ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് വൈകിട്ടോടെയാണ്തഹാവൂർ റാണയുമായുള്ള വിമാനം ലാൻഡ് ചെയ്തത്. ചോദ്യം ചെയ്യലിനായി റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചു. പന്ത്രണ്ടംഗ സംഘമാണ് ചോദ്യം ചെയ്യുന്നത്. രണ്ട് ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യുന്നത്. എൻഐഎയുടെ കസ്റ്റഡിയിലാക്കിയശേഷം മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കും.
തിഹാർ ജയിലിലാണ് അതീവസുരക്ഷാ ക്രമീകരണങ്ങളോടെ തഹാവുർ റാണയെ നിലവിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നത്. തുടർന്ന് ഇവിടെനിന്ന് മുംബൈയിലെത്തിക്കുകയാണെങ്കിൽ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡിലെ സെൻട്രൽ ജയിലിലെ 12-ാം നമ്പർ ബാരക്കിലായിരിക്കും റാണയേയും പാർപ്പിക്കുക.
മുംബൈ ഭീകരാക്രമണ കേസിൽ മുംബൈ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ തഹാവൂർ റാണയെ പ്രതിയായി ഉൾപ്പെടുത്തിയിരുന്നില്ല. എൻഐഎ ചോദ്യം ചെയ്തതിന് ശേഷമാണ് തഹാവൂർ റാണയുടെ പങ്ക് വ്യക്തമായത്. പാക് സൈന്യത്തിൽ സേവനമനുഷ്ടിച്ച പശ്ചാത്തലമുള്ള തഹാവൂർ റാണയ്ക്ക് കടുത്ത പരിശീലനം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.