പുതിയ ടൗൺഷിപ്പിൻ്റെ രൂപരേഖ തയ്യാറാക്കും മുൻപ് വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തണം. അത് ഭാവിയിൽ കേരളത്തിനും ലോകത്തിനു തന്നെ മാതൃകയാകുന്ന ഒരു പുനരധിവാസ പദ്ധതിയിലേയ്ക്കുള്ള ആദ്യ ചുവടു വയ്പായിരിക്കണം. പദ്ധതി നിർവഹണത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും ദുരന്ത ബാധിതരുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പാക്കണം.
വസ്തുതകൾ പറയുമ്പോൾ ചിലർക്ക് തുള്ളൽ വരും. പാറമടയും റിസോർട്ട് നിർമ്മാണവുമാണ് ഉരുൾ പൊട്ടലിന് കാരണമെന്ന ഗാഡ്ഗിൽ സ്കൂൾ സൈദ്ധാന്തികരുടെ കുറിപ്പടി വായിച്ച് വിശ്വസിച്ചവശരായിരിക്കുന്ന മനുഷ്യർക്ക് മറ്റൊന്നും ഉൾക്കൊള്ളാനാവില്ല.
പക്ഷേ, എന്താണ് വസ്തുതകൾ?
ഒന്നാമത് മനുഷ്യസ്പർശം ഏതുമേയില്ലാത്ത നിബിഢവനങ്ങളിൽ നിരവധി ഉരുൾപൊട്ടലുകൾ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. പൊടുന്നന്നെ ചെളി കലങ്ങി കുത്തിയൊലിച്ചു വരുന്ന പുഴ കണ്ട് കാരണം തിരക്കുമ്പോഴാണ് നിബിഢ വനാന്തരങ്ങളിൽ എവിടെയോ ഒരു വൻ ഉരുൾ പൊട്ടലുണ്ടായ കാര്യം ലോകമറിയുക. ഉറവിടം കണ്ടെത്തുമ്പോഴേയ്ക്കും പ്രളയജലം കിലോമീറ്ററുകൾ താണ്ടി കടലിലെത്തിയിട്ടുണ്ടാകും!
കാട്ടിൽ ഉരുൾ പൊട്ടുന്നത് വിശ്വസിക്കാൻ ഗാഡ്ഗിൽ ഭക്തി സംഘത്തിന് ബുദ്ധിമുട്ടാണ്. യാഥാർത്ഥ്യങ്ങൾ പക്ഷേ, കുഴിച്ചുമൂടാനും ആവില്ല.
രണ്ടാമത്
മുണ്ടക്കൈയിലും ഉരുൾ പൊട്ടിയത് വൻമരങ്ങൾ നിറഞ്ഞ മലമ്പ്രദേശത്താണ്. ആകാശദൂരത്തിൽ പത്ത് കിലോമീറ്ററിനപ്പുറത്താണ് ഒരു പാറമടയുള്ളത്. ഭൗമ ശാസ്ത്രപരമായ ഒരു പഠനവും ഇവിടെ ഉരുൾ - പാറക്കോറി ഹൈപ്പോതി സീസിനെ പിന്തുണയ്ക്കില്ല.
മൂന്നാമത്.
ഒന്നാം പ്രതി അതി തീവ്ര മഴയായിരുന്നു. ലോകത്തെവിടെയാലും അത്ര തീവ്രമായ ഒരു മഴ മണ്ണിന് സംഭരിച്ചു നിർത്താനാവില്ല. ചരിവുകളിൽ മണ്ണിടിയുകയല്ലാതെ വേറെ വഴിയില്ല.
നാലാമത്
മുണ്ടക്കൈയിൽ മലയുടെ ഉൽഭവ കാലം മുതൽക്കേയുള്ള ഉരുളൻ പാറകൾ ധാരാളം ഉണ്ടായിരുന്നു. സാക്ഷാൽ പരിശുദ്ധാത്മാവ് വിചാരിച്ചാൽപ്പോലും അതിനെ പിടിച്ചു നിർത്താനാവില്ല.
അഞ്ചാമത്.
മരങ്ങളുടെ വേരുകൾ മണ്ണിനെ പിടിച്ചു നിർത്തും എന്നതൊക്കെ വെറും തിയറി മാത്രമാണ്. ഇത്രയും വലിയ മഴയിൽ വേരുകളിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം കൂടുതൽ പ്രശ്നകാരിയായി മാറും. വലിയ കാറ്റു വിശു മ്പോൾ ആകാശത്ത് കുട വിരിച്ചു നിൽക്കുന്ന മരത്തലപ്പുകൾ ഒരുത്തോലകം പോലെ മണ്ണിനെ പിടിച്ച് കുടയും. മണ്ണിടിച്ചിൽ രൂക്ഷമാകും. മലയും മരങ്ങളും കട പറിഞ്ഞ് ജല പ്രവാഹത്തിൽ താഴേയ്ക്ക് കുതിയ്ക്കും. പോകുന്ന വഴിമുഴുവൻ തകർത്ത് തരിപ്പണമാക്കും. ദുരന്ത ബാധിത പ്രദേശത്ത് അടിഞ്ഞു കൂടിയ വന്മരങ്ങളുടെ ദൃശ്യങ്ങൾ കണ്ടാൽ കാര്യങ്ങൾ ഏത് കൊച്ചു കുട്ടിയ്ക്കു പോലും മനസ്സിലാകും. മനസ്സ് മരമായി മാറിയവർക്കൊഴികെ.
ദുരന്തം വ്യക്തമാക്കുന്ന ഒരു കാര്യം കേരളത്തിൽ ഇനിയങ്ങോട്ട് ഭൂകമ്പങ്ങളെപ്പോലും പ്രതിരോധിക്കുന്ന ഉറപ്പുള്ള നിർമ്മിതികൾ ആവശ്യമുണ്ട് എന്നതാണ്. അതിന് പ്രകൃതി വിഭവങ്ങൾ തന്നെ ഉപയോഗിക്കേണ്ടി വരും. നിർമ്മാണ സങ്കേതങ്ങൾ പരിഷ്കരിക്കേണ്ടി വരും. ആദിവാസിക്കുടിലുകളാണ് സുരക്ഷിതമെന്നൊക്കെ പരിതഃസ്ഥിതി വാദികൾ പറഞ്ഞെന്നു വരും. അട്ടപ്പാടിയുടെ ഉരുൾപൊട്ടൽ ചരിത്രം മാത്രം മതിയാകും അതിൻ്റെ പൊള്ളത്തരം മനസ്സിലാക്കാൻ.
കൽപ്പനിക പരിതഃസ്ഥിതി വാദം തലയിലേറ്റി നടക്കുന്നവർക്ക് നേരം വെളുക്കാൻ വൈകിയേക്കാം. സാധാരണ മനുഷ്യർക്ക് അത് വരേയ്ക്ക് തങ്ങളുടെ ജീവിതം നീട്ടി വയ്ക്കാനാവില്ല.
പുതിയ ടൗൺഷിപ്പിൻ്റെ രൂപരേഖ തയ്യാറാക്കും മുൻപ് വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തണം. അത് ഭാവിയിൽ കേരളത്തിനും ലോകത്തിനു തന്നെ മാതൃകയാകുന്ന ഒരു പുനരധിവാസ പദ്ധതിയിലേയ്ക്കുള്ള ആദ്യ ചുവടു വയ്പായിരിക്കണം. പദ്ധതി നിർവഹണത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും ദുരന്ത ബാധിതരുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പാക്കണം.
ജോസ് കാടാപുറം