PRAVASI

ഒരു ചുക്കും സംഭവിക്കില്ല!

Blog Image
ഈ 'കലാപരിപാടി'യില്‍ പങ്കാളികളായിട്ടുള്ള അമേരിക്കയിലെ പൗരപ്രമുഖന്മാരുടെ പേരുവിവരം അടുത്ത ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. തിരിച്ചു വീണ്ടും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലേക്ക്-ഇതിന്‍റെ പേരില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുക്കും? ഒരു ചുക്കും ചെയ്യില്ല.

മാന്യമഹാജനങ്ങളേ!
അങ്ങനെ അവസാനം നമ്മള്‍ ആകാംക്ഷയോടു കൂടി കാത്തിരുന്ന 'ഹേമാ കമ്മിറ്റി' റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടുകൂടി കേരള ജനത ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രധാന പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
സാധാരണ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ ഉടനടി 'ഒരു പ്രത്യേക ആക്ഷന്‍' എടുക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനമാണ് ഇന്നു നിലവിലുള്ളത്. അതുകൊണ്ടായിരിക്കാം റിപ്പോര്‍ട്ട് കിട്ടിയിട്ടും നാലര വര്‍ഷത്തോളം അതു ബി-നിലവറയില്‍ വെച്ചു പൂട്ടിയിട്ട് ഈയൊരു നല്ല മുഹൂര്‍ത്തം നോക്കി പുറത്തുവിട്ടത്. അതും 'എരിവും പുളിയുമുള്ള' ഭാഗങ്ങള്‍ എല്ലാം മുറിച്ചുമാറ്റിയതിനു ശേഷം. അതു പുറത്തുവിട്ടാല്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുമത്രേ! അത് നല്ലൊരു തീരുമാനമാണ്.
മമ്മൂട്ടി മുതല്‍ അന്തരിച്ച മാമുകോയ വരെയുള്ളവരെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുള്ളത്.
എന്നാല്‍, ഇതു കേട്ടിട്ട് സാധാരണജനങ്ങളൊന്നും ഞെട്ടിയില്ല. സിനിമാലോകത്തെ ഇത്തരം കഥകളൊക്കെ എത്രയോ കാലമായി അങ്ങാടിപ്പാട്ടാണ്.
സ്വന്തം ഭാര്യമാര്‍ പോലും തെളിവുസഹിതം ഭര്‍ത്താക്കന്മാരില്‍ നിന്നും നേരിടേണ്ടിവന്ന പീഡന അനുഭവങ്ങള്‍ ചാനലുകള്‍ വഴി പുറത്തുവിട്ടിട്ടും അവരെല്ലാം ഇന്നും അധികാരസ്ഥാനങ്ങളില്‍ ഒരു പ്രശ്നവുമില്ലാതെ തുടരുന്നില്ലേ!
പീഡനങ്ങള്‍ സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങുന്നില്ല. കന്യാസ്ത്രീമഠങ്ങള്‍, ആരാധനാലയങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങി എവിടെയെല്ലാം പുറംലോകം അറിയാത്ത എത്രയോ നിന്ദ്യവും നീചവുമായ പ്രവൃത്തികള്‍ നടക്കുന്നു...
ഇത്തരം പല സ്ഥലങ്ങളില്‍ നിന്നും രക്ഷപ്പെടുവാനുള്ള അവസരങ്ങള്‍ ഇരകള്‍ക്കില്ല എന്നതാണ് സത്യം. എന്നാല്‍, സിനിമാ മേഖല വ്യത്യസ്തമാണെന്നാണ്  എന്‍റെ നിഗമനം. അവിടെ അവര്‍ക്ക് ഹിതമല്ലാത്ത കാര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്ന ഒരു സാഹചര്യമുണ്ടായാല്‍ 'ഗുഡ്ബൈ' പറഞ്ഞു സ്ഥലം വിടരുതോ?
സിനിമയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ നിര്‍മ്മാതാവ്, സംവിധായകന്‍, പ്രമുഖ നടന്മാര്‍ തുടങ്ങി ലൈറ്റ് ബോയിസിന്‍റെ വരെ ഇംഗിതത്തിനു വഴങ്ങണമെന്നാണ് ചില നടിമാര്‍ ഹേമാ കമ്മിറ്റി മുമ്പാകെ മൊഴി കൊടുത്തിരിക്കുന്നത്.
പുതുമുഖ നടികളെ പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്തുവാന്‍ വിരുതുള്ള ചില സീനിയര്‍ നടിമാര്‍ പണ്ടുമുതലേ ഈ മേഖലയിലുണ്ടത്രേ!
വലയില്‍ വീഴാത്തവരെ 'സ്റ്റേജ് ഷോ' പരിപാടിയുമായി വിദേശങ്ങളില്‍ കൊണ്ടുപോയി 'ഉന്നതര്‍ക്ക്' കാഴ്ചവെച്ച് അവരെ മെരുക്കിയെടുക്കുന്ന 'കുങ്കിയാന' ലേഡി സ്റ്റാര്‍സും ഇവരോടൊപ്പം ഉണ്ടാകുമത്രേ!
(ഈ 'കലാപരിപാടി'യില്‍ പങ്കാളികളായിട്ടുള്ള അമേരിക്കയിലെ പൗരപ്രമുഖന്മാരുടെ പേരുവിവരം അടുത്ത ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്)
തിരിച്ചു വീണ്ടും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലേക്ക്-ഇതിന്‍റെ പേരില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുക്കും?
ഒരു ചുക്കും ചെയ്യില്ല.
ആരെങ്കിലും പരാതി കൊടുത്താല്‍ പിന്നെ അവരുടെ പൊടിപോലും കാണില്ല.
പലര്‍ക്കും ഈ നടന്മാരോട് 'അസൂയ' ആണെന്നാണ് എന്‍റെ ഒരു സുഹൃത്തിന്‍റെ അഭിപ്രായം.
കേരളാ മുന്‍ മുഖ്യമന്ത്രി ബഹുമാനപ്പെട്ട നായനാരുടെ വാചകങ്ങള്‍ കടമെടുത്തു ഈ ലേഖനം അവസാനിപ്പിക്കട്ട:
"എവിടെ സ്ത്രീയുണ്ടോ, അവിടെ സ്ത്രീപീഡനവുമുണ്ടാകും."

രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.