ഒക്‌ടോബര്‍ 28 മുതല്‍ 31 വരെ, മന്‍ഡലീന്‍ സെമിനാരിയില്‍ വച്ച് നടന്ന ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി വിജയകരമായി സമാപിച്ചു. ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദികരും, സന്ന്യസ്തരും, ആത്മായരും അടങ്ങുന്ന നൂറ്റി ഒമ്പത് പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുത്തത്.
ചിക്കാഗോ: ഒക്‌ടോബര്‍ 28 മുതല്‍ 31 വരെ, മന്‍ഡലീന്‍ സെമിനാരിയില്‍ വച്ച് നടന്ന ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി വിജയകരമായി സമാപിച്ചു. ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദികരും, സന്ന്യസ്തരും, ആത്മായരും അടങ്ങുന്ന നൂറ്റി ഒമ്പത് പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുത്തത്.
ചിക്കാഗോ രൂപതയുടെ ആദ്യ എപ്പാര്‍ക്കിയല്‍ അസംബ്ലി 2008-ലാണ് നടന്നത്. 2001-ല്‍ സ്ഥാപിതമായ, ഇന്‍ഡ്യയ്ക്ക് പുറത്ത് രൂപീകരിക്കുന്ന ആദ്യ സീറോ മലബാര്‍ രൂപതയായ, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി 2026-ല്‍ ആഘോഷിക്കാന്‍ പോകുകയാണ്. അതിനു മുന്നോടിയായി, ഇന്ന് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് വളര്‍ച്ചയുടെ, അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്വീകരിക്കേണ്ട അദ്ധ്യാത്മികവും, ഭൗതികവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപതയുടെ വിവിധ മേഖലയില്‍ സേവനം ചെയ്യുന്നവരില്‍ നിന്നും ആരായുന്നതിനു വേണ്ടിയാണ് നാലു ദിവസം നീണ്ടു നിന്ന എപ്പാര്‍ക്കിയല്‍ അസംബ്ലി മുഖ്യമായും ലക്ഷ്യമിട്ടത്. അപ്പസ്‌തോലന്മാരുടെ പ്രബോധനം ഉള്‍ക്കൊണ്ട്, കൂട്ടായ്മ, പ്രാര്‍ത്ഥന, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവയില്‍ അധിഷ്ഠിതമായി, പരിശുദ്ധാത്മാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അസംബ്ലി നടന്നത്.
നാളിതുവരെ ദൈവ പരിപാലനയില്‍ രൂപതയെ നയിച്ചതിനു നന്ദി പ്രകാശിപ്പിക്കുന്നതിനോടൊപ്പം, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പ്രസക്തി, മുന്നോട്ടുള്ള പ്രയാണം, നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ എല്ലാം ചര്‍ച്ചകള്‍ക്ക് വിഷയങ്ങളായി. കുട്ടികളുടേയും യുവജനങ്ങളുടെയും വിശ്വാസ പരിശീലനം, വിശ്വാസ ജീവിതത്തില്‍ അടിയുറച്ച് നിലനിര്‍ത്തുന്നതിനുള്ള മുന്‍കരുതലുകള്‍, അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ വളര്‍ച്ച എന്നീ വിഷയങ്ങളും വിശദമായ ചര്‍ച്ചകള്‍ക്ക് പാത്രീഭവിച്ചു. സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും, ആരാധനാ ക്രമവും എന്നീ വിഷയങ്ങളില്‍ വടവാതൂര്‍ സെമിനാരി പ്രസിഡന്റ് റവ. ഫാ. ഡോ. പോളി മണിയാട്ട് നടത്തിയ പ്രഭാഷണങ്ങള്‍ അസംബ്ലിയില്‍ പങ്കെടുത്തവര്‍ക്ക് ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു.
ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയില്‍ അസംബ്ലി ഒക്‌ടോബര്‍ 28-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം, രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, പസ്സായിക് റുതേനിയന്‍ ഗ്രീക്ക് കാത്തലിക് ബിഷപ്പ് മാര്‍ കര്‍ട്ട് ബര്‍നെറ്റെ ഉദ്ഘാടനം ചെയ്തു. ചിക്കാഗോ രൂപതയുടെ പ്രഥമ ബിഷപ്പ്, മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും അവലോകനങ്ങളും നടന്നു. സമാപന സമ്മേളനം, ഒക്‌ടോബര്‍ 31-ാം തീയതി വ്യാഴാഴ്ച, ഔര്‍ ലേഡി ഓഫ് ലബനോന്‍ ലോസ് ആന്‍ഞ്ചലെസ് ബിഷപ്പ് മാര്‍ ഏലിയാസ് സെയ്ഡന്‍ നിര്‍വഹിച്ചു. ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ചിക്കാഗോ രൂപതയുടെ സ്ഥാപക ബിഷപ്പ്, മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ഇടുക്കി രൂപത ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, അമേരിക്കയിലെ സിറോ മലങ്കര രൂപത ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്റ്റിഫാനോസ് എന്നിവരുടെ സാന്നിധ്യവും പ്രഭാഷണങ്ങളും അസംബ്ലിയെ ധന്ന്യമാക്കി.
നാലു ദിവസം നീണ്ടു നിന്ന എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് രൂപതാ വികാരി ജനറാള്‍മാരായ, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. തോമസ് മുളവനാല്‍, ഫാ. തോമസ് കടുകപ്പള്ളി, ചാന്‍സലര്‍ റവ. ഫാ. ഡോ. ജോര്‍ജ് ദാനവേലില്‍, പ്രെക്യുറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലി ചാലുങ്കല്‍ തുടങ്ങി വിവധ വൈദികരും ആത്മായരും നേതൃത്വം നല്‍കി.
സമാപന സമ്മേളത്തില്‍, 2025 മെയ് മാസം 23, 24, 25 തീയതികളില്‍ ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റില്‍ വച്ച് നടക്കുന്ന യുക്രിസ്റ്റിക് കോണ്‍ഗ്രസിന്റെ ലോഗോ പ്രകാശനവും നടന്നു.