ആസന്നമായിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നുള്ള വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ഒരു ശരാശരി അമേരിക്കൻ മലയാളി വോട്ടറുടെ രാഷ്ട്രീയ ചിന്താധാരയിലേക്ക് ഒരു എത്തിനോട്ടമാണ് ഇത്. നവംബർ അഞ്ചാം തീയതി ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കുന്ന വോട്ടിംഗ് പ്രക്രീയ, അടുത്ത നാല് വർഷത്തേക്കുള്ള അമേരിക്കൻ പ്രസിഡന്റിനെ തീരുമാനിച്ചുകൊണ്ടായിരിക്കും. പകുതിയിലധികം വോട്ടറന്മാർ അവരുടെ വോട്ടുകൾ രേഖപ്പെടുത്തിയ ഈ സമയം ഇനിയും ശേഷിക്കുന്നത് ഹൃദയമിടിപ്പിന്റെ ഓരോ നിമിഷങ്ങളാണ്.
ആസന്നമായിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നുള്ള വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ഒരു ശരാശരി അമേരിക്കൻ മലയാളി വോട്ടറുടെ രാഷ്ട്രീയ ചിന്താധാരയിലേക്ക് ഒരു എത്തിനോട്ടമാണ് ഇത്. നവംബർ അഞ്ചാം തീയതി ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കുന്ന വോട്ടിംഗ് പ്രക്രീയ, അടുത്ത നാല് വർഷത്തേക്കുള്ള അമേരിക്കൻ പ്രസിഡന്റിനെ തീരുമാനിച്ചുകൊണ്ടായിരിക്കും. പകുതിയിലധികം വോട്ടറന്മാർ അവരുടെ വോട്ടുകൾ രേഖപ്പെടുത്തിയ ഈ സമയം ഇനിയും ശേഷിക്കുന്നത് ഹൃദയമിടിപ്പിന്റെ ഓരോ നിമിഷങ്ങളാണ്. അമേരിക്കയിലെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ തിരഞ്ഞെടുപ്പിന് വളരെ പ്രാധാന്യമുണ്ട്. ഒരു ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ പ്രഥമ വനിതയായി മത്സരിക്കുന്നതിലുപരി, അവർ വിജയിച്ചാൽ അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന ഖ്യാതി ചരിത്രത്തിൽ കൂട്ടിച്ചേർക്കും . അവർ മത്സരിക്കുന്നത് ഒരു മുൻ അമേരിക്കൻ പ്രസിഡന്റും, വലിയ ഒരു ബിസിനസുകാരനുമായ ഡൊണാൾഡ് ട്രമ്പിനോടാണ് എന്ന പ്രത്യേകതയുമുണ്ട്.
രാഷ്ട്രീയ പ്രബുദ്ധതയിൽ മലയാളി, മറ്റുള്ള അമേരിക്കൻ ഇന്ത്യക്കാരേക്കാൾ ഒരുപടി മുന്നിലാണ്. മലയാളിയുടെ സഹൃദം വേറെ, പാർട്ടി വേറെ. ഇവ രണ്ടും കൂടി ഒരിക്കലും കൂട്ടിക്കുഴക്കാറില്ല. ആരോഗ്യപരമായ സംവാദങ്ങൾക്ക് അരങ്ങൊരുക്കി അമേരിക്കൻ മലയാളി മാധ്യമങ്ങൾ പ്രോത്സാഹനം കൊടുക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മിക്ക മുഖ്യ ചാനലുകളും സംവാദങ്ങൾ സംഘടിപ്പിക്കുന്നു. അമേരിക്കാൻ മലയാളിയുടെ രാഷ്ട്രീയ സംവാദങ്ങൾക്ക് ലോകമെമ്പാടുമുള്ള മലയാളികൾ സോഷ്യൽ മീഡിയകൾ വഴി പ്രതികരിക്കുന്നുമുണ്ട്. അമേരിക്കൻ രാഷ്ട്രീയ വ്യവസ്ഥ ലോക സമ്പത്ത് വ്യവസ്ഥയുമായി ഇഴചേർന്നു കിടക്കുന്നുവെന്ന് മലയാളികൾ തിരിച്ചറിയുന്നു.
അമേരിക്കയിലെ രണ്ട് മുഖ്യ പാർട്ടികളാണ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും. കമല ഡെമോക്രാറ്റും, ട്രംപ് റിപ്പബ്ലിക്കനുമാണ്. ഇവിടെ ഇനി ആര് ജയിക്കും ? കുടിയേറ്റക്കാർക്ക് അനുകൂലവും മധ്യവർഗ്ഗ കുടുംബങ്ങൾക്കും അധിക നികുതി ബാധ്യതയില്ലാത്ത ഭരണമാണ് ഡമോക്രാറ്റുകൾ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നത്. അമേരിക്കയുടെ അതിർത്തികൾ സുരക്ഷിതമാക്കാനും, അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണ് (മാഗ) റിപ്പബ്ലിക്കൻസ് ഉറപ്പ് നൽകുന്നത്.
അമേരിക്കയുടെ പ്രതാപം തിരികെ കൊണ്ടുവരാമെന്ന് (മാഗ) പറഞ്ഞ് കഴിഞ്ഞ തവണ ട്രമ്പ് അധികാരത്തിലെത്തിയിട്ട് ആ നാല് വർഷങ്ങൾ കൊണ്ട് അദ്ദേഹം ഒന്നും ചെയ്തില്ലന്ന് ഡെമോക്രറ്റുകൾ ആരോപിക്കുന്നു. കോവിഡിന് ശേഷം തകർന്നു തരിപ്പണമായ ലോക സമ്പത്ത് വ്യവസ്ഥയെ പഴയ ട്രാക്കിലേക്കെത്തിച്ച ചാരിതാർഥ്യത്തോടെയാണ് അടുത്ത നാല് വർഷത്തേക്ക് ഞങ്ങൾ വരുന്നത് എന്ന് ഇപ്പോൾ ഡെമോക്രാറ്റുകൾ അവകാശപ്പെടുന്നത്. കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് അമേരിക്ക കുട്ടിച്ചോറാക്കിയെന്നും, അതിർത്തികൾ തുറന്നിട്ട് ക്രിമിനലുകളെയും അന്യരാജ്യക്കാരെയും യഥേഷ്ടം അമേരിക്കയിലേക്ക് കടത്തിവിട്ടെന്നും അത് അമേരിക്കക്കാരുടെ സ്വര്യജീവിതം തകർത്തെന്നും, ഡെമോക്രാറ്റുകൾ യുദ്ധക്കൊതിയന്മാരാണെന്നും റിപ്പബ്ലിക്കൻസ് ആരോപിക്കുന്നു.
വ്യക്തിഹത്യാപരമായ ആക്രമണങ്ങൾ, സോഷ്യൽ മീഡിയ അക്രമണങ്ങൾ, കോടതി കേസുകൾ, സ്ഥാനാർത്ഥിയുടെ കുടുംബം, പ്രായം, ആരോഗ്യം, വിദ്യാഭാസം മുതലായവ അമേരിക്കൻ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഭരണസിരാ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിലും മലയാളി സാന്നിധ്യം ശ്രദ്ധേയമായിരുന്നു എന്ന് ഇവിടെ എടുത്ത് പറയേണ്ടത് വരുന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത് വന്നു നിന്ന് ആദ്യമായി ഇവയൊക്കെ കാണുമ്പോൾ ഉണ്ടാവുന്ന മലയാളിയുടെ അങ്കലാപ് ഒന്ന് വേറെ തന്നെയാണ്. അമേരിക്കയുടെ പല സിറ്റികളിലും മലയാളികൾ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വന്നുകഴിഞ്ഞു. ഇന്ത്യക്കാർ അമേരിക്കയുടെ രാഷ്ട്രീയ സ്ഥിതികരണത്തിന്റെ നട്ടെല്ലായി മാറിക്കൊണ്ടിരിക്കുകയാണ്. ആര് ജയിച്ചാലും "ലോക സമസ്താ സുഖിനോ ഭവന്തു".