PRAVASI

എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ച് പി പി ദിവ്യ

Blog Image
ജാമ്യാപേക്ഷയിൽ കോടതിയിൽ വാദിച്ചപ്പോൾ എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി വാദിച്ചത്. കൈക്കൂലി നൽകിയതിനാണ് പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിന് തെളിവായി പി പി ദിവ്യ ഉന്നയിക്കുന്ന വാദങ്ങൾ.

ജാമ്യാപേക്ഷയിൽ കോടതിയിൽ വാദിച്ചപ്പോൾ എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി വാദിച്ചത്. കൈക്കൂലി നൽകിയതിനാണ് പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിന് തെളിവായി പി പി ദിവ്യ ഉന്നയിക്കുന്ന വാദങ്ങൾ. അഞ്ചാം തീയ്യതി പ്രശാന്തെടുത്ത സ്വർണ വായ്പയും ആറാം തീയ്യതി ഇരുവരും തമ്മിൽ കണ്ടതിൻ്റെ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യവും ഫോൺ വിളിച്ചതിൻ്റെ രേഖകളും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ.വിശ്വൻ കോടതിയിൽ ആവശ്യപ്പെട്ടത്.

മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ഉടനെ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയെന്ന് വ്യക്തമാക്കിയാണ് ദിവ്യയുടെ അഭിഭാഷകൻ വാദം തുടങ്ങിയത്. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ചോദിച്ചപ്പോൾ അതിനെ തങ്ങൾ എതിർത്തില്ല. അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ട്. എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിയിൽ പരാമർശിച്ചിട്ടുണ്ട്. ആ വേദിയിൽ അങ്ങിനെ സംസാരിക്കേണ്ടായിരുന്നു എന്നത് അംഗീകരിക്കുന്നു. ഉദ്ദേശം ഇല്ലാതെ ചെയ്‌താൽ കുറ്റമാകുമോയെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയോട് ചോദിച്ചു.

കൈക്കൂലി നൽകിയെന്ന് പ്രശാന്ത് മൊഴി നൽകിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു വാദം. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ഇത് ദിവ്യയുടെ ആരോപണത്തെ ശരിവെക്കുന്നതാണ്. ആറാം തീയ്യതി കൈക്കൂലി നൽകിയെന്നാണ് മൊഴി. പ്രശാന്തിന്റെയും നവീന്റെയും ഫോൺ രേഖകൾ തെളിവായുണ്ട്. പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത് കൈകൂലി നൽകിയതിനാണ്. ഇതിലൂടെ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്നും വാദിച്ചു.

എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ചുവെന്നാണ് മറ്റൊരു വാദം. ഒക്ടോബർ ആറിന് രാവിലെ 11.10 ന് പ്രശാന്തിനെ എഡിഎം ഫോണിൽ വിളിച്ച് 23 സെക്കൻ്റ് സംസാരിച്ചു. ആ സമയത്ത് എഡിഎം കണ്ണൂരിലും പ്രശാന്ത് ശ്രീകണ്ഠാപുരത്തുമായിരുന്നു. 12.42 ന് പ്രശാന്ത് എഡിഎമ്മിനെ വിളിച്ചു. ഈ സമയത്ത് രണ്ട് പേരും ഒരേ ടവർ ലൊക്കേഷനിലായിരുന്നു. ഇരുവരും നേരിൽ കണ്ടുവെന്നതിന് ഇത് തെളിവാണ്. ഇരുവരും തമ്മിൽ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങളും തെളിവായുണ്ട്. ഇത്രയും തെളിവ് ഉള്ളപ്പോൾ എന്തിന് ദിവ്യയെ സംശയിക്കണമെന്നും പ്രാശാന്തിന്റെ മൊഴിയെ എന്തിന് അവിശ്വസിക്കണമെന്നും പ്രശാന്തിനെ വിളിക്കാൻ എഡിഎമ്മിനെ പ്രേരിപ്പിച്ചത് എന്താണെന്നും അഭിഭാഷകൻ ചോദിച്ചു.

ഒക്ടോബർ 14ാം തീയതി ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിജിലൻസ് പ്രശാന്തിനെ ചോദ്യം ചെയ്തുവെന്നും ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു. കൈക്കൂലി നൽകാൻ പ്രശാന്ത് നിർബന്ധിതനാവുകയായിരുന്നു. ഇവർ തമ്മിൽ കണ്ടതിന് കെടിഡിസി ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ തെളിവായുണ്ട്. ഇത് പരിശോധിച്ച് ഹാജരാക്കാൻ പൊലീസിന് അപേക്ഷ നൽകണം. ലാൻ്റ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തിൽ കൈക്കൂലി നൽകിയില്ലെന്ന് പറയുന്നു. എന്നാൽ കൈക്കൂലിയുമായി ബന്ധപ്പെട്ട് കക്ഷികളല്ലാത്തവരുടെ മൊഴിയാണ് റിപ്പോ‍ർട്ടിൽ രേഖപ്പെടുത്തിയത്. അതിനാൽ തന്നെ ഈ റിപ്പോർട്ട് പരിഗണിക്കരുത്. ദിവ്യയുടെ പ്രസംഗത്തിന് ശേഷം കളക്ടർക്ക് മുന്നിലെത്തിയ എഡിഎം കുറ്റസമ്മതം നടത്തി. പറ്റിപോയി എന്ന് പറഞ്ഞത് വേറെ സംഭവമാണെന്ന് എങ്ങിനെ പറയും? ഈ സംഭവത്തിന് ശേഷം ആണ് പറ്റിപ്പോയി എന്ന് പറഞ്ഞത്. അത് കൈകൂലി അല്ലാതെ മറ്റെന്താണ്? വെറുതെ പോയി പറ്റിപോയി എന്ന് ആരും പറയില്ലല്ലോ. എൻഒസിയുമായി ബന്ധപ്പെട്ട് പരാതി ഇല്ലാത്തതിനാൽ അഴിമതി നടത്തിയതിലെ കുറ്റസമ്മതമാണ് അത്. കളക്ടറുടെ മൊഴിയെ കുറിച്ച് പ്രൊസിക്യൂഷൻ വാദത്തിനിടെ പറഞ്ഞില്ല. കോടതി വിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിൽ ഇക്കാര്യം ആരും അറിയില്ലായിരുന്നു. പ്രശാന്ത് കണ്ണൂർ ജില്ലയിലെ കൊയ്യാം സഹകരണ ബാങ്കിൽ നിന്ന് ഒക്ടോബർ അഞ്ചാം തിയ്യതി ഒരു ലക്ഷം സ്വർണ്ണ വായ്പ എടുത്തിരുന്നുവെന്നും ഇത് സാഹചര്യ തെളിവായി പരിഗണിക്കണമെന്നും അഭിഭാഷകൻ വാദിച്ചു.

കളക്ടർ കുറ്റസമ്മതത്തിന്റെ കാരണം ചോദിക്കില്ലേ? അന്വേഷണ ഉദ്യോഗസ്ഥർ ഈ വിവരം ശേഖരിച്ചോ? കളക്ടറുടെ വിശദീകരണം ലഭിച്ചാൽ അത് വ്യക്തമാകുമല്ലോ. മുൻ‌കൂർ ജാമ്യപേക്ഷ നൽകിയതിനാലാണ് 23 ന് അന്വേഷണം സംഘത്തിന് മുന്നിൽ ഹാജരാകാതിരുന്നത്. അന്വേഷണവുമായി സഹകരിച്ചിട്ടിട്ടുണ്ട്. ജാമ്യപേക്ഷ തള്ളിയ ഉടൻ കീഴടങ്ങി. ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല. ചില മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ നൽകിയതാണ്. യാത്രയയപ്പിൽ സംസാരിച്ചത് നന്നായെന്ന് ചില സർവീസ് സംഘടനാ നേതാക്കൾ പറഞ്ഞു. എന്നാൽ അതിന് താൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എഡിഎമ്മിനെ കുടുക്കാനായിരുന്നെങ്കിൽ ട്രാപ് ഒരുക്കാമായിരുന്നു. പ്രശാന്തിനെ അതിനായി ഉപയോഗിക്കാമായിരുന്നു. അത് താൻ ചെയ്തിട്ടില്ല. ബിനാമി ആരോപണം അപകീർത്തികരമാണ്. അങ്ങനെയൊന്നിൽ തെളിവുണ്ടെങ്കിൽ പരാതി നൽകുകയാണ് വേണ്ടത്. അവ്യക്തമായി ആരോപണം ഉന്നയിക്കരുത്. എഡിഎമ്മിനെതിരെ നടത്തിയ പ്രസംഗത്തിൽ ആത്മഹത്യാ പ്രേരണ നിലനിൽക്കില്ല. പരമാവധി മാനനഷ്ട കേസ് മാത്രമേ നിലനിൽക്കൂ. പ്രശാന്തും ഗംഗാധരനും പറഞ്ഞത് തെറ്റാണെങ്കിൽ മാത്രമേ മാനനഷ്ട കേസ് നിലനിൽക്കൂവെന്നും വാദിച്ചിട്ടുണ്ട്.

ഒപ്പം താനൊരു സ്ത്രീയാണെന്നും പെൺകുട്ടിയുടെ അമ്മയാണെന്നും രോഗികളായ മാതാപിതാക്കളുണ്ടെന്നും വാദത്തിൽ ചൂണ്ടിക്കാട്ടി. അമ്മ ജയിലിൽ കിടക്കുന്നത് മകൾക്ക് പ്രയാസമുണ്ടാക്കും. എല്ലാ മരണവും വേദന നിറഞ്ഞതാണ്. എന്നാൽ മരണത്തിന് പിന്നിലെ സത്യം പുറത്തുവരണം. താൻ സാക്ഷികളെ സ്വാധീനിക്കില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും വാദം അവസാനിപ്പിച്ചുകൊണ്ട് ദിവ്യ പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.