ആത്മാവിന്റെ ഏകാന്തമായ തീർത്ഥാടനമാണ് ഓരോ യാത്രയും.... മഴ ചെറുതായി പെയ്യാൻ തുടങ്ങി. കുത്തുപറമ്പിലേക്കുള്ള ബസ് കാത്തു നിൽക്കുമ്പോൾ എന്റെ മനസ്സിൽ ഒ വി വിജയന്റെ ഖസാക്കിലെ ഇതിഹാസംത്തിലെ കഥാപാത്രമായിരുന്നു "ആരോഹണാവരോഹണങ്ങളില്ലാത്ത കാലവർഷത്തിന്റെ വെളുത്ത മഴ നോക്കി ,അനാദിയായ മഴവെള്ളത്തിന്റെ സ്പർശമറിഞ്ഞു ബസ്സ് വരാനായി കാത്തു കിടന്ന ഒരു മനുഷ്യന്റെ മുഖം
ചില യാത്രകൾ ഒറ്റക്കാവുന്നതാണ് നല്ലത്. ദിശയില്ലാത്ത പഞ്ഞികെട്ടുകളായി അലയുന്ന ചിന്തകളെ ആരും മുറിപ്പെടുത്താതിരിക്കാൻ..
ഒറ്റക്കൊരു തുരുത്തിലെന്നപോലെ.. കുഞ്ഞുമഴയിലും വെള്ളക്കെട്ടിൽ കുരുങ്ങി പോകുന്ന കൊച്ചിയിൽ ആയിരുന്നു ഒരാഴ്ച്ച. വൈറ്റില, കലൂർ,പാലാരിവട്ടം ഗതാഗതകുരുക്കിൽ പിടഞ്ഞാണ് ജനങ്ങളുടെ യാത്ര. മേൽപ്പാലത്തിന്റെയും മെട്രോ പാലത്തിന്റെയും നിർമ്മാണം നടക്കുന്നത് കൊണ്ടായിരിക്കും സിഗ്നൽ ഇല്ലാതെ കുറേ പോലീസ്കാരാണ് ഗതാഗതക്കുരുക്ക് അഴിക്കാൻ ശ്രമിക്കുന്നത്. ഏറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ ക്യൂ നിന്നു തലശ്ശേരിക്ക് ഒരു ടിക്കറ്റ് എടുത്തു. ഏറനാട് എക്സ്പ്രസ്സ് ലേറ്റ് ആണ്.
പുറത്ത് കാറ്റും കോളും ഉണ്ട്. നല്ല മഴക്കുള്ള സാധ്യത..വെയിറ്റിങ്ങ് ചെയറിൽ തൊട്ടടുത്ത് പർദ്ദയിട്ട് മുഖം മറച്ച സ്ത്രീയും അവരുടെ ഭർത്താവും ഇരിക്കുന്നു. "അനക്ക് ചായ വേണോ പനി സുഖോണ്ടോ "അയാൾ പരുത്ത ശബ്ദത്തിൽ സ്നേഹത്തോടെ ചോദിക്കുന്നു. "നിക്ക് വേണ്ട ശര്ദി വരുന്നു "അവൾ അസ്വസ്ഥതയോടെ പറഞ്ഞു. സംസാരം കേട്ടപ്പോൾ കോഴിക്കോട്കാരാണെന്ന് തോന്നി. അവരുടെ സംസാരത്തിന് സ്നേഹത്തിൽ പൊതിഞ്ഞ പ്രത്യേക താളമാണ്. ഈശ്വര ഇത് പനി തിരിച്ചിട്ട പനിയാണോ എന്ന സംശയത്തിൽ ഞാൻ സീറ്റ് മാറിയിരുന്നു.
വായിക്കാൻ അന്നത്തെ പത്രവും കുറച്ചു പുസ്തകങ്ങളും വാങ്ങി.
ഒന്നാമത്തെ പേജിൽ ഒരു പെണ്കുട്ടിയുടെ പൊട്ടിക്കരയുന്ന മുഖം. കയ്യിൽ ഒരു നീല ഷർട്ട് അടക്കി പിടിച്ചു വിതുമ്പി നില്ക്കുന്നു. ഒരു പ്രണയത്തെ ശ്വാസം മുട്ടിച്ചു കൊന്ന വാർത്ത പിന്നാലെ....
പ്രണയത്താൽ വിരിഞ്ഞ പുഞ്ചിരിയോടെ ഒരു യുവാവിന്റെ പടവും. ദേഹമാസകലവും ജനനേന്ദ്രിയവും അടിച്ചു ചതച്ചു ശ്വാസം മുട്ടിച്ചു..... ബാക്കി വായിക്കാൻ കഴിഞ്ഞില്ല. കണ്ണിൽ ഇരുട്ടു കയറുന്ന പോലെ..
ഇന്നത്തെ യാത്രയിൽ ഉടനീളം എന്റെ കാഴ്ച്ചപ്പുറത്ത് പ്രണയ തീരത്തെ ഈ മങ്ങിയ കാഴ്ച്ച ഉണ്ടായിരിക്കുമെന്ന് എനിക്ക് മനസ്സിലായി..
അന്നേരമാണ് ഷോർണൂർ വഴി മംഗലാപുരം വരെ പോകുന്ന ഏറനാട് എക്സ്പ്രസ്സ് ഏതാനും നിമിഷങ്ങൾക്കകം നാലാമത്തെ പ്ലാറ്റുഫോമിൽ എന്ന കിളിമൊഴി കേട്ടത്. എന്തുകൊണ്ടോ വലിയ തിരക്കുണ്ടായിരുന്നില്ല. ജാലകത്തിനടുത്ത സീറ്റിൽ പുസ്തകവും പേനയുമായിരുന്നു. ഒരു വശത്തെ കാഴ്‌ച്ചകൾ വ്യക്തമായി കാണാം. ട്രെയിൻ ചൂളം വിളിച്ചു കൊണ്ട് ചലിച്ചു തുടങ്ങി. താഴെ പരശതം കൊച്ചു കൊച്ചു വീടുകൾ. ചതുപ്പിലൂടെ മുറ്റത്ത് കയറിയ വെള്ളം വരാന്തയിലേക്ക് കടന്നിരിക്കുന്നു ചില സ്ത്രീകളും പെണ്കുട്ടികളും വെള്ളം കോരി പുറത്തേക്ക് ഒഴിക്കാൻ തത്രപ്പെടുന്നു. വണ്ടി പിന്നെയും മുന്നോട്ടു നീങ്ങുമ്പോൾ പൂന്തോട്ടങ്ങളാൽ അലങ്കരിച്ച വലിയ വീടുകൾ !
യാത്രയിലുടനീളം എതിർ ദിശയിലേക്ക് ഘോരമായ ശബ്ദത്തോടെ ട്രെയിൻ ഇരച്ചു പായുന്നത് എന്നെ അലോസരപ്പെടുത്തികൊണ്ടിരുന്നു..
ആലുവയിൽ എത്തിയപ്പോൾ നദി എന്ന പടത്തിലെ പാട്ടും ആലുവ കടൽപ്പുറവും ഓർമ്മയിലെത്തി.
ടിക്കറ്റ് എക്സമിനർ വെളുക്കെ ചിരിക്കുന്ന നല്ലൊരു സ്ത്രീയായിരുന്നു.
എന്റെ കംപാർട്ടുമെന്റിൽ പുരുഷൻമാരായിരുന്നു കൂടുതലും. ഒരു പെണ്കുട്ടി നിറുത്താതെ ഫോണിൽ സംസാരിക്കുകയും പൊട്ടിചിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടോ പത്രത്തിലെ ഫോട്ടോ എന്റെ കൺമുന്നിൽ തെളിഞ്ഞു. ഉറക്കെ സംസാരിച്ചു കൊണ്ട് ഒരു മദ്യപൻ ആ സമയം അത് വഴി വന്നു ഇടക്കിടെ അഴിഞ്ഞു കൊണ്ടിരിക്കുന്ന മുണ്ട് വലിച്ചു കയറ്റാൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു. അങ്കമാലി എത്തിയപ്പോൾ ആണ് നെടുംമ്പാശ്ശേരി കൊച്ചിൻ ഇന്റർനാഷണൽ എയർ പോർട്ട് ശ്രദ്ധയിൽ പെട്ടത്.. ലോകത്തിലെ ആദ്യ സമ്പൂര്ണ സോളാർ വിമാനത്താവളം ആണെന്നും അന്തർദേശിയയാത്രക്കാരുടെ എണ്ണത്തിൽ ഏഴാമത് ആണെന്നും എവിടെയോ വായിച്ചത് ഓർത്തു.
യാത്ര തുടരുമ്പോൾ വയലിൽ കുറെ കുഞ്ഞാടുകൾ സ്വാതന്ത്ര്യത്തോടെ മേയുന്നതു കണ്ടു. വെളുത്തു തടിച്ച ഒരു സുന്ദരിയുടെ തോളിൽ കൈയിട്ട് പുഞ്ചിരിച്ചു നടന്നു നീങ്ങുന്ന ചെറുപ്പക്കാരൻ, ഇന്നത്തെ ദിവസം പ്രണയിനികളെ കാണുമ്പൊൾ മനസ്സ് വ്യാകുലതയോടെ പിടയുന്നല്ലൊ എന്ന് വീണ്ടും ഞാനോർത്തു.
ചാലക്കുടി എത്തിയപ്പോൾ കറുത്ത ജലവും വെളുത്ത പൂക്കളും വെളുപ്പിൽ കറുത്ത പുള്ളികൾ ഉള്ള പശുക്കൾ മേയുന്നതും കണ്ടു. മണിയുടെ നാടന്പാട്ടുകളാണ് അപ്പോൾ ഓർമ്മിച്ചതു
എല്ലാ റെയിൽവേ സ്റ്റേഷന്കളുടെ തീരത്തുള്ള വീടുകളും ചെറുതും മനോഹരവും ആയിരിക്കുമെന്ന് ഞാൻ കണ്ടുപിടിച്ചു.ചുകന്ന തെച്ചിപൂവുകൾ ഏറ്റവും മനോഹരമാവുന്നതു അവ ആ മുറ്റങ്ങൾ അലങ്കരിക്കുമ്പോഴാണ്...
ട്രെയിൻ ഇരിങ്ങാലക്കുട വഴിയാണ് നീങ്ങുന്നത്. ആരോ വരച്ച മനോഹരചിത്രം പോലെ തെങ്ങും കവുങ്ങും വേലികെട്ടിയ പച്ച പാടങ്ങൾ.. ചിറകു വിരിച്ചു പറന്നു പോകുന്ന വെള്ളക്കൊറ്റികൾ. ഒരേ ദിശയിൽ റീമോർട്ട് കൺട്രോളിൽ എന്നപോലെ ഒഴുകി നീങ്ങുന്ന താറാവുകൾ...
വെള്ളം നിറഞ്ഞു നിൽക്കുന്ന കണ്ടങ്ങളിൽ ഏകദേശം പത്ത് ഇഞ്ച് നീളത്തിൽ നെല്ലാണ് എന്ന് തോന്നുന്ന പുല്ലുകൾ...
യാത്രയിലുടനീളം പലതരം പുല്ലുകൾ കണ്ണിലുടക്കി മറയുന്നുണ്ടായിരുന്നു പണ്ട് പുരകൾ മേയാൻ ഉപയോഗിച്ചിരുന്ന നെയ്യ് പുല്ല്, തീറ്റപുല്ല്, എയ്യംപുല്ല്, ചായ്പുല്ലു പിന്നെയും ഒരുപാട് പുൽച്ചെടികൾ.....
തൃശൂർ എത്തുന്നതിനു മുൻപ് പിന്നെയും ചെറിയ സ്റ്റേഷനുകൾ പിന്നിട്ടു. പലതും വായിക്കാൻ കഴിഞ്ഞില്ല. മുഷിഞ്ഞ അനേകം വസ്ത്രങ്ങൾ മുന്നിൽ തൂക്കിയിട്ട കുഞ്ഞു വീടുകൾ ദാരിദ്ര്യത്തിന്റെ പ്രതീകം പോലെ തോന്നിച്ചു. വണ്ടി തൃശൂർ എത്തിയപ്പോൾ കുറെ പേർ ഇറങ്ങുകയും മറ്റു ചിലർ കയറുകയും ചെയ്തു.. അപ്പോഴേക്കും ഉച്ചയായി." ചോറ് ചോറ്... ബിരിയാണി... ഊണ്... വെള്ളം "എന്നിങ്ങനെ താളത്തിൽ പറഞ്ഞു കൊണ്ട് കേറ്റർസർവീസ് കാർ ചുറ്റും നടക്കുന്നുണ്ടായിരുന്നു. പലരും ഭക്ഷണം വാങ്ങി. ചിലർ ആർത്തിയോടെയും ചിലർ അല്ലാതെയും കഴിച്ചുകൊണ്ടിരിക്കുന്നു.
അപ്പോൾ അടുത്തിരുന്ന കോളേജ് വിദ്യാർത്ഥിയാണെന്നു തോന്നുന്ന ഒരു പയ്യൻ ബിരിയാണി പൊതി തുറന്ന്കൊണ്ട് പതുക്കെ ചോദിച്ചു "ചേച്ചി കഴിക്കുന്നില്ലേ? "ഞാൻ ചിരിച്ചുകൊണ്ട് "കൊണ്ടുവന്നിട്ടുണ്ട് " എന്ന് പറഞ്ഞു. യാത്രയിൽ കൂടുതൽ കഴിക്കാൻ പറ്റില്ല. ഞാൻ ചുക്ക് വെള്ളവും ഏത്തപ്പഴവും അകത്താക്കി.
ഭക്ഷണം കഴിഞ്ഞു, പലരും മയക്കത്തിന് തയ്യാറെടുത്തു. ട്രെയിൻ നീങ്ങുമ്പോൾ മേഘങ്ങൾ ഒളിച്ചുകളിക്കുന്നുണ്ട് പച്ച വയലിൽ കെട്ടി നിൽക്കുന്ന വെള്ളത്തിന്റെ തിളക്കത്തിലേക്കും വൃത്താകൃതിയിൽ കാണപ്പെട്ട ചക്രവാളത്തിലേക്കും നോക്കി ഞാനിരുന്നു. അപ്പോൾ മൊബൈലിൽ അത്യുച്ഛത്തിൽ സംസാരിച്ചു കൊണ്ട് ഒരു മധ്യവയസ്ക്കൻ തൊട്ടടുത്ത സീറ്റിൽ വന്നിരുന്നു. "കുഞ്ഞീഷ്ണൻ വന്നിരുന്നോ ?സെന്റിന് എത്ര പറഞ്ഞു ?എത്രവട്ടം പറഞ്ഞാലാ അവളുടെ തലേൽ... "അയാളുടെ ശബ്ദം അസഹനീയമായപ്പോൾ, പുസ്തകം വായിച്ചു കൊണ്ടിരുന്ന ഒരു മെലിഞ്ഞ യുവാവ് അതി തീഷ്ണമായി അയാളെ നോക്കി. ആ നോട്ടത്തിന്റെ ചൂടിൽ വെന്തപോലെ പെട്ടന്ന് അയാൾ എഴുന്നേറ്റു മറ്റൊരു ദിക്ക് അനേഷിച്ചു പോയി.
കേരളത്തിന്റെ കൾച്ചറൽ ക്യാപ്പിറ്റലും പൂരങ്ങളുടെ നാടുമായ തൃശ്ശൂരിൽ കണ്ട മലനിരകൾ, കറുത്ത വലുപ്പം കൂടിയ ആനകളെ ഓർമിപ്പിച്ചു. ആനപ്പുറത്തുള്ള ഒരു ചേതോഹരമായ കുടമാറ്റവും.
ഒരോ ഏകാന്തയാത്രയിലും ശാസനകളുടെയോ ലാളനകളുടെയോ പരിവേഷങ്ങളില്ലാതെ കാറ്റ് പോലെ ഒഴുകി പോവുകയാണ് നമ്മൾ.....
ചിലരെ ആദ്യമായി കാണുമ്പോഴും തോന്നും എന്നോ ഒരിക്കൽ വളരെ അടുത്ത ബന്ധമുള്ള ഒരാളായിരുന്നല്ലോ ഇതെന്ന്. അപരിചിതരായ നമ്മളെ ഗൗനിക്കാതെ അവർ നടന്നു മറയുമ്പോൾ നേരിയ നൊമ്പരം തൊട്ട് തലോടി പോവുകയും ചെയ്യും.
ഷോർണൂർ ജങ്ങ്ഷനിൽ എത്തുന്നതിനു മുൻപ്. ബാത്‌റൂമിലേക്ക് പോയ മെലിഞ്ഞുവെളുത്ത സ്ത്രീയെ കണ്ടപ്പോൾ എന്തുകൊണ്ടോ എനിക്ക് ഒരുത്സാഹം വന്നു. അവർ തിരിച്ചു വരാൻ വേണ്ടി വെറുതെ കാത്തിരുന്നു. തിരിച്ചു വരുമ്പോൾ അവരെന്നെ ഒട്ടും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.. .ട്രെയിനിൽ നിന്നും ഇറങ്ങി ആൾകൂട്ടത്തിൽ ഒരു പൊട്ട് പോലെ അവർ മറഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു വിഷമം തോന്നി . അന്നേരം അനന്തതയിൽ എവിടെനിന്നോ ഇളം നിറമുള്ള സാരിതുകിൽ എളിയിൽ തിരുകി "എന്തിനാ അനാവശ്യമായി ഓരോന്ന് ചിന്തിക്കുന്നത് "എന്ന അമ്മയുടെ സ്നേഹത്തിലുള്ള ശാസനയുടെ സ്വരം കേട്ടപോലെ തോന്നി.. ഞാൻ എന്റെ മതിഭ്രമം വിട്ടു എഴുന്നേറ്റു... പച്ചവെള്ളത്തിൽ മുഖം കഴുകി വീണ്ടും സീറ്റിൽ വന്നിരുന്നു.
രണ്ടു പെൺകുട്ടികൾ ലാപ്ടോപ്പുമായി സർക്കസ് അഭ്യാസികളുടെ മെയ് വഴക്കത്തോടെ മുകളിൽ കയറിപ്പറ്റി. അടുത്തിരുന്ന ആൺകുട്ടി കൈ മുട്ടിന് മേൽ തല ചായ്ച്ച് ഉറങ്ങാൻ തുടങ്ങി.
പലയിടത്തായി കണ്ട ഇരുണ്ട ജലാശയങ്ങൾ എന്നെ പേടിപെടുത്തുന്നുണ്ടായിരുന്നു... ഹംസങ്ങൾ നീരാടുന്ന നീല ജലാശയങ്ങളൊക്കെ കവിതകളിൽ മാത്രം ഒതുങ്ങി പോയിരിക്കുന്നു,എന്ന് തോന്നി.
മുളകുന്നത്തുകാവ്, വടക്കാഞ്ചേരി എന്നിങ്ങനെ ബോർഡുകൾ മാറി മാറി പ്രത്യക്ഷപെട്ടു.
സുന്ദരമായ കുന്നുകൾക്കും പാടങ്ങൾക്കും ഇടയിലൊരിടത്തു മെലിഞ്ഞുനീണ്ട ഒരു വൃദ്ധൻ പുറംതിരിഞ്ഞ്നിന്നു ഒരു കൊച്ചു കുട്ടിയെ ഉടുമുണ്ട് അഴിച്ചു കാണിക്കുന്നതും കുട്ടി ഓടി പോകുന്നതും കണ്ടു. എന്തൊരു ലോകം !എക്സ്ബിഷനിസം ചികിത്സിച്ചു മാറ്റാനാവാത്ത മാരകരോഗമാണെന്ന് തോന്നി.ഏതെല്ലാം ഉപദ്രവങ്ങളിൽ നിന്നു നമ്മുടെ കുട്ടികളെ രക്ഷിച്ചെടുക്കണം ?
ട്രെയിൻ മുന്നോട്ടു കുതിച്ചപ്പോൾ കൊച്ചു കൊച്ചു വീടുകൾ വീണ്ടും തെളിയാൻതുടങ്ങി. മഴ ശമിച്ചിരിക്കുന്നു ഇളം വെയിലിൽ പുതപ്പുകളും മറ്റും ഉണങ്ങാൻവിരിച്ചിട്ടിരിക്കുന്നു. കുറച്ചു പിള്ളേർ ചുറ്റും ഓടിക്കളിക്കുന്നു. ഒരു ചുവന്ന പാവടക്കാരിയുടെ കൈ നോക്കി എന്തോ പറഞ്ഞു ചിരിക്കുന്ന യുവാവ്. അന്നേരവും അന്ന് രാവിലത്തെ പത്രത്തിലെ ചിത്രങ്ങളുടെ ഓർമ്മ ഒരശനിപാതം പോലെ എന്നെ പൊതിയാൻ തുടങ്ങി. രാവിലെ അസ്വസ്ഥമായ മനസ്സിന്റെ തുടർ ചലനങ്ങൾ ആയിരുന്നു അവ......
ഭാരതപ്പുഴ മുന്നിൽ മെലിഞ്ഞുണങ്ങി, പലയിടങ്ങളിലായി വെളുത്ത പൂഴി മണൽ തെളിഞ്ഞ് കിടക്കുന്നു അല്പമുളള ജലത്തിൽ അങ്ങിങ്ങായി ചെറിയ തുരുത്തു പോലെ പ്രത്യക്ഷപ്പെടുന്നു പച്ചപ്പുകൾ.... പുഴയുടെ ഊർദ്ധനിശ്വാസം ആരും കേൾക്കുന്നുണ്ടായിരുന്നില്ല. ഷോർണൂർ ജംഗ്ഷനരികിൽ അരസിയും പേരറിയാത്ത കുറെ മരങ്ങളും കുളവാഴകളും.
മുറിച്ചിട്ട അനേകം മരങ്ങളുടെ ശിഖരങ്ങൾ പച്ച മാഞ്ഞു കരുവാളിച്ചിരിക്കുന്നു. ഉണങ്ങിയ മരങ്ങൾ എപ്പോഴും അപചയങ്ങളെ സൂചിപ്പിക്കുന്നു.. ഒരുപാട് റെയിൽവേ ട്രാക്കുകൾ കണ്ടപ്പോൾ പുളഞ്ഞോടുന്ന അനേകം സർപ്പങ്ങളാണെന്നു തോന്നി. കറുത്ത വിഷം ചീറ്റുന്ന സർപ്പങ്ങൾ.. നടുവിൽ പക്ഷെ ഒരു ഉദ്യാനവും കുറച്ചു പൂക്കളും ചിരിച്ചു നിന്നിരുന്നു...
അപ്പോഴും പൂത്തു നിൽക്കുന്ന കൊന്നമരം സിമന്റ് തറക്കുള്ളിൽ നിന്നും സ്വർണ മണികൾ കിലുക്കി. തറക്കരികിൽ ഇരുന്നു ഒരു കൊച്ചു കുടുംബം ഭക്ഷണം കഴിക്കുന്നു. ഒന്നിച്ചു ഒരിലയിൽ നിന്നും ഭാര്യയും ഭർത്താവും രണ്ടു ചെറിയ ആൺകുട്ടികളും. എന്തൊരു സ്നേഹത്തോടെയും തൃപ്തിയോടെയുമാണ് അവർ മരച്ചുവട്ടിൽ ഇരുന്നു ആസ്വദിച്ചു ആഹാരം കഴിക്കുന്നത് !
കുറെ നേരത്തിന് ശേഷമാണു വണ്ടി നീങ്ങി തുടങ്ങിയത് പിന്നെ കാഴ്ച്ചകൾ ശരവേഗം പിന്നോട്ട് മറയാൻ തുടങ്ങി.
കെട്ടിടങ്ങളുടെ ചന്തങ്ങൾ ഒരിക്കലും എന്റെ കണ്ണിൽ പതിഞ്ഞില്ല. പട്ടാമ്പിയിലാണെന്ന് തോന്നുന്നു വയലറ്റ് ചെമ്പരത്തിപൂക്കൾ അപൂർവ ശോഭയോടെ ഞെളിഞ്ഞു നിന്നത്. പിന്നെയുള്ള പേരുകൾ ഒന്നും വായിക്കാൻ കഴിഞ്ഞില്ല അത്രക്ക് സ്പീഡായിരുന്നു വണ്ടിക്ക്. കുറ്റിപ്പുറം എത്തിയപ്പോൾ ഇടശ്ശേരി യുടെ കുറ്റിപ്പുറം പാലം എന്ന കവിതയിലെ അമ്പ പേരാറേ നീ മാറിപ്പോമോ ആകുലമാം ഒരഴുക്കുചാലായി എന്ന ഉത്ക്കണ്ട എന്നേയും പൊതിഞ്ഞു പിടിച്ചിരുന്നു
അപ്പോഴും ഓലൊഞാലി കിളികളും മൈനകളും പറന്നു കളിക്കുന്നുണ്ട് അത്ര അകലെയല്ലാത്ത പ്ലാവിൽ നിന്നും നിരവധി ചക്കകൾ ആർക്കും വേണ്ടാതെ നിലത്തു വീണടിയുന്നുണ്ടായിരുന്നു സംസ്ഥാനപദവിനേടിയ ഗമയിൽ ചക്കഫെസ്റ്റിൽ അതിഥിയായി മറ്റു ചില ചക്കകൾ വിലസുന്ന കാലത്താണ് ഇവിടെ ഇങ്ങിനെ.. ചില ജന്മങ്ങളുടെ വിധിയാണത് അര്ഹിക്കുന്ന അംഗീകാരം കിട്ടില്ല മണ്ണോടു ചേരുന്നതു വരെ.
തിരൂര് സ്റ്റേഷനിൽ വണ്ടി നിറുത്തിയപ്പോൾ കണ്ടത് മഞ്ഞസാരിയണിഞ്ഞ ഗർഭിണിയുൾപ്പടെ പലരും കൂസലില്ലാതെ പാളം മുറിച്ചു കടക്കുന്നതാണ്. മിക്ക സ്ഥലത്തും ഫ്ലൈഓവറുകൾ കാഴ്ച്ച വസ്തുക്കളാവുന്നു.. വേഗത്തിൽ എത്താൻ തിടുക്കം കൂട്ടി ഒരിക്കലും എത്താൻ കഴിയാതാവുന്നവർ..
യാത്രക്കാർ ഓരോരുത്തരും ഒരോ ലോകത്താണിപ്പോൾ.. പ്രായം മനസ്സിനെ ബാധിക്കാത്തത് കൊണ്ടു കുട്ടികളുടെ ജിജ്ഞാസയോടെ ഞാൻ പുറത്തേക്ക് കണ്ണുകൾ പായിച്ചു കൊണ്ടിരുന്നു...
ആകാശം ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് പോലുള്ള കാഴ്ച്ച !
വലിയൊരു മരത്തിൽ നിറയെ പച്ചഇലകൾ അവക്കുള്ളിൽ ഇടക്ക് തെളിഞ്ഞ മഞ്ഞ പൂക്കൾ.
അവ പച്ച ആകാശത്തിലെ മഞ്ഞ നക്ഷത്രങ്ങളായി എനിക്ക് മുന്നിൽ ജ്വലിച്ചു നിന്നു...
യാത്രയുടെ ദൈർഘ്യം കുറഞ്ഞു വരുന്നു എന്ന ഓർമ്മ എന്നെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു.
പെട്ടെന്ന് ജീവിതയാത്രയിലും അതുതന്നെയാണല്ലോ സംഭവിക്കുന്നതെന്നു ഭീതിയോടെ ഞാനോർത്തു. ദിശയറിയാതെ ടിക്കറ്റ് എടുക്കാതെ നമുക്കറിയാത്ത ഏതോ തീരത്ത് നിര്ബന്ധപൂർവ്വം ഒറ്റക്ക് ഇറങ്ങേണ്ടി വരുന്നവരല്ലേ നമ്മളെല്ലാം എന്ന ചിന്ത അല്പനേരം ട്രെയിനിന്റെ കുലുക്കത്തിനൊപ്പം എന്നെ പിടിച്ചുലച്ചു.
താനൂർ എത്തിയപ്പോൾ പണ്ട് അമ്മമ്മ പറയാറുണ്ടായിരുന്ന'അമ്മ വെളുമ്പി, മോളു കറുമ്പി, മോളുടെ മോളൊരു ചൊങ്കിച്ചി 'എന്ന ചെടി കണ്ടു അത് മൂന്നു നിറങ്ങളുള്ള ഒരു കാട്ടുചെടിയായിരുന്നു.
പരപ്പനങ്ങാടി കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റേഷനാണ് അവിടെ കുറെ ബുൾഡോസറുകൾ കണ്ടു അവയുടെ കൈകൾ എപ്പോഴും എന്നെ പേടിപ്പിക്കുന്നതാണ്. തീവ്രമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന കമിതാക്കളിൽ ഒന്നിനെ അറുത്തു മാറ്റുന്ന മനുഷ്യന്റെ കൈ പോലെ തോന്നിച്ചു അത്..
അന്നേരം വണ്ടിയിൽ കയറിയ സ്ത്രീയും നന്നേ തടിച്ച പുരുഷനും പരസ്പരം ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല എതിർവശത്തെ ജാലകത്തോട് ചാരിയിരുന്നിട്ടും അയാൾ പുറത്തേക്ക് നോക്കിയില്ല പക്ഷെ ഒരു മത്സരത്തിലെന്നപോലെ നിരന്തരം ചായയും വടയും പഴംപൊരിയുമൊക്കെ കഴിച്ചുകൊണ്ടേയിരുന്നു സ്ത്രീ ഒന്നും കഴിക്കുന്നത് കണ്ടില്ല. ഇറങ്ങാൻ നേരത്ത് വലിയ ലഗ്ഗേജ് എടുക്കാൻ അവരോടു അയാൾ കൽപ്പിക്കുന്നത് കേട്ടു ഞാൻ അത്ഭുതപ്പെട്ടുപോയി
പിന്നെ കടലുണ്ടി പുഴ കണ്ടു. തെളിഞ്ഞ് സുന്ദരമായിരുന്നു.. പത്ത് പതിനേഴു വർഷം മുൻപ് അനേകം പേരുടെ ജീവൻ അപഹരിച്ച തീവണ്ടിഅപകടം ഓർമ്മയിലെത്തി. ഇന്നും കാരണം അജ്ഞാതമായ ദുരന്തം !
ഒരു സ്ഥലത്ത് പണം കൊടുത്തു ഉപയോഗിക്കാവുന്ന ശൗചാലയം 'എന്ന ബോർഡിന് താഴെയുള്ള ബഞ്ചിൽ ഒരു സ്ത്രീ കൈയിൽ തല വെച്ചു ഉറങ്ങുന്നു.
നീല ചൂരിദാറും കട്ടി നീല പാന്റും ധരിച്ച ഒരു സ്ത്രീ പച്ച കൊടി വീശി. ട്രെയിൻ ചലിച്ചു തുടങ്ങി.
ഫറൂക്ക് പുഴയും തെളിഞ്ഞതായി തോന്നി. ആഭരണങ്ങൾ ഒന്നും ധരിക്കാത്ത രണ്ടു പെൺകുട്ടികൾ ചിരിച്ചു കൊണ്ട് നടന്നു പോകുന്നു. പെട്ടെന്ന് എനിക്ക് എന്റെ മക്കളെ ഓർമ്മ വന്നു ഞാൻ ഫോണെടുത്തു ഒരു പാടു മിസ്സ് കോളുകൾ സന്ദേശങ്ങൾ. .. അത്രയും സമയം അവരെ വേവലാതിപെടുത്തിയതിനു ഞാൻ സുല്ലിട്ടു. എത്താറായി എന്ന് ആശ്വസിപ്പിച്ചു.
കല്ലായി എത്തിയപ്പോൾ പണ്ടത്തെ സിനിമയിലെ ഒരു രംഗം ഓർത്തു ചിരിവന്നു അതിൽ ഉർവശിയുടെ ഇഷ്ടം പിടിച്ചുപറ്റാൻ മമുകോയയും ഇന്നസെന്റും മത്സരിക്കുന്നുണ്ട്. "എനിക്ക് കല്യാണസൗഗന്ധികപൂ കൊണ്ടതരുവോ 'എന്നവൾ ചോദിക്കുന്നുണ്ട്. "എത്ര ചാക്ക് വേണം ഞാൻ കോണ്ടത്തരാം 'എന്ന മാമുക്കോയ പറയുമ്പോൾ ഇന്നസെന്റു "ഇത് കല്ലുമ്മകായ ഒന്നുമല്ല കല്ലായിപാലത്തിന് പറിച്ചെടുക്കാൻ "എന്ന് പറയുന്നുണ്ട് എത്ര കണ്ടാലും ചിരിക്കാൻ തോന്നുന്ന സീൻ.
കോഴിക്കോട് വലിയ തിരക്കായിരുന്നു ജനങ്ങൾ ഇറങ്ങുകയും കയറുകയും ചെയ്യുന്ന ബഹളം കുഞ്ഞു നാളിലെ വിചാരം മിട്ടായിതെരു എന്നാൽ നിറയെ പല വർണങ്ങളിൽ മിട്ടായി ചിതറി കിടക്കുന്ന തെരുവ് എന്നായിരുന്നു. അവിടെയുള്ള ഒരു ബന്ധു വരുമ്പോൾ കൊണ്ടുവരുന്ന പച്ച, ചുകപ്പ് വെള്ള അലുവകളുടെ മധുരവും ഒരു ഇമ്പോസിഷൻ കയ്പ്പും കോഴിക്കോട് സമ്മാനിക്കുന്നുണ്ട്. പോർച്ചുഗീസ് നാവികൻ വാസ്കോഡിഗാമ കാപ്പാട് കപ്പൽ ഇറങ്ങിയ വർഷം 1498ന് പകരം ഞാൻ 1948എന്ന് തിരിച്ചെഴുതിയതിനു കിട്ടിയ ശിക്ഷ.. ആ നൂറു ഇമ്പോസിഷൻ കൊണ്ട് ജീവിതത്തിൽ ഞാൻ എന്തു നേടി എന്നിപ്പോഴും അറിയില്ല.
വെള്ളയിൽ ഓർമ്മയിൽ ശരിക്ക് നിലക്കാത്ത ഒരു ഭൂതകാലം
എലത്തൂർ, ചേമഞ്ചേരി കൊയിലാണ്ടി, പയ്യോളി ട്രെയിൻ ഒരിടത്തും നിർത്തിയില്ല. നൂറ്റിഒന്ന് കഴിഞ്ഞ കഥകളി ആചാര്യൻ പത്മശ്രീ ചേമഞ്ചേരിയോടൊത്തു സെൽഫിയെടുത്തതും ചുണ്ടിനും കപ്പിനും ഇടക്ക് പയ്യോളി എക്സ്പ്രസ്സ് ആയ പി ടി ഉഷക്ക് ഒളിമ്പിക് മെഡൽ നഷ്ടമായതും മനസ്സിൽ തെളിഞ്ഞു.
സാമൂതിരിയുടെ ധീരനായ പടനായകൻ കുഞ്ഞാലിമരക്കാർ ഉറങ്ങുന്ന ഇരിങ്ങലും വടകരയും പിന്നിട്ടു വണ്ടി നീങ്ങി.
പുറത്ത് വെള്ള മന്ദാരങ്ങൾ പൂത്തു നിൽക്കുന്ന പ്രകൃതി. നനഞ്ഞ കുളിർമയുള്ള അന്തരീക്ഷം.
വടകരയിൽ ബൈക്കിനടുത്തു നിന്നു കറുത്ത പർദ്ദയിൽ പൊതിഞ്ഞ സ്ത്രീയുംകൂടെയുള്ള പുരുഷനും സെൽഫിഎടുക്കുന്നു. അവളുടെ രണ്ടു കണ്ണുകൾ മാത്രമല്ലേ പതിഞ്ഞിട്ടുണ്ടാവുകയുള്ളു എന്നോർത്ത് ഞാനിരുന്നു..
ആനന്ദിന്റെ ആൾക്കൂട്ടത്തിലെ തീവ്രമതവിഷം കൊണ്ട് വേലികെട്ടി കുരുക്കിയ മനസ്സ് എന്ന പ്രയോഗത്തെ കുറിച്ചായിരുന്നു പിന്നെ ചിന്തിച്ചത്.
എന്റെ തീരമെത്താൻ ഇനി കുറച്ചു നേരം മാത്രം. അടുത്ത സ്റ്റേഷനിൽ മാഹി എന്നും മയ്യഴി എന്നും ബോർഡ് കണ്ടു. ഇന്ത്യയിലെ ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരി (പുതുച്ചേരി )യുടെ ഭാഗമാണിത്. ലഹരിനുണയുന്നവരുടെ സ്വർഗ്ഗവും.
മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ വണ്ടി നീങ്ങുമ്പോൾ എം മുകുന്ദന്റെ ദാസനും ചന്ദ്രികയും, ഇച്ചിരി പൊടി തര്വോ കുറുമ്പി എന്ന് ചോദിച്ചു കൊണ്ട് ലസ്ളി സായിവും,അയിനെന്താ സായിവേ അതിത്ര ചോയിക്കാനുണ്ടോ എന്ന് പറഞ്ഞു കുറുമ്പിയമ്മയും തീരങ്ങളിലൂടെ തിക്കി തിരക്കി വരുന്നുണ്ടായിരുന്നു.
ഒരിക്കൽ കഥാകാരന്റെ കൈയ്യിൽ നിന്ന് വാങ്ങി ഇപ്പോഴും സൂക്ഷിക്കുന്ന സമ്മാനവും ഓർമ്മയിലെത്തി.
അടുത്തത് തലശ്ശേരിയാണു. ഇന്നത്തെ എന്റെ യാത്ര അവസാനിക്കുന്ന ഇടം. 'കേരളത്തിന്റെ പാരീസ് 'എന്ന് യൂറോപ്പ്യർ വിശേഷിപ്പിച്ച സ്ഥലം.
ശരിയാണ്.
അറബികടലിന്റെ തീരത്തുള്ള അതി മനോഹരമായ ഈ നഗരത്തിൽ സെന്റ് ആഞ്ചലോസ് കോട്ട പോലുള്ള പൗരാണിക ശേഷിപ്പുകൾ നിരവധിയുണ്ട്.
സ്വന്തം തുരുത്തിൽ എത്തപ്പെട്ട സന്തോഷത്തോടെ അടുത്തിരുന്നവരോട് കണ്ണ് കൊണ്ട് യാത്രാമൊഴി ചൊല്ലി, എന്റെ ചെറിയ തുകൽ ബാഗും കൈയ്യിൽ എടുത്തു,ഞാനിറങ്ങി.
അവിടെയും പുറത്തെ സ്റ്റാളുകളിൽ അന്നത്തെ പത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വീണ്ടും വിതുമ്പുന്ന മുഖം നോക്കാനുള്ള ത്രാണിയില്ലാതെ ഞാൻ മുന്നോട്ടു നടന്നു.
ആത്മാവിന്റെ ഏകാന്തമായ തീർത്ഥാടനമാണ് ഓരോ യാത്രയും....
മഴ ചെറുതായി പെയ്യാൻ തുടങ്ങി. കുത്തുപറമ്പിലേക്കുള്ള ബസ് കാത്തു നിൽക്കുമ്പോൾ എന്റെ മനസ്സിൽ ഒ വി വിജയന്റെ ഖസാക്കിലെ ഇതിഹാസംത്തിലെ കഥാപാത്രമായിരുന്നു "ആരോഹണാവരോഹണങ്ങളില്ലാത്ത കാലവർഷത്തിന്റെ വെളുത്ത മഴ നോക്കി ,അനാദിയായ മഴവെള്ളത്തിന്റെ സ്പർശമറിഞ്ഞു ബസ്സ് വരാനായി കാത്തു കിടന്ന ഒരു മനുഷ്യന്റെ മുഖം
വി.കെ.റീന