂർ എത്തി
എയർ പോർട്ടിൽ നിന്ന് ഒന്ന് ഫ്രെഷ് ആ വേണ്ടെ ?
ടാക്സിയിൽ കയറി
ഗൂഗിൾ മാപ്പ് ഇടാം ല്ലെ ?
നീല ചോദിച്ചു
" മാപ്പ് ഇട് മോളേ
മാടായി ബസ്റ്റോപ്പ്
ഇ.എം എസ് ഭവൻ
പ്രിയ ഉത്സാഹത്തോടെ പറഞ്ഞു
"യൂ ആർ ഓൺ ദ ബെസ്റ്റ്റൂട്ട്
യൂസ്റ്റെ ഓൺ
നാഷണൽ ഹൈവേ സിക്സ്റ്റി സിക്സ് "
ഗൂഗിൾ നാദം തുടരുന്നു
എവിടെ മാടായി ബസ്റ്റോപ്പ്
ഇവിടെ ??
"ആറുവരി പാതക്കായി സ്ഥലമെടുപ്പിൽ പഴയ ബസ്റ്റോപ്പ് എടുത്തു പോയി
ചേച്ചീ "
ഡ്രൈവർ അവരോട്
പറഞ്ഞു
"അപ്പൊ
ഇവിടെ യുണ്ടായിരുന്ന
ഇ എം.എസ്
ഭവൻ എന്ന വീടോ "?
പ്രിയ ആധിയോടെ ചോദിച്ചു
"എനിക്കറിയൂല
എന്നോ തുടങ്ങിയതാണ് സ്ഥലമെടുപ്പ്
എത്ര വീട്ടുകാർ
എവിടെക്കൊക്കെ പോയി എന്ന് ആർക്കറിയാം "?
അയാൾ പറഞ്ഞു
"യൂ ആർ ഓൺ ദ വെ
യു കാൻ സ്റ്റെ ഓൺ നാഷണൽ ഹൈവെ 66 ഫോർ ടെൻ കിലോമീറ്റേഴ്സ് .... "
ഗൂഗ്ൾ വീണ്ടും പറഞ്ഞു കൊണ്ടിരുന്നു
പ്രിയ മെല്ലെ മകളുടെ ചുമലിലേക്ക് ചായുമ്പോൾ
മാടായി മുഴുവൻ അന്നത്തെപ്പോലെ ചെന്നിറമായി മാറിയിരുന്നു
ജിഷ യു.സി