ഓഗസ്റ്റ് 19 മുതല്‍ 22 വരെ ചിക്കാഗോയിലെ യുണൈറ്റഡ് സെന്‍ററില്‍ നടത്തപ്പെട്ട ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കണ്‍വന്‍ഷന്‍ സംഘാടനത്തിലും നടത്തിപ്പിലും മുന്‍പ്രസിഡണ്ട്മാരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ക്കൊപ്പം ഓപ്റാ വിന്‍ഫ്രിയെപ്പോലുള്ള സെലിബ്രിറ്റികളുടെ സാന്നിദ്ധ്യത്താലും ആവേശഭരിതമായ സന്ദേശങ്ങളാലും അവിസ്മരണീയമായി.
ചിക്കാഗോ: ഓഗസ്റ്റ് 19 മുതല്‍ 22 വരെ ചിക്കാഗോയിലെ യുണൈറ്റഡ് സെന്‍ററില്‍ നടത്തപ്പെട്ട ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കണ്‍വന്‍ഷന്‍ സംഘാടനത്തിലും നടത്തിപ്പിലും മുന്‍പ്രസിഡണ്ട്മാരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ക്കൊപ്പം ഓപ്റാ വിന്‍ഫ്രിയെപ്പോലുള്ള സെലിബ്രിറ്റികളുടെ സാന്നിദ്ധ്യത്താലും ആവേശഭരിതമായ സന്ദേശങ്ങളാലും അവിസ്മരണീയമായി. വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ മൂലം ദുരന്തമായി മാറിയ 1968-ലെ ചിക്കാഗോ ഡെമോക്രാറ്റിക് കണ്‍വന്‍ഷന്‍, പത്ത് മാസമായി തുടരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുമോയെന്ന ഭീതി സംഘാടകരെ ഒട്ടേറെ അലട്ടുകയുണ്ടായി. ശക്തമായ പോലീസ് സാന്നിദ്ധ്യവും പഴുതടച്ചുള്ള കരുതല്‍ നടപടികളും അനിഷ്ടസംഭവങ്ങള്‍ ഏതും കൂടാതെ കണ്‍വന്‍ഷന്‍ വിജയപരിസമാപ്തിയില്‍ എത്തിച്ചു.
അമേരിക്ക ഒട്ടാകെയുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം, ലോകത്തിലെ വിവിധ ദേശങ്ങളില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരേയും അര ലക്ഷത്തിലധികം സന്ദര്‍ശകരെയും ഡെമോക്രാറ്റിക് കണ്‍വന്‍ഷന്‍ ചിക്കാഗോയിലേക്ക് ആകര്‍ഷിച്ചു. വിവിധ ദേശങ്ങളില്‍ ഉള്‍പ്പെടുന്ന 22 മില്യണിലധികം പ്രേക്ഷകര്‍ നാല് ദിവസം നീണ്ടുനിന്ന കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍ തത്സമയം ടെലിവിഷനില്‍ വീക്ഷിച്ചു. പ്രസിഡന്‍ഷ്യല്‍ നോമിനേഷന്‍ സ്വീകരിച്ചുകൊണ്ടുള്ള ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസ്സിന്‍റെ പ്രസംഗം ലോകമൊട്ടാകെയുള്ള 29 മില്യണ്‍ പ്രേക്ഷകര്‍ ശ്രവിച്ചു. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷനിലെ ഡോണള്‍ഡ് ട്രംപിന്‍റെ പ്രസംഗം ശ്രവിച്ചവരേക്കാള്‍ 4 മില്യണ്‍ അധികം.
40 മിനിട്ട് മാത്രം നീണ്ട കമലാ ഹാരിസ്സിന്‍റെ സ്വാനാര്‍ത്ഥിത്വം അംഗീകരിച്ചുള്ള പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ കാണികളെ ആവേശഭരിതരാക്കി. 19-ാം വയസ്സില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ റിസര്‍ച്ചിനായി തന്‍റെ മാതാവ് അമേരിക്കയില്‍ എത്തിയതും അക്കാലത്ത് നടന്നിരുന്ന പൗരാവകാശ സമ്മേളനങ്ങളില്‍ ഒന്നില്‍വെച്ച് തന്‍റെ പിതാവ് ജമൈക്കയില്‍ നിന്നുള്ള ഡോണള്‍ഡ് ഹാരിസ്സുമായി പരിചയപ്പെടുന്നതും ഏറെനാള്‍ ദീര്‍ഘിക്കാത്ത അവരുടെ ദാമ്പത്യം മൂലം അമ്മയുടെ മാത്രം സംരക്ഷണത്തില്‍ വളരേണ്ടിവന്ന സാഹചര്യവും ഹൃദയസ്പര്‍ശിയായി കണ്‍വന്‍ഷനില്‍ അവര്‍ അവതരിപ്പിച്ചു. ഏതാണ്ട് ഒരു മാസം മുമ്പുമാത്രം താന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ട സാഹചര്യവും പ്രസിഡണ്ട് ജോ ബൈഡനും കുടുംബവും തനിക്ക് നല്കുന്ന ഉറച്ച പിന്തുണയും നന്ദിയോടെ അവര്‍ സ്മരിച്ചു. വംശീയതയുടെയോ നിറത്തിന്‍റെയോ ലിംഗത്തിന്‍റെയോ വ്യക്തി താല്പര്യങ്ങളുടെയോ മുത്തശ്ശി സംസാരിച്ച ഭാഷയുടെയോ പരിഗണന കൂടാതെ എല്ലാവര്‍ക്കും തുല്യതയും സുരക്ഷയും മാന്യതയും നീതിയും ഉറപ്പാക്കുന്ന ഒരു ഭരണം അവര്‍ വാഗ്ദാനം ചെയ്തു. തന്‍റെ ഭരണത്തിന്‍ കീഴില്‍ അമേരിക്കയില്‍ നിയമവാഴ്ചയും സ്വതന്ത്ര തെരഞ്ഞെടുപ്പും സമാധാനപരമായ അധികാര കൈമാറ്റവും തുടരുമെന്നും കമലാ ഹാരിസ് പ്രഖ്യാപിച്ചു.
പ്രസിഡണ്ട് ജോ ബൈഡന്‍, പ്രഥമ വനിത ജില്‍ ബൈഡന്‍, മുന്‍ പ്രസിഡണ്ടുമാരായ ബില്‍ ക്ലിന്‍റണ്‍, ഭാര്യ ഹിലാരി ക്ലിന്‍റണ്‍, ജനപ്രിയ പ്രസിഡണ്ടായിരുന്ന ബറാക് ഒബാമാ, ഭാര്യ മിഷൈല്‍ ഒബാമ എന്നിവര്‍ക്കൊപ്പം വൈസ് പ്രസിഡണ്ട് നോമിനി ടിം വാല്‍സ്സ് എന്നിവരുടെ പ്രസംഗങ്ങള്‍ കണ്‍വന്‍ഷന്‍ സെന്‍ററിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചു. അഭിപ്രായ സര്‍വേകളില്‍ കമലാ ഹാരിസ്സിനെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനു മുന്നിലെത്തിക്കുവാന്‍ എവയെല്ലാം സഹായിച്ചു. എന്നാല്‍, ചിക്കാഗോ ഡെമോക്രാറ്റിക് കണ്‍വന്‍ഷനെ വ്യത്യസ്തമാക്കിയത് അതിലെ നിരവധി റിപ്പബ്ലിക്കന്‍ നേതാക്കളുടെ സാന്നിദ്ധ്യവും സന്ദേശങ്ങളുമാണ്.
രാഷ്ട്രീയ നിലപാടുകളില്‍ ഭിന്നത നിലനില്‍ക്കുമ്പോഴും റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് കണ്‍വന്‍ഷനുകളില്‍ എതിര്‍പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്നതും മുഖ്യപ്രഭാഷണങ്ങള്‍ നല്കുന്നതും മുമ്പും ഉണ്ടായിട്ടുണ്ട്. 1996-ലെ ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ ബില്‍ ക്ലിന്‍റനെ പിന്തുണച്ച് സാറാ ബ്രേഡി നല്കിയ സന്ദേശവും 2008-ലെ റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ അല്‍ഗോറിന്‍റെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയും കണക്ടിക്കട്ടില്‍ നിന്ന് ദീര്‍ഘകാലം യുഎസ് സെനറ്ററായി സേവനം ചെയ്തതുമായ ജോസഫ് ലിബര്‍മാന്‍ നല്കിയ മുഖ്യസന്ദേശവും അത്തരത്തില്‍പ്പെടുന്നതാണ്. പ്രസിഡണ്ട് റൊണാള്‍ഡ് റീഗന്‍റെ പ്രസ് സെക്രട്ടറി ആയിരുന്ന ജിം ബ്രേഡിയുടെ ഭാര്യയായ സാറാ ബ്രേഡി ബില്‍ ക്ലിന്‍റണ്‍ നടപ്പാക്കിയ 'അസ്സോള്‍ട്ട് വെപ്പണ്‍ ബാന്‍' പിന്തുണച്ച്, ആ നിയമം സ്ഥിരമായി നിലനിര്‍ത്തുവാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ ജോ ലിബര്‍മാനോ തന്‍റെ ആത്മസുഹൃത്തും വിയറ്റ്നാം യുദ്ധഹീറോയും ഉറച്ച ദേശസ്നേഹിയുമായ ജോണ്‍ മക്കൈന്‍റെ വ്യക്തിപ്രഭാവത്തെ പ്രശംസിച്ചാണ് റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ സംസാരിച്ചത്. റിപ്പബ്ലിക്കന്‍ നേതാക്കളായ ആഡം കിന്‍സിംഗര്‍, ജോര്‍ജിയയിലെ മുന്‍ ലഫ്. ഗവര്‍ണര്‍ ജിയോഫ് ഡംങ്കണ്‍, ഡോണള്‍ഡ് ട്രംപിന്‍റെ വൈറ്റ് ഹൗസ് സെക്രട്ടറി സ്റ്റെഫിനി ഗ്രിഷാം, വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ്സിന്‍റെ ദേശസുരക്ഷാ സഹായി ഒലിവിയാ ട്രോയിസ്, അരിസോണയിലെ മിസ്സാ സിറ്റി മേയര്‍ ജോണ്‍ ഗൈല്‍സ്, ഫ്ളോറിഡയില്‍ നിന്നുള്ള മാഗാ സപ്പോര്‍ട്ടര്‍ റിച്ച് ലോഗിസ്, അലബാമയില്‍ നിന്നുള്ള മുന്‍ ട്രംപ് അനുഭാവി കൈല്‍ സ്വിറ്റ്സര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന നീണ്ടനിര റിപ്പബ്ലിക്കന്‍ സാന്നിദ്ധ്യവും ട്രംപ് വിരുദ്ധ സന്ദേശങ്ങളും 2024 ഡെമോക്രാറ്റിക് കണ്‍വന്‍ഷന്‍, ഇടുങ്ങിയ രാഷ്ട്രീയ നിലപാടുകള്‍ക്കും വിഭാഗീയതയ്ക്കും അപ്പുറം അമേരിക്കയില്‍ അലയടിക്കുന്ന ദേശീയതയുടെ ദൃഷ്ടാന്തമായിരുന്നു.
ഇല്ലിനോയില്‍ നിന്നുള്ള മുന്‍ റിപ്പബ്ലിക്കന്‍ യുഎസ് കോണ്‍ഗ്രസ് അംഗവും 2021 ജനുവരി 6, തെരഞ്ഞെടുപ്പ് അട്ടിമറി കലാപം അന്വേഷിച്ച യുഎസ് കമ്മിറ്റി അംഗവുമായിരുന്ന ആഡം കിന്‍സിംഗര്‍ പ്രസംഗിച്ചത് കണ്‍വന്‍ഷന്‍റെ നാലാംനാള്‍ കമലാ ഹാരിസ്സിന് തൊട്ട് മുമ്പായി പ്രൈം ടൈമിലാണ്. താനും തന്‍റെ കുടുംബാംഗങ്ങളും ഇപ്പോഴും പൂര്‍ണ്ണമായും റിപ്പബ്ലിക്കന്‍ അനുഭാവികളാണെന്നും മുന്‍ പ്രസിഡണ്ട് ഡൊണള്‍ഡ് റീഗന്‍ തന്‍റെ എക്കാലത്തെയും ഹീറോയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍, ഡോണള്‍ഡ് ട്രംപിന്‍റെ രാഷ്ട്രീയ നിലപാടുകളും സ്വഭാവ വൈകൃതങ്ങളും അംഗീകരിക്കാന്‍ തനിക്ക് ഒട്ടും സാദ്ധ്യമല്ലെന്നും അവ അമേരിക്കന്‍ ജനാധിപത്യത്തേയും ഭരണഘടനയേയും അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യാതൊരു തത്വദീക്ഷയുമില്ലാത്ത തികഞ്ഞ സ്വാര്‍ത്ഥവ്യക്തിയാണ് ട്രംപ് എന്നും അദ്ദേഹം ആരോപിച്ചു. യഥാര്‍ത്ഥ യാഥാസ്ഥിതികനല്ലാത്ത ഡോണള്‍ഡ് ട്രംപ് ധാര്‍മ്മികത നടിക്കുന്ന അവിശ്വാസിയാണെന്നും കരുത്തനെന്നു നടിക്കുന്ന ദുര്‍ബല വ്യക്തിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആത്മാവ് ഡോണള്‍ഡ് ട്രംപും അനുഭാവികളും മൂലം ശ്വാസംമുട്ട് അനുഭവിക്കുകയാണെന്നും ഈ അവസ്ഥയില്‍ നിന്ന് തന്‍റെ പാര്‍ട്ടിയേയും അമേരിക്കയേയും രക്ഷിക്കുവാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ്സിന് വോട്ട് ചെയ്യുവാന്‍ അദ്ദേഹം അമേരിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലകൊണ്ടിരുന്ന ദേശീയതയും ദേശസ്നേഹവും ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തിലും അണികളിലും താന്‍ ദര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോര്‍ജിയയിലെ മുന്‍ റിപ്പബ്ലിക്കന്‍ ലഫ്. ഗവര്‍ണര്‍ ജിയോഫ് ഡംങ്കണിന്‍റേതായിരുന്നു ഡെമോക്രാറ്റിക് കണ്‍വന്‍ഷനിലെ മറ്റൊരു ശക്തമായ പ്രഭാഷണം. ഡോണള്‍ഡ് ട്രംപിന്‍റെ നുണപ്രചാരണങ്ങളും വഞ്ചനയും 2020 പ്രസിഡന്‍ഷ്യനിലെ ജനവിധി അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനകളും കലാപാഹ്വാനവും നിശിതമായി വിമര്‍ശിച്ച അദ്ദേഹം ഓവല്‍ ഓഫീസില്‍ കാലുകുത്തുവാന്‍ അദ്ദേഹത്തെ ഒരിക്കല്‍കൂടി അനുവദിക്കരുതെന്ന് നീണ്ട ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ആഹ്വാനം ചെയ്തു. കമലാ ഹാരിസ്സ്-ടിം വാന്‍സ്സ് ടീമിന് വര്‍ദ്ധിച്ചു ലഭിക്കുന്ന റിപ്പബ്ലിക്കന്‍ സ്വീകാര്യതയുടെയും പിന്തുണയുടെയും പ്രതിഫലനമാകും മുന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ്, മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളായിരുന്ന അന്തരിച്ച സെനറ്റര്‍ ജോണ്‍ മക്കൈന്‍, സെനറ്റര്‍ മിറ്റ് റോമ്നി എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന 200-ലധികം വ്യക്തികള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രഖ്യാപിച്ച പരസ്യപിന്തുണ.
ജോസ് കല്ലിടിക്കില്‍