PRAVASI

മാതാപിതാക്കളെ അനുസരിച്ച് മുന്നേറുക: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തിൽ ശ്വേതാ മേനോൻ

Blog Image
മാതാപിതാക്കളെ അനുസരിച്ച് മുന്നേറുക എന്ന് പ്രശസ്ത സിനിമാ അഭിനേത്രി ശ്വേതാ മേനോൻ യുവതലമുറയെ ആഹ്വാനം ചെയ്തു. ഫിലഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം അണിയിച്ചൊരുക്കിയ അനന്യസുന്ദരമായ തിരുവോണാഘോഷത്തിന് തിരി തെളിച്ച് സന്ദേശം നൽകുകയായിരുന്നു ശ്വേത

ഫിലഡൽഫിയ: മാതാപിതാക്കളെ അനുസരിച്ച് മുന്നേറുക എന്ന് പ്രശസ്ത സിനിമാ അഭിനേത്രി ശ്വേതാ മേനോൻ യുവതലമുറയെ ആഹ്വാനം ചെയ്തു. ഫിലഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം അണിയിച്ചൊരുക്കിയ അനന്യസുന്ദരമായ തിരുവോണാഘോഷത്തിന് തിരി തെളിച്ച് സന്ദേശം നൽകുകയായിരുന്നു ശ്വേത. മഹാ ബലിയെ പോലെ ദാന ശീലരും നല്ല പ്രവർത്തികളുള്ളവരും ആയിരിക്കുമ്പോൾത്തന്നെ, ആരാലും ചവിട്ടി താഴ്ത്തപ്പെടാതിരിക്കാനും ഓരോരുത്തർക്കും കഴിയണം. കേരള സിനിമാ ലോകത്ത് അരുതായ്മകളുണ്ട്, എന്നാൽ, "നോ" പറയേണ്ടിടത്ത് "നോ" പറയാൻ കഴിഞ്ഞാൽ അബദ്ധങ്ങളിൽ വീഴാതിരിക്കാൻ കരുത്തുള്ളവരാകും. കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ തന്നെ, ആ ശിക്ഷണം ലഭിച്ചാൽ, ഉപകരിയ്ക്കും. “കളിമണ്ണ്” എന്ന് സിനിമയിൽ, ഗർഭാവസ്ഥയിലുള്ള കുഞ്ഞിൻ്റെ പരിചരണം മുതൽ, മനുഷ്യ ജീവൻ്റെ മഹത്വം പ്രകാശിപ്പിക്കുന്നവിധം,  ബ്ളസ്സി എന്ന ഇരുത്തം വന്ന ചലച്ചിത്ര സംവിധായകൻ്റെ ഫിലിം മെയ്ക്കിങ്ങിലൂടെ,  അവതരിപ്പിക്കുക എന്ന ലക്ഷ്യം നടപ്പാകാനായി, തൻ്റെ എല്ലാമെല്ലാമായ കുഞ്ഞിനു നൽകാവുന്ന അമൂല്യ സമ്മാനമായി ഞാൻ ആ ചിത്രത്തെ പരിഗണിക്കുന്നു; ശ്വേതാമേനോൻ വ്യക്തമാക്കി. അമേരിക്കയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, വർഷങ്ങളായി നടത്തി വരുന്ന തിരുവോണാഘോഷം അക്ഷരാർത്ഥത്തിൽ കേരളസംസ്കാരത്തിൻ്റെ  മഹത്തായ വശങ്ങളെ ജീവസ്സുറ്റതായി ആവിഷ്ക്കക്കരിക്കുന്നു, ഇതിൻ്റെ അണിയറ ശില്പികളും, നർത്തകരും കലാപ്രവർത്തകരും ട്രൈസ്റ്റേറ്റിലെ എല്ലാ മലയാളികളും അത്യധികമായ അനുമോദനം അർഹിക്കുന്നു. കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ വേദന തെല്ലിട മറക്കുവാൻ തനിക്ക് ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻ്റെ ഓണാഘോഷവും അതിലെ കലാ വിഭവങ്ങളും സഹായിച്ചു-  - ശ്വേതാ മേനോൻ അഭിപ്രായപ്പെട്ടു.

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നവംബറിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ക്രമീകരിക്കുന്ന  " കേരളാ ഡേ ആഘോഷങ്ങൾക്ക്'" , ഇതേ മനോഹാരിത ഉണ്ടാകട്ടെ.അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി സംഗീത ലോകത്ത് അത്ഭുതം തീർക്കുന്ന നവ്നീത് ഉണ്ണികൃഷ്ണൻ പ്രധാന അതിഥിയായിരുന്നു. അഭിലാഷ് ജോൺ (ചെയർമാൻ), ബിനു മാത്യൂ (ജനറൽ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറാർ), ജോബി ജോർജ് (ഓണാഘോഷ സമിതി ചെയർമാൻ), വിൻസൻ്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ  ഇരുപത്താറംഗ സംഘാടക സമിതിയാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്.

മയൂരാ റസ്ടോറൻ്റ്  തയ്യാറാക്കിയ 26 ഇന  ഓണ സദ്യ, മാതാ ഡാൻസ് സ്കൂൾ (ബേബി തടവനാൽ), നൂപുര ഡാൻസ് സ്കൂൾ (അജി പണിക്കർ), ലാസ്യ ഡാൻസ് അക്കാഡമി (ആഷാ അഗസ്റ്റിൻ), ഭരതം ഡാൻസ് അക്കാഡമി (നിമ്മീ ദാസ്), എന്നീ സ്കൂളുകളുടെയും മറ്റു നർത്തകരുടെയും ഗായകരുടെയും വിവിധ കലാ പരിപാടകളും,  മസ്സാറ്റോ സ്റ്റേജ് ആൻ്റ് വിഷ്വൽ ഓഡിയോ ടെക്നോളജിയും, അരുൺ കോവാട്ടിൻ്റെ ലെഡ് വാൾ വിഷ്വൽസും, ജോർജ് ഓലിക്കലിൻ്റെ മാവേലിയും, ആഷാ അഗസ്റ്റിൻ ഒരുക്കിയ മേഗാതിരുവാതിരയും, സുരേഷ് നായർ വിരിച്ച ഓണപ്പൂക്കളവും,  പി ഏ- എൻ ജെ വാദ്യ വേദിയുടെ അത്യുജ്ജ്വല ചെണ്ട മേളവും, മോഹിനി ആട്ടം, കഥകളി, ചവിട്ടു നാടകം, മാർഗം കളി, തെയ്യം, ഒപ്പന, കളരിപ്പയറ്റ്, കോൽക്കളി എന്നിങ്ങനെ  കേരളത്തിലെ വിവിധ ജില്ലകളിലെ തനതു കലാരൂപങ്ങളുടെ നൃത്താവിഷ്ക്കാരവും (ഭരതം ഡാൻസ് അക്കഡമി- ഫിലഡൽഫിയ),  വിൻസൻ്റ് ഇമ്മാനുവേലിൻ്റെ പ്രൊഗ്രാം കോർഡിനേഷനും, സ്പോൺസേഴ്സിൻ്റെ സമ്പത് സമൃദ്ധിയും, ജനസഹസ്രങ്ങളുടെ പങ്കാളിത്തവും ചേർന്ന്, കളമാടിയ  മാസ്മരിക ലോകം,  ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻ്റെ മഹാ തിരുവോണാഘോഷത്തെ കിടയറ്റതാക്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.