PRAVASI

മറ്റൊരു ഓണക്കാല വീണ്ടു വിചാരങ്ങൾ

Blog Image
പൂത്തുലഞ്ഞു നിന്നിരുന്ന പുളിയൻ മാവും പേരക്ക മാവും ഇതിനകം തയ്യാറായി നിൽക്കുന്നു, മാമ്പഴക്കാലമെല്ലാം കഴിഞ്ഞു ദൃഢമായ ശിഖരങ്ങൾ താഴ്ത്തി ഊഞ്ഞാലുകെട്ടാൻ സമ്മതം നൽകുന്നത് പോലെ .ശിഖരങ്ങളുടെ ദൃഢതയെ ഒരു പക്ഷെ പ്രസവാശുശ്രുഷകളും സുഖചികിത്സകളും കഴിഞ്ഞു ഭതൃവീട്ടിലേക്കു 90 ദിവസം കഴിഞ്ഞു തിരിച്ചുവരുന്ന ഒരു ചെറുപ്പകാരിയോട് ഉപമിച്ചാലോ എന്ന് മനസ്സിൽ തോന്നി .

അറിയാതെ ഇന്നലെ ഐഫോണിൽ വിരലുകൾ ഓടിച്ചപ്പോൾ കണ്ട ഒരു ചരമ കുറിപ്പാണു എന്നെ ഈ ലേഖനത്തിലേക്ക് നയിച്ചത് .
ജീവിതത്തിലേറെ ഭാഗവും കഴിഞ്ഞത് ഷിക്കാഗോയിൽ . ഇന്നലെ നേരം പുലർന്നപ്പോൾ മറ്റൊരു ഓണാഘോഷത്തിന് കാത്തുനിൽക്കാതെ ഓണങ്ങളുടെ പ്രവാസി ലോകത്തെ അമരക്കാരിലൊരാൾ അന്തരിച്ചു .പ്രായം കൊണ്ട് സമകാലികനും , എന്നാൽ വ്യത്യസ്‌ത മേഖലകളിൽ പ്രവർത്തിച്ചു , അകലങ്ങളിൽ നിന്ന് പരസ്പരം അഭിവാദ്യം ചെയ്ത പരിചയം മാത്രം .ആ വലിയ മനുഷ്യന്റെ ഓർമകളുടെ മുൻപിൽ പ്രണാമം അർപ്പിക്കട്ടെ .

മിനിഞ്ഞാന്ന് കൊച്ചുമോൻ വിളിച്ചിരുന്നു അദ്ദേഹം കുടുംബത്തിനും കൂട്ടുകാർക്കും വേണ്ടി നടത്തുന്ന ഓണാഘോഷത്തിൽ പങ്കെടുക്കാൻ . ഇത്തവണ ഡാളസിലെ അസോസിയേഷൻ ഓണാഘോഷത്തിൽ പങ്കെടുക്കാനും ആഗ്രഹമുണ്ട് .

ലേഖകൻ ജനിച്ചതും വളർന്നതും കുട്ടനാട്ടിലെ പൊങ്ങ എന്ന ഗ്രാമത്തിൽ . ഒന്നും മനസ്സിലാകാതിരുന്ന പ്രായത്തിലും എല്ലാമറിയാമായെന്നു അഹങ്കരിച്ചിരുന്ന പ്രായത്തിലും ഓണം ആഘോഷിച്ചിരുന്നു , പക്ഷെ പൂർണമായി അറിയാതെ .
ഓണപ്പാട്ടുകളും , ഓണത്തല്ലുകളും , കുടുകുട പച്ചകളികളും , അക്കുത്തിക്കുത്തും , കല്ലേക്കുത്തു കരിംകുത്തുകളും മനസ്സിലേക്കോടിവരുന്നു സെപ്റ്റംബറിലെ ഇളം തണുപ്പുള്ള ഈ പ്രഭാതത്തിൽ.
.
മാവേലിത്തമ്പുരാൻ

കൊച്ചുന്നാളിലെന്നോ കടന്നു വന്നിരുന്നു മനസ്സിലേക്കൊരു മാവേലി . ഒരുപ്പുകൃഷി മാത്രമാണുണ്ടായിരുന്നത് അന്നൊക്കെ കുട്ടനാട്ടിൽ . കൊയ്ത്തുകഴിഞ്ഞ സമൃദ്ധിയുടെ നാളുകൾ കഴിഞ്ഞുള്ള കള്ളകർക്കിടവും ചിങ്ങം കന്നിമാസങ്ങൾ , ഇടക്കെവിടെയോ മാവേലി തമ്പുരാൻ വരുമെന്നുള്ള പ്രതീക്ഷയിൽ അബാലവൃദ്ധവും . പട്ടിണി അന്നൊക്കെ കുട്ടനാടുമൊത്തവും . ഭൂമിയൊക്കെ പ്രമാണികൾക്കു മാത്രം ഉണ്ടായിരുന്നൊരുകാലം . എങ്കിലും ഓണമാഘോഷിക്കാൻ സ്വർണം വിറ്റും കടം വാങ്ങിച്ചുംഅവർ കണ്ണും നട്ടു കാത്തിരുന്നു , ഞങ്ങളെല്ലാം .

പൂത്തുലഞ്ഞു നിന്നിരുന്ന പുളിയൻ മാവും പേരക്ക മാവും ഇതിനകം തയ്യാറായി നിൽക്കുന്നു, മാമ്പഴക്കാലമെല്ലാം കഴിഞ്ഞു ദൃഢമായ ശിഖരങ്ങൾ താഴ്ത്തി ഊഞ്ഞാലുകെട്ടാൻ സമ്മതം നൽകുന്നത് പോലെ .
ശിഖരങ്ങളുടെ ദൃഢതയെ ഒരു പക്ഷെ പ്രസവാശുശ്രുഷകളും സുഖചികിത്സകളും കഴിഞ്ഞു ഭതൃവീട്ടിലേക്കു 90 ദിവസം കഴിഞ്ഞു തിരിച്ചുവരുന്ന ഒരു ചെറുപ്പകാരിയോട് ഉപമിച്ചാലോ എന്ന് മനസ്സിൽ തോന്നി .

പണ്ട് ആലപ്പുഴ മുല്ലക്കൽ സ്ട്രീറ്റിൽ സ്വന്തമായ തുണിക്കട നടത്തിയിരുന്ന അനിയൻ പിള്ള പറഞ്ഞത് മനസ്സിൽ ഓർത്തപ്പോൾ ചുണ്ടുകളിൽ ചിരിപടർന്നു . അയാളുടെ ഭാര്യയുടെ പ്രസവം കഴിഞ്ഞപ്പോൾ അമ്മായി അമ്മ 90 ദിവസത്തേക്ക് ഭാര്യയുടെ അടുത്ത് ചെല്ലുന്നതിൽ നിന്നും അയാളെ വിലക്കിയത്രേ . പിറുപിറുത്തുകൊണ്ടവർ പറയുന്നത് മരുമോൻ കേട്ടു ; " ഇവനൊന്നും അറിയില്ല , പ്രസവം കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞതൊരു നാലുമാസമെങ്കിലും എടുക്കും അവടെ ഇടുക്കുകളും വയറുമൊക്കെ ഒന്ന് ദൃഢമാകാൻ , വന്നിരിക്കുന്നു പുന്നാരമരുമോൻ അവളെ ശല്യപ്പെടുത്താൻ " .

ഇതാണ് ഒരമ്മ , അവർ ജീവിച്ചു മനസ്സിലാക്കിയതാണ് പ്രകൃതിയുടെ നിയമങ്ങൾ . പ്രകൃതിയും മനുഷ്യനും ഒന്നാകുന്നതാണ് അമ്മ . ഭൂമി നിലനിൽക്കണമെങ്കിൽ , അമ്മമനസ്സിനു സമാധാനം കിട്ടണമെങ്കിൽ സ്ത്രീയെ , ഭൂമി ദേവിയെ മാനിക്കണം . അവളെ പ്രാപിക്കണമെങ്കിൽ ആദ്യമവൾക്കു ദൃഢത കൈവരണം , മനസ്സാവണമവൾക്കു . മനസ്സിനും ശരീരത്തിനും ദൃഢത ആവശ്യമുള്ളപ്പോൾ ഭൂമിദേവിക്കും അത് വേണമല്ലോ .

പക്ഷെ ഇന്ന് സ്ത്രീക്കും ഭൂമിദേവിക്കും ഒരുപോലെ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നു . അവളെ കൂട്ടബലാത്സംഗം ചെയ്യുന്നവർ . ആയിരകണക്കിന് ടൺ കോൺക്രീറ്റും ഇരുമ്പും ഇറക്കിവയ്ക്കുന്നു ബലഹീനയായ ഭൂമിയുടെ ദൃഢതയില്ലാത്ത , തുടർച്ചയായ ബലാത്സംഗഗങ്ങൾക്കു വിധേയമായി ദുർബലമായ ഇടങ്ങളിൽ . ഭൂമി ദേവിയുടെ ഇടുക്കുകളും വയറും പൊട്ടിയൊലിക്കുന്നു . ഒരു പക്ഷെ വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽ പോലെ .

അവളുടെ നാഭി കുഴിയിലെക്കവർ ഇരുമ്പു ദണ്ഡുകൾ കയറ്റുന്നു .അലറി കരയാൻ പോലും സമ്മതിക്കാതെ അവളുടെ പൊക്കങ്ങളിലും ഇറക്കങ്ങളിലും ബാബേൽ ഗോപുരങ്ങൾ പണിതുയർത്തുന്നു . ഭാരം സഹിക്കാനാവാതെയവൾ പൊട്ടിത്തകരുന്നു .

ഭൂമിദേവിയുടെ അടിത്തട്ടുകൾ ഇളകുന്നു . സുനാമികളും ഉരുൾ പൊട്ടലുകളും .
ഇനി എത്രനാളുകൾ അവളിങ്ങനെ പിടിച്ചുനിൽക്കും.
മറ്റൊരു പാലാഴി മഥനം വേണ്ടി വരുമോ ?
മഹാബലി തമ്പുരാൻ തന്നെ ഭൂമിദേവിയുടെ ദയനീയ അവസ്ഥ വിഷ്ണുവിനെ നേരിൽ കണ്ടു ബോധ്യപെടുത്തട്ടെ .

വീണ്ടുമെന്റെ ഓണവിശേഷങ്ങളിലേക്ക്

തട്ടുമ്പുറത്തു ഭദ്രമായി സൂക്ഷിച്ചിരുന്ന കയറെടുത്തു ചിലവീടുകളിൽ മാത്രം ഊഞ്ഞാലുകെട്ടും . ഊഞ്ഞാലില്ലാത്ത വീടുകളിലെ പിള്ളേരെല്ലാം ഊഞ്ഞാലുകെട്ടിയ വീടുകളിൽ സൗഹൃദം കൂടും .

" ആക്കുത്തു ഇക്കുത്തു ആനവരമ്പേ കല്ലേക്കുത്തു കരിംകുത്തു
ചെണ്ടയെടുക്കും ചെരവയെടുക്കും കാണാ പക്ഷീടെ
കാതു കുത്തു"
ആർത്തുപാടും ഞങ്ങൾ കുട്ടികൾ ; ജെയിംസും , തങ്കച്ചനും , അമ്മിണിയും രമണിയും മണിയനും പിന്നെ ഈ ഞാനും .

അക്കു കളിക്കാൻ പെൺകുട്ടികൾ ചെല്ലയും വത്സയും ആനിയുമൊക്കെ , ഇടതുകാലിൽ നിന്നൂ വലതു കാൽ മടക്കി അവർ വരയിൽ നിന്നും അടുത്ത വരയിലേക്കു ചാടുമ്പോൾ പാവാടയും ലുങ്കിയുമൊക്കെ കണംകാലുകൾക്കു മുകളിലേക്ക് തെന്നി മാറും . കൗമാരപ്രായമെത്തിയ ആൺ കുട്ടികൾ അറിയാതെയോ അറിഞ്ഞോ നോക്കി നില്കുമ്പോഴാണിത് സംഭവിക്കുന്നത് പലപ്പോഴും .
പൊങ്ങ എൽ പി സ്കൂളിന്റെ മുറ്റത്തു അത്തപൂക്കളമിടാൻ നാട്ടുകാരെല്ലാം ഒത്തുകൂടും . മുക്കത്തെ വത്സമ്മയും , പ്രവർത്തിയാരുടെ മോളും , ചെല്ലയും , മധുവും , ഭാനുവമ്മയും .
അവർ തിരുവാതിരകളിക്കും , നോക്കിനിൽക്കാനെത്തുന്നവർ താളം പിടിക്കും .
മൂലം വള്ളം കളി ഓർമയിൽ നിന്നും അപ്പോഴും മാഞ്ഞു പോയിട്ട് ഉണ്ടാവില്ല . ഓണം പാട്ടുകളോടൊപ്പെം വള്ളം കളി പാട്ടുകളും .

അല്പം അകലെ നിന്ന് ഞങ്ങൾ പാടും അല്പമൊക്കെ വ്യംഗ്യാർത്ഥമുള്ള പാട്ടുകൾ ;

" ഉമ്പുകാട്ട് അമ്മേടെ ബോഡി (bracier) കള്ളി
ഒരുമുറി തേങ്ങാടെ പീര കള്ളി "
ഓ തിത്തിത്താരാ തിത്തി തെയ്‌തോ
തക തിത്തി തെയ്‌തോ "
ശരണവും പല്ലവിയുമൊക്കെ തെറ്റിയാലും പാടുമതൊക്കെ അർത്ഥമറിഞ്ഞും അറിയാതെയും .

തിരിച്ചു വീട്ടിൽ ചെന്ന് 'അമ്മ സ്പെഷ്യലായി ഓണത്തിനുണ്ടാക്കിയ ഓണക്കറികൾ കൂട്ടി ഉണ്ണണം . അവിയലും സാമ്പാറും തോരനും നേന്ത്രക്ക വറത്തതും , ശർക്കര വരട്ടിയതും പപ്പടവും . ഏറ്റവും അവസാനമായി പായസവും . ഹാവു , ഓർക്കുമ്പോൾ വായിൽ വെള്ളമൂറുന്നു ഇന്ന് എഴുപത്തിഏഴാം വയസ്സിലും .

പുത്തൻ ഓണഉടുപ്പുകളും ചന്ദന കുറിയുമിട്ട കോലടി കളിക്കാരും . അവിടെയുമൊരു പാട്ടിന്റെ ശീലുകൾ ;

" കോലടി കുറുപ്പച്ചൻ ചത്തെ പിന്നെ
കോലടി കാണാൻ കൊതിയായേ "

ഓണ തലേന്ന് പഴയകരയിൽ നിന്ന് വന്നിരുന്നു പപ്പുച്ചേകവരും മകൻ ചന്ദ്രനുമൊന്നിച്ചു ഓണസമ്മാനങ്ങളുമായി . അതൊരു പതിവായിരുന്നു
ഓണത്തിന് മുതലാളിക്ക് സമ്മാനം കൊടുക്കുക പലപ്പോഴും പച്ചക്കറികളും നേന്ദ്രകുലയുമൊക്കെ . ആറടി പൊക്കവും ഒത്ത വണ്ണവുമുണ്ടായിരുന്ന പപ്പുച്ചേവകർ , എന്നാൽ ചന്ദ്രനത്ര പൊക്കവും വണ്ണവുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല , അയാൾക്കു ചേകവത്തി കാർത്യാനിയുടെ തഞ്ചവും രൂപവും . തിരിച്ചവർ പോകുമ്പോൾ ആറ്റും മുഖത്തുമ്മച്ചൻ കൊടുത്തയച്ചിരുന്നു ആ കൊച്ചു വള്ളം നിറയെ നെല്ലും മറ്റു സാധന സാമഗ്രികളും .

പാട്ടത്തിനു നിലമെടുത്തു വൻ തോതിൽ കൃഷിചെയ്തിരുന്ന ക്രിസ്ത്യൻ ഈഴവ നായർ മുതലാളിമാരും ഓണമാകുമ്പോഴേക്കും ഇത്തരം സമ്മാനങ്ങളുമായി മങ്കൊമ്പിൽ പട്ടരുടെയടുത്തു മുഖം കാണിക്കാൻ പോകുന്ന ഒരു രീതി . പട്ടർക്കു മനസ്സുമുണ്ടെങ്കിൽ വീണ്ടും കൂടുതൽ നിലമവരിൽ ചിലർക്കെങ്കിലും ലഭിക്കുമായിരുന്നു . കൂടുതൽ ലഭിച്ചില്ലെങ്കിലും കൈവശമുള്ളതു തിരിച്ചു പട്ടർ പിടിക്കാതിരിക്കാനുള്ള ഒരു തന്ത്രവും ഈ സമ്മാനങ്ങളുടെ പിന്നിലുണ്ടായിരുന്നു .

ഓണാഘോഷങ്ങളുടെ മറവിൽ പണ്ടും ഇന്നും നടക്കുന്ന " ഈ കൊടുക്കൽ വാങ്ങൽ " ഇന്ന് മറ്റു രീതികളിലെന്നുമാത്രം . സിനിമയിലെ കാസ്റ്റിംഗ് കൗച്ചും , തൊഴിലിടങ്ങളിലെ സ്ത്രീ പീഡനങ്ങളുമൊക്കെ എവിടെ തുടങ്ങിയെന്നും ആരു തുടങ്ങിയെന്നുമുള്ള ചോദ്യങ്ങൾക്കുള്ള മറുപടിക്കു വേണ്ടി ഇനി ആരും ആരെയും പഴിചാരേണ്ട .
മീ റ്റൂ movement കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു .

വടം വലിയില്ലാത്ത ഓണമിന്നില്ല

വടം വലിയില്ലാത്ത ഓണാഘോഷങ്ങൾ പൊങ്ങയിൽ അന്നുണ്ടാവില്ല . കസ്തുർബ ഗാന്ധി മെമ്മോറിയൽ വായനശാലയുടെ മുറ്റത്താണ്‌ വടംവലി മത്സരം . ആര് ജയിച്ചാലും തോറ്റാലും അല്പം കശപിശയോടാണ് അതവസാനിക്കാറ് . ഗുണ്ടു പാപ്പനും , അമരക്കാരൻ ചാക്കമ്മയും ഏതൊരു ടീമിലാണോ അവരാണ് മിക്കവാറും ജയിക്കാറുണ്ടായിരുന്നത് .
തോറ്റവർ ചിലപ്പോഴെങ്കിലും പിന്നീട് അവസരം കിട്ടുമ്പോൾ റഫറിക്കിട്ടൊരു ഉന്തോ തള്ളോ കൊടുക്കാറുമുണ്ട് പകരമായി . അവിടെയും തർക്കം പറഞ്ഞു തീർക്കാറുള്ളത് ഉമ്മച്ചൻ തന്നെ .

ഡാളസ്സിലെ കുളിരുള്ള ഈ പ്രഭാതത്തിൽ

ഡാളസ്സിൽ താമസം തുടങ്ങിയിട്ട് നാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു . ഓണമാഘോഷിച്ചത് ആദ്യത്തെ ഒരു വർഷം മാത്രം . മക്കളും ഭർത്താക്കന്മാരും പേരക്കുട്ടികളും നിറമുള്ള വസ്ത്രങ്ങളുമണിഞ്ഞു കടന്നു വന്നു . യാർഡിൽ നിന്ന വാഴകളിൽ നിന്നും വെട്ടിയെടുത്ത ഇലകളിൽ അവൾ വിളമ്പി കുത്തരിച്ചോറും സാമ്പാറും അവിയലും തോരനും കാളനും കിച്ചെടിയുമൊക്കെ . അവൾ അങ്ങനെയാണ് , കുക്ക് ചെയ്യാൻ തുടങ്ങിയാൽ നിർത്തില്ല പിന്നെ .
ക്രമേണ പിന്നെ ആഘോഷിക്കാൻ കഴിയാതെ വന്ന മൂന്ന് ഓണങ്ങൾ . എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് മുടങ്ങിയ ഓണങ്ങൾ .
നഷ്ടബോധങ്ങൾ അവൾക്കുമുണ്ടായിരുന്നു . എല്ലാ ഓണങ്ങളും ക്രിസ്റ്മസും ഒരിക്കലും മുടങ്ങാതെ ആഘോഷിച്ചിരുന്ന ഞങ്ങളുടെ ജീവിതത്തിൽ ആഗ്രഹിക്കാതെ കടന്നുവന്ന അനാഥമായ ചില ഓണക്കാല അവധികൾ .
പക്ഷെ ഇത്തവണ ഓണം ആഘോഷിച്ചേ തീരു എന്ന് തീരുമാനിച്ചതിന്റെ പിന്നിലുമുണ്ടൊരു സ്വാർത്ഥത ; ഒരു പക്ഷെ ഇനിയൊരു അവസരം ലഭിച്ചില്ലെങ്കിലോ ?

ഓണം ആഘോഷിക്കണമെങ്കിൽ , അസ്സോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഓണസദ്യയിൽ പങ്കെടുക്കണം . കാഴ്ചകൾ കാണണം . കൂട്ടുകാരെ കാണണം , . കുടവയറുള്ള മാവേലിയേയും , അങ്കത്തിനിറങ്ങുന്ന ചേവകരെപ്പോലെ , വയറു വരിച്ചുമുറുക്കിക്കെട്ടിയ , ഓണസാരിയിൽ പൊതിഞ്ഞ മങ്കമാരെ കണ്ടാലേ ഓണസദ്യ പൂർത്തിയാവുകയുള്ളു .

അങ്ങ് പൊങ്ങയിൽ ചെറുപ്പത്തിലേ കിട്ടിയ അനുഭവങ്ങൾ . ഒരു തരം നൊസ്റ്റാൾജിയ , മലയാളത്തിൽ ചിലരൊക്കെ ഉപയോഗിക്കുന്ന മറ്റൊരു ക്ളീഷേ “ ഗൃഹാതുരത്വം “ .

പക്ഷെ പണ്ടൊരു ഓണക്കാല മീറ്റിംഗിൽ , അസോസിയേഷൻ പ്രസിഡന്റ്
അബദ്ധത്തിൽ പറഞ്ഞതുപോലെ , ഓണക്കാലം അദ്ദേഹത്തെ ഒരു “ഗൃഹാതുരങ്കമാക്കിയ “സംഭവം . ശരിക്കും നടന്നിരിക്കാവുന്ന ഒരു കാഴ്ചയല്ലേ അത് ?
ഈവെനിംഗ് ഡ്യൂട്ടിയും നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞു ക്ഷീണിതയായി വരുന്ന സഹധര്മിണിയെയും , ഇടഞ്ഞുനിൽക്കുന്ന അരികൊമ്പനും ചക്ക കൊമ്പന്മാരായ മക്കളെയും ഒരുക്കിനിർത്തി , ഉച്ചയ്ക്ക് കണിശമായി ഓഡിറ്റോറിയത്തിലെത്തണമെന്ന , പാരവാഹികളുടെ കർശനമായ നിർദേശങ്ങളെ മാനിക്കാനൊരുങ്ങുന്ന പ്രവാസിമലയാളിയുടെ മനസ്സ് .

വീണ്ടും മനസ്സോരു കുതിരയേപ്പോലെ പൊങ്ങയെന്ന എന്റെ ചെറിയ ഗ്രാമത്തിലേക്ക് . സമ്പൽ സമൃദ്ധിയുടെ നാളുകളിലേക്ക് . പാലത്തിക്കാട്ടമ്പലവും , കൊട്ടാരം മഹാഗണപതി അമ്പലവും, തൈയിലെ രക്തരക്ഷസ്സിന്റെ നാമത്തിലെ അമ്പലവും , കടന്നംകാട് പാടശേഖരത്തിന്റെ അരികിലെ വല്യച്ചന്റെ പ്രതിഷ്ഠയും , കുടപ്പുറത്തമ്മയുടെ കൽവിളക്കും ഈ ഗ്രാമത്തിന്റെ ചുറ്റും , ഒപ്പം മാർ സ്ലീവാ പള്ളിയും , മാർത്തോമ്മാ പള്ളിയും ഓർത്തഡോൿസ് പള്ളിയും . മത മൈത്രിയുടെ നല്ല നാളുകൾ .

മാത്തൂർ ഏമാന്മാരും , നായരും നമ്പുതിരിയും ഈഴവനും ക്രിസ്ത്യാനിയും പുലയരും പറയരും ഒന്നിച്ചാഘോഷിച്ച ക്രിസ്റ്മസും ഓണവും .
ആടി ഞങ്ങൾ പുളിയൻമാവിന്റ കൊമ്പത്തുകെട്ടിയ ഊഞ്ഞാലിൽ . വീണവരും വീഴാത്തവരും . കാൽമുട്ടിൽ രക്തം കനിച്ചപ്പോൾ , ഇളംതെങ്ങിന്റെ മടലിലെ നുനുനുനുത്ത പാട നഖം കൊണ്ട് മാന്തിയെടുത്തു മുറിവിൽ പിരട്ടിയ ചെല്ലയുടെ സ്പർശനസുഖം ആദ്യമായറിഞ്ഞ ഓണം ഇന്നും മനസ്സിൽ .
വട്ടക്കായലിന്റെ ചിറയിൽ താമസ്സച്ചിരുന്ന ചെല്ല വയസ്സറിയിക്കുന്നതിനു മുൻപേ ടൈഫോയ്ഡ് ബാധിച്ചു മരിച്ചുപോയെന്നറിഞ്ഞപ്പോൾ , ഇന്നും അതിന്റെ നഷ്ടബോധം ഡാളസിലെ ഈ ഇളം ചൂടിലും .

കുത്തരിച്ചോറിൽ നെയ്യൊഴിച്ചു , പരിപ്പ് കറിയും പപ്പടവും പൊടിച്ചു കുഴച്ചു കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം . ടേസ്റ്റ് ബെഡ്ഡുകളെയെല്ലാം ഉണർത്തി രുചിക്കൂട്ടുകൾ നൽകുന്ന, രതിസുഖത്തോടൊപ്പം നിൽക്കുന്ന രുചി സുഖം .

തേങ്ങാ അരച്ചുചേർത്ത
അവിയലിൽ കാണും പച്ചമാങ്ങയും പച്ചഏത്തക്ക കഷണങ്ങളും .
കായത്തിന്റെ മണമുള്ള സാമ്പാറും , പച്ചടിയും , കിച്ചടിയും , കാളനും തോരനും കൂട്ടിയുള്ള ഓണസദ്യ . ഏത്തക്ക ഉപ്പേരിയും , ശർക്കര വരട്ടിയും , പിന്നെ എല്ലാമൊന്ന് തണുപ്പിക്കാനായി മധുരം കിനിയുന്ന സേമിയപായസവും .

കായത്തിന്റെ മണമായിരുന്നു ചെല്ലയുടേതെന്നയാൾ ദുഃഖത്തോടെയോർത്തു . ഓർക്കാനൊരു കാരണവും . ഊഞ്ഞാലിൽ അവനും ചെല്ലയും പരസ്പരാഭിമുഖമായി നിന്നുകൊണ്ടാടിയപ്പോൾ , അവളുടെ നീണ്ടമുടിയിഴകൾക്കു കനച്ച എണ്ണയുടെ , കായത്തിന്റെ സുഗന്ധം , പടിഞ്ഞാറൻ കാറ്റു നൽകി .
ഈ ഓണത്തലേന്നും , സെൽഫോണിലൂടെ മെസ്സേജുകൾ ണിം ണിം ശബ്ദത്തോടെ തുടർച്ചായി വന്നു കൊണ്ടിരിക്കുന്നു . എല്ലാവരും അയക്കുന്ന മെസ്സേജുകൾ , സഹധര്മിണിയോടൊത്തു നിൽക്കുന്ന ഫോട്ടോകൾ , തൂശനിലയിൽ വിളമ്പിയിരിക്കുന്ന മട്ടയുടെ ചോറും പതിനാറിനം കറികളുടെയും മനോഹരമായ കൊതിയൂറിക്കുന്ന സെൽഫികൾ . പക്ഷെ ഇവിടെയും ഒരപകടം പതിയിരിക്കുന്നു . സോഷ്യൽ മീഡിയയിലെ തൂശനിലയിലെ വിഭവങ്ങൾ പലരുടെയും ഭാവനവിലാസങ്ങളാണെന്നറിയാതെ , ആട്ടും കാട്ടത്തിൽ ഈത്തപ്പന്റെ വീട്ടിൽ അദേഹവവും സഹധര്മിണിയും തമ്മിൽ വിഭവങ്ങൾ കുറവായതിന്റെ പേരിൽ ഒരു പുലികളി നടക്കാനിടയുണ്ട് .

സോഷ്യൽ മീഡിയയിൽ ഓണക്കാല വിശേഷങ്ങൾ ഇനി തുടർച്ചയായി വന്നുകൊണ്ടിരിക്കും . ഇനിയും കാണാം മറ്റൊരു ഓണക്കാലത്തിൽ .

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.