എഴുപത്തിയെട്ടു വയസ്സായ ഡൊണാൾഡ് ട്രംപിന് ഇപ്പോഴും പിഞ്ചു മനസ്സാണ്. നമ്മളൊക്കെ ചെറിയ ക്ലാസ്സിലൊക്കെ പഠിക്കുന്ന കാലത്തു മറ്റു കുട്ടികളെ ഇരട്ടപ്പേരു വിളിച്ചു കളിയാക്കുമായിരുന്നില്ലേ. അതുപോലെ
എഴുപത്തിയെട്ടു വയസ്സായ ഡൊണാൾഡ് ട്രംപിന് ഇപ്പോഴും പിഞ്ചു മനസ്സാണ്. നമ്മളൊക്കെ ചെറിയ ക്ലാസ്സിലൊക്കെ പഠിക്കുന്ന കാലത്തു മറ്റു കുട്ടികളെ ഇരട്ടപ്പേരു വിളിച്ചു കളിയാക്കുമായിരുന്നില്ലേ. അതുപോലെ ട്രംപ് തന്റെ രാഷ്ട്രീയ എതിരാളികളെ ഇരട്ടപ്പേരു വിളിച്ചു കളിയാക്കുന്നത് നാം ദിവസവും കേൾക്കുന്നില്ലേ? സ്ലീപ്പി ജോ, ക്രൂക്കഡ് ഹിലരി, ക്രേസി നാൻസി, പോൾകഹോണ്ടസ്,ഡിസാന്കറ്റിമോണിസ്, സ്ലോപ്പി ക്രിസ്റ്റി, ലയിൻ കമല അങ്ങിനെ എത്ര എത്ര പേരുകൾ. തന്റെ ഓരോ എതിരാളികൾക്കും പറ്റിയ ഇരട്ടപ്പേരു കണ്ടുപിടിക്കുന്നതിന് അദ്ദേഹത്തിനുള്ള വൈഭവം അഭിനന്ദനാർഹമാണ്. ഒരു പ്രസിഡന്റിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യം സിദ്ദികളിൽ ഒന്നാണത്.
പിന്നെ തന്റെ റാലികൾക്കു വരുന്ന ജനാവലിയുടെ വലിപ്പം പുള്ളിക്കാരന് വലിയ ബലഹീനതയാണ്. ആരെങ്കിലും തന്റെ ഒരു റാലിക്കു ആളു കുറഞ്ഞു പോയന്നെങ്ങാനും പറഞ്ഞാൽ ട്രംപിനു ഹാലിളകും. പിന്നെ തന്റെ റാലികൾക്കാണ് ഏറ്റവും കൂടുതൽ ആളുകൾ വരുന്നതെന്ന് പറഞ്ഞു സ്‌ഥാപിക്കാനുള്ള തത്രപ്പാടാണ്. പറഞ്ഞു പറഞ്ഞു മാർട്ടിൻ ലൂതർ കിങ്ങിന്റെ ഐതിഹാസികമായ അറ്റ്ലാന്റയിലെ പ്രസംഗം കേൾക്കാൻ വന്നതിലും കൂടുതൽ പേർ തന്റെ 2021 ജനുവരി 26ലെ വാഷിങ്ടണിലെ കുപ്രസിദ്ധമായ പ്രസംഗം കേൾക്കാനെത്തിയെന്നു വരെ അടിച്ചുവിട്ടു. പിന്നല്ലാതെ. ഏഴു വര്ഷം മുൻപ് താൻ പ്രസിഡന്റ് സ്‌ഥാനമേറ്റെടുത്തപ്പോൾ വാഷിങ്ടണിൽ എത്തിയ ജനാവലി ഒബാമയ്ക്ക് വേണ്ടി എത്തിയതിനേക്കാൾ കുറവായിരുന്നു എന്ന് ഏതോ വിവരമില്ലാത്ത ന്യൂസ് ചാനലുകാർ വിളിച്ചു പറഞ്ഞത് ട്രംപിനെ വല്ലാതെ ചൊടിപ്പിച്ചു. ആ വാർത്ത തെറ്റായിരുന്നെന്നും തന്റെ സ്‌ഥാനമേറ്റെടുപ്പിനായിരുന്നു കൂടുതൽ ആളുകൾ വന്നതെന്നും സ്‌ഥാപിക്കുവാൻ അദ്ദേഹം ഇപ്പോഴും അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. യേശുവിന്റെ മലയിലെ പ്രസംഗത്തിന് ഉണ്ടായിരുന്നതിന്റെ എത്രയോ ഇരട്ടി തന്റെ പ്രസംഗം കേൾക്കാൻ എത്തുന്നുണ്ടെന്ന് അദ്ദേഹം പറയുവാനും സാധ്യതയുണ്ട്.
ട്രംപിന്റെ മറ്റൊരു വൈദഗ്ധ്യം നുണപറച്ചിലിലാണ്. പകൽ പോലെ വ്യക്തമായ കാര്യങ്ങൾ പോലും നുണയായി അവതരിപ്പിക്കാൻ ഒരു ഉളുപ്പുമില്ല ആശാന്. കഴിഞ്ഞ നാലു വര്ഷം കൊണ്ടു തന്നെ 30573 നുണകൾ ട്രംപ് അടിച്ചു വിട്ടുണ്ടെന്നാണ് കണക്കു. ട്രംപിന്റെ നുണകളുടെ കണക്കു സൂക്ഷിക്കുവാൻ പോലും ആളുണ്ട് കേട്ടോ. അത് ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ നുണയനായി ഗിന്നസ് ബുക്കിൽ ഇടം നേടുവാൻ അദ്ദേഹത്തെ സഹായിക്കും. 2020ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ജോ ബൈഡൻ ജയിച്ചെങ്കിലും യഥാർത്ഥത്തിൽ താനാണു ജയിച്ചതെന്ന് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയും തന്റെ അനുയാളികളെ അതു വിശ്വസിപ്പിപ്പിക്കുകയം ചെയ്യുന്ന ട്രംപിന്റെ നുണചാതുര്യം അവിശ്വസനീയം തന്നെ. ഇപ്പോഴും താൻ തന്നെയാണ് പ്രസിഡന്റ് എന്ന് അദ്ദേഹത്തിന്റെ പിഞ്ചു മനസ്സ് മന്ത്രിക്കുന്നുണ്ടാവാം.
പിന്നെ സ്ത്രീവിഷയത്തിൽ ട്രംപിനുള്ള വൈഭവം പ്രത്യേകം പറയേണ്ടതില്ലല്ലോ. സുന്ദരിമാരായ ഭാര്യമാർക്ക് പ്രായേമേറുമ്പോൾ അവരെ മാറ്റി ചെറുപ്പക്കാരികളും കൂടുതൽ സുന്ദരിമാരുമായ പുതിയ ഭാര്യമാരെ സ്വീകരിക്കുക. ആഹാ ലൈഫ് ഈസ് ബ്യൂട്ടിഫുൾ. ഇപ്പോഴത്തെ ഭാര്യ മിലേനിയക്ക് 54 വയസ്സായിരിക്കുന്നു. ട്രംപിനെ സംബന്ധിച്ചിടത്തോളം അതല്പം കൂടുതലല്ലേ എന്നൊരു സംശയം. ഹോളിവുഡ് ആക്സസ് ടേപ്പും സ്റ്റോർമി ഡാനിയേലുമായുള്ള ഇടപാടുകളൊക്കെ വെറുതെ പറഞ്ഞുണ്ടാക്കിയതല്ലേ? അതൊക്കെ ആരു വിശ്വസിക്കാൻ. ഇവാങ്ക അതിസുന്ദരിയാണെന്നും തന്റെ മകളല്ലായിരുന്നെങ്കിൽ അവളെ ഞാൻ ഡേറ്റ് ചെയ്യുമായിരുന്നു എന്നും ട്രംപ് പറയുകയുണ്ടായി. സ്വന്തം മകളെ ഇതു പോലെ പ്രശംസിക്കുന്ന എത്ര പിതാമഹന്മാരുണ്ട് ഈ നാട്ടിൽ?
ഇതൊക്കെ വച്ചു നോക്കുമ്പോൾ അമേരിക്കയുടെ പ്രെസിഡന്റാകുവാൻ ഏറ്റവും യോഗ്യൻ ട്രംപ് തന്നെയാണ് . ഈ രാജ്യത്തു വളർന്നു വരുന്ന കുട്ടികൾക്ക് മാതൃകയാകുവാൻ ഇതിലും നല്ലൊരു വ്യക്തിത്വം വേറെ ആരുണ്ട്?
ഡോമി തറയിൽ