മലപ്പുറം വിവാദ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി എല്ലാക്കാലവും മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഒരു മതത്തിനെതിരെയും അദ്ദേഹം നിലപാട് സ്വീകരിക്കില്ലെന്ന് വെള്ളാപ്പള്ളിയെ അറിയാവുന്നവർക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എൻഡിപി യോഗത്തിൻ്റെയും എസ്എൻ ട്രസ്റ്റിൻ്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളിയെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആളുകളുടെ മനസുകളിലേക്ക് നല്ലതുപോലെ കയറുന്ന സരസമായ രീതിയിലാണ് വെള്ളാപ്പള്ളി കാര്യങ്ങൾ അവതരിപ്പിക്കുന്നത്. സരസ്വതി വിലാസം അദ്ദേഹത്തിൻറെ ഭാഷയ്ക്കുണ്ട്. അടുത്തിടെ ചില വിവാദങ്ങൾ ഉയർന്ന് വന്നത് നിർഭാഗ്യകരമാണ്. അത് ചില സമുദായത്തിനെതിരായ പരമാർശമായി വരുത്താൻ ശ്രമിച്ചു. എന്നാൽ ഒരു മതത്തിനെതിരെ അദ്ദേഹം നിലപാട് സ്വീകരിക്കില്ലെന്ന് വെള്ളാപ്പള്ളിയെ അറിയാവുന്നവർക്കറിയാം. തെറ്റിദ്ധാരണകൾ പരത്താനുള്ള അവസരം അദ്ദേഹത്തിൻറെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. അത്തരം കാര്യങ്ങളിൽ വെള്ളാപ്പള്ളി കൂടുതൽ ശ്രദ്ധ പുലർത്തണം. എന്തിനെയും വക്രീകരിക്കാനുള്ള ശ്രമമാണ് നാട്ടിൽ നടക്കുന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയാണ് പറഞ്ഞതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയതാണ്. രാഷ്ട്രീയ പ്രസ്ഥാനത്തിനോട് വിരോധമോ മമതയോ വച്ചുകൊണ്ട് പറഞ്ഞതല്ലെന്നും നിലവിലെ യാഥാർത്ഥ്യം വച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശമെന്നും മുഖ്യമന്ത്രി പറഞ്ഞു.വെള്ളാപ്പള്ളിക്ക് നൽകുന്നത് ഉചിതമായ സ്വീകരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുമാരനാശാൻ 16 വർഷമാണെങ്കിൽ വെള്ളാപ്പള്ളിക്ക് മൂന്ന് പതിറ്റാണ്ടുകാലം എസ്എൻഡിപി യോഗത്തിന് നേതൃത്വം കൊടുക്കാൻ കഴിഞ്ഞു.രണ്ട് സംഘടനകളുടെ നേതൃത്വമാണ് ഒരേ കാലത്ത് വെള്ളാപ്പള്ളി നിർവ്വഹിച്ചത്. തുടർച്ചയായി വിശ്വാസം നേടിയെടുക്കാനും നിലനിറുത്തുവാനും മെച്ചപ്പെട്ട നിലയിൽ കാര്യങ്ങൾ നിർവ്വഹിക്കാനും സംഘടനയെ വളർച്ചയിലേക്ക് നയിക്കാനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞെന്നും ഇനിയും ആർജവത്തോടെ വെള്ളാപ്പള്ളിക്ക് തുടരാനാരകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.