LITERATURE

പി ലീല നവതി ഇന്ന് കണ്ണ് നനയിക്കുന്നു ആ ഓർമ്മ

Blog Image
പ്രിയപ്പെട്ട അനിയന് എന്ന വാത്സല്യം തുളുമ്പുന്ന  സംബോധനയോടെ ആഴ്ച തോറും മുടങ്ങാതെ വന്നെത്തിയിരുന്ന ലീലച്ചേച്ചിയുടെ കത്തുകളിൽ   ചിലത് ഇന്നും നിധി  പോലെ സൂക്ഷിക്കുന്നു ഞാൻ

പ്രിയപ്പെട്ട അനിയന് എന്ന വാത്സല്യം തുളുമ്പുന്ന  സംബോധനയോടെ ആഴ്ച തോറും മുടങ്ങാതെ വന്നെത്തിയിരുന്ന ലീലച്ചേച്ചിയുടെ കത്തുകളിൽ   ചിലത് ഇന്നും നിധി  പോലെ സൂക്ഷിക്കുന്നു ഞാൻ . കുഞ്ഞിക്കൈയിൽ‍  വെണ്ണയുമായി മുട്ടുകുത്തി നില്‍ക്കുന്ന  ഉണ്ണികൃഷ്ണന്റെ പടമുള്ള ലെറ്റർഹെഡിൽ   ചിതറി വീണു കിടക്കുന്ന ചതുരവടിവിലുള്ള വലിയ അക്ഷരങ്ങൾ. അവയിൽ   പൊറയത്ത്   ലീല എന്ന ഗായികയുടെ, നിർമലമായ മനസ്സുണ്ടായിരുന്നു;  കൊച്ചു കൊച്ചു ആഹ്ളാദങ്ങളും ആകാംക്ഷകളും നൊമ്പരങ്ങളും ഉണ്ടായിരുന്നു. സംഗീതം തനിക്കു ഈശ്വരസാക്ഷാല്‍ക്കാരത്തിലേക്കുളള വഴികളിൽ  ഒന്ന് മാത്രമാണെന്ന് ആ കത്തുകളിലൂടെ  നിരന്തരം  ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു  അവർ. 
                ഗായകൻ കമുകറ പുരുഷോത്തമൻ മരിച്ച വിവരം അറിഞ്ഞതിന്റെ ആഘാതത്തിൽ  ലീലച്ചേച്ചി എഴുതിയ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്: ``ഓരോരുത്തരായി വിട്ടുപോകുകയാണ്. പെട്ടെന്ന് ഞാൻ ഒറ്റയ്ക്കായ പോലെ. ജീവിക്കാൻ  ആഗ്രഹിക്കുന്നവരെ  ഈശ്വരൻ  വേഗം വിളിച്ചു കൊണ്ട് പോകുന്നു. മരിക്കാൻ മോഹിക്കുന്നവരെ ഇവിടെ തന്നെ ഉപേക്ഷിക്കുന്നു. കമുകറ പോയി എന്ന് വിശ്വസിക്കാൻ  പറ്റുന്നില്ല. മനസ്സിൽ  വല്ലാത്ത ശൂന്യത. കഴിഞ്ഞ മാസം 13 നും 14 നും ഞങ്ങൾ  ഒരുമിച്ചു സ്റ്റേജിൽ‍ പാടിയതാണ്.  ഈ ഷോക്ക്‌ മാറുവാൻ‍ എനിക്ക് കുറെ കാലം വേണ്ടിവരും. '' 1995   ജൂൺ  രണ്ടിന്  എഴുതിയ ആ കത്തിൽ  ജീവിതത്തോടുള്ള അവരുടെ സമീപനത്തിൽ  വന്ന മാറ്റം പ്രകടമായിരുന്നു; ഒറ്റപ്പെടലിന്റെ വേദനയും. അവസാനമായി വന്ന എഴുത്തുകളിലൊന്നിൽ  ലീല ചേച്ചി  കുറിച്ച വാചകങ്ങൾ  എന്നെ ഏറെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്: ``നമ്മുടെ  നാട്ടുകാർക്കും എന്നെ വേണ്ടാതായോ? ഒരു സംഗീതപരിപാടിക്കും കേരളത്തിൽ  നിന്ന് എന്നെ ആരും വിളിക്കുന്നില്ല,  പലർക്കും ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് പോലും അറിയില്ല. ആരോഗ്യത്തിനു കുഴപ്പമൊന്നും ഇല്ല. പാടുവാനുള്ള ശക്തി ഭഗവാൻ  തന്നിട്ടുണ്ട്. പാടാൻ  വയ്യെന്ന് തോന്നിയാൽ  ഞാൻ  ഉടൻ  നിർ‍ത്തും.   നമ്മുടെ നാട്ടിൽ , പ്രത്യേകിച്ച് കോഴിക്കോട്ട്‌, ഒന്നു കൂടി പാടാൻ  എനിക്ക് വലിയ ആഗ്രഹമുണ്ട്. അവാർ‍ഡും പണവും ഒന്നും മോഹിച്ചിട്ടല്ല. പാടാനുള്ള മോഹം  കൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതുന്നത്‌. രവി വിചാരിച്ചാൽ  നടക്കുമോ? ''


            വിഷമം തോന്നി. അന്ന് രാത്രി തന്നെ ലീലച്ചേച്ചിയുടെ ചെന്നൈ നമ്പറിൽ  വിളിച്ചു സംസാരിച്ചു. ഒരു ആയുഷ്കാലത്തെക്കുള്ള പാട്ടുകൾ  മുഴുവൻ പാടിയിട്ടും എന്തിനാണ് ഈ നിരാശ? സാക്ഷാൽ ശ്രീ ഗുരുവായുരപ്പൻ  നിത്യവും ഉണർ‍‍ന്നെണീക്കുന്നത് തന്നെ ചേച്ചിയുടെ നാരായണീയം കേട്ടാണ്. അതിലപ്പുറം ഒരു ഭാഗ്യമുണ്ടോ? എല്ലാം കേട്ട് നിമിഷങ്ങളോളം നിശബ്ദയായി നിന്ന ശേഷം ലീലച്ചേച്ചി പറഞ്ഞ വാക്കുകൾ  ഇപ്പോഴും കാതിൽ മുഴങ്ങുന്നു: ``എങ്ങനെയാണ് ഞാൻ  പറഞ്ഞു മനസ്സിലാക്കി തരിക? രവി ഒരു പാട്ടുകാരൻ  ആയിരുന്നെങ്കിൽ‍ എളുപ്പം മനസ്സിലായേനെ. മരിക്കുവോളം പാടാൻ‍ മോഹിക്കാത്ത ഏതെങ്കിലും പാട്ടുകാരുണ്ടോ? അറിയില്ല. എന്റെ കാര്യം ഞാൻ പറയാം.  പാടാൻ  പറ്റിയില്ലെങ്കിൽ‍ എനിക്ക് ഭ്രാന്ത് പിടിക്കും...''
            മറുപടി പറയാൻ  അശക്തനായിരുന്നു ഞാൻ. ഫോണിന്റെ അങ്ങേത്തലയ്ക്കൽ    ഒരു  ഗദ്ഗദം കേട്ടുവോ? കുറ്റബോധം തോന്നി എനിക്ക്. അടുത്ത ദിവസങ്ങളിൽ  ലീലച്ചേച്ചിയുടെ ഒരു കച്ചേരി  സംഘടിപ്പിക്കാൻ  കോഴിക്കോട്ടെ പല സംഘടനകളെയും സമീപിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. കർണാടക സംഗീതവേദികളിൽ  പോലും സിനിമയുടെ ഗ്ലാമർ  അനിവാര്യമെന്ന ഘട്ടം എത്തിക്കഴിഞ്ഞിരുന്നു. ലീലയ്ക്കാകട്ടെ  സിനിമയുടെ തിരക്കും ബഹളവും വര്‍ണ്ണപ്പകിട്ടും വിദൂരമായ ഒരു ഓർമ്മയായി മാറിക്കഴിഞ്ഞിരുന്നു താനും.   പിന്നീട് ഏറെക്കാലം ജീവിച്ചിരുന്നില്ല അവർ. ഒരിക്കൽ  കൂടി ജന്മനാട്ടിൽ  പാടുക എന്ന മോഹം ബാക്കിവെച്ചുകൊണ്ടു  തന്നെ പി ലീല യാത്രയായി.  ശാന്തമായി  മരിക്കാൻ  തന്നെ  അനുഗ്രഹിക്കണേ  എന്ന് ദിവസവും പ്രാർ‍ഥിക്കാറുണ്ടായിരുന്നു  അവർ. ഗുരുവായുരപ്പൻ ആ പ്രാർ‍ത്ഥന കേട്ടുവെന്നു നിശ്ചയം. മരണം വന്നു കൂട്ടിക്കൊണ്ടു പോകുമ്പോൾ  ചെന്നൈ രാമചന്ദ്ര മെഡിക്കൽ  സെന്ററിൽ  അബോധാവസ്ഥയിൽ  ആയിരുന്നു അവർ. ശാന്തവും സമാധാനപൂർണവുമായ അന്ത്യം. ഉറക്കത്തിൽ മരിക്കുന്നതോളം ഭാഗ്യം മറ്റെന്തുണ്ട്? 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.