PRAVASI

വിലയില്ലാത്ത മനുഷ്യജന്മങ്ങൾ

Blog Image
എന്താണ് പ്രക്ഷുബ്ദ്ധരായ മലയാളിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് ? അവന്റെ പ്രതികരണശേഷിയും വന്ധ്യംകരിക്കപെട്ടുപോയോ ? അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആയിരക്കണക്കിന് തെരുവുനായ്ക്കളെ വന്ധ്യംകരിച്ചതായി പത്രമാധ്യമങ്ങളിൽ തലക്കെട്ടെഴുതിയാൽ, പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് അഹങ്കാരത്തോടെ പറഞ്ഞുനടക്കുന്ന  കുറെ ഭരണാധികാരികളും കേരളത്തിൽ ഉണ്ടല്ലോ.

എന്താണ് പ്രക്ഷുബ്ദ്ധരായ മലയാളിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് ? അവന്റെ പ്രതികരണശേഷിയും വന്ധ്യംകരിക്കപെട്ടുപോയോ ?
അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആയിരക്കണക്കിന് തെരുവുനായ്ക്കളെ വന്ധ്യംകരിച്ചതായി പത്രമാധ്യമങ്ങളിൽ തലക്കെട്ടെഴുതിയാൽ, പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് അഹങ്കാരത്തോടെ പറഞ്ഞുനടക്കുന്ന  കുറെ ഭരണാധികാരികളും കേരളത്തിൽ ഉണ്ടല്ലോ.
അവർ നാട്ടിൽ വിഹരിക്കുന്ന തെരുവുനായ്ക്കൾക്കും, വീടുകളും കൃഷിയും ഒത്താൽ മനുഷ്യനെയും കുത്തി മലർത്താൻ യഥേഷ്ടം നാട്ടിലേക്ക് ഇറങ്ങി വരുന്ന കാട്ടാനക്കൂട്ടങ്ങൾക്കും, പെരുകിക്കൊണ്ടിരിക്കുന്ന വിഷപ്പാമ്പുകൾ, പുലി തുടങ്ങിയ വന്യമൃഗാദികള്ക്കും തുണയായിരിക്കും.

ഇതുപോലെ തെരുവ് നായ്ക്കളുടെയും വന്യജീവികളുടെയും  ആക്രമണങ്ങൾ  കേരളത്തിലായിരിക്കാം ഏറ്റവും കൂടുതൽ എന്ന് പറയപ്പെടുന്നു. അത് വാസ്തവമെങ്കിൽ, ജനസുരക്ഷക്കു പ്രാധാന്യം കല്പിക്കാത്ത സർക്കാരും, പ്രതികരിക്കാതെ കുത്തിയിരിക്കുന്ന പൊതുജനമെന്ന കഴുതകളും ഒരുപോലെ ഉത്തരവാദികൾ തന്നെയെന്ന് ഓർത്തിരിക്കുക!

2022-23ലെ സാമ്പത്തിക അവലോകനം പ്രകാരം 2022-23ൽ 8,873 മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 48 പേർ പാമ്പുകടിയേറ്റും 27 പേർ ആനയുടെ ആക്രമണത്തിലും ഏഴ് പേർ കാട്ടുപന്നി ആക്രമണത്തിലും ഓരോരുത്തർ കാട്ടുപന്നിയുടെയും കടുവയുടെയും ആക്രമണത്തിലും 14 പേർ മറ്റ് മൃഗങ്ങളുടെ ആക്രമണത്തിലും മരിച്ചു. 
വ്യവസ്ഥാപരമായ പരിഹാരങ്ങൾ അവഗണിക്കപ്പെടുന്നതിനാൽ തെരുവ് നായ്ക്കളുടെ ആക്രമണം കേരളത്തിൽ തുടരുകയാണ്.

2022-23 കാലയളവിൽ, ജനുവരി വരെയുള്ള കണക്കിൽ 
 2,44,807 നായ്ക്കളുടെ കടിയും 3,29,554 പൂച്ച കടിയും റിപ്പോർട്ട് ചെയ്യപ്പെട്ടതായും വിവരാവകാശ മറുപടിയിൽ പറയുന്നു. 2024 ലെ കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും, മുൻ വര്ഷങ്ങളേക്കാൾ കൂടുതൽ ആകാനാണ് സാദ്ധ്യത.

ഇന്ന് മനുഷ്യജീവന് ഇവിടെ പുല്ലുവില പോലുമില്ല. ഇന്ന് രാവിലെ ഇന്റർവ്യൂവിന് പോകാൻ, ട്രെയിൻ കാത്തു നിൽക്കുന്ന ഒരു യുവാവിനെ പ്ലാറ്റ്‌ഫോമിൽ വെച്ച് ഒരു പേപ്പട്ടി കടിക്കുന്നു. വഴിയില്കൂടെ സ്‌കൂട്ടറിൽ പോകുന്ന മറ്റൊരാളെ തെരുവുനായ ആക്രമിച്ചപ്പോൾ സ്‌കൂട്ടർ സഹിതം അതിലെ നടന്നുപോകുന്ന വിദ്യാർത്ഥിനിയുടെ മേൽ മറിഞ്ഞു മറ്റൊരു അത്യാഹിതം സംഭവിക്കുന്നു. കൂടിനിൽകുന്ന നായ്ക്കൂട്ടങ്ങളെ ഭയന്ന് സ്‌കൂൾകുട്ടികളും മറ്റു കാല്നടക്കാരും പ്രാണരക്ഷാർത്ഥം ഓടിയകലുന്നു. പട്ടിശല്യം കാരണം വീട്ടമ്മമാർക്ക്‌ വീടിന് പുറത്തേക്കിറങ്ങാൻ വയ്യാതായിയ്ക്കുന്നു. കുട്ടികൾക്ക് പുറത്തിറങ്ങി കളിയ്ക്കാൻ ഭയം. അതിരാവിലെയും വൈകുന്നേരവും ജോലിക്ക് പോയി മടങ്ങാൻ, തനിയെ നടന്നു പോകാൻ ദൂരെ ജോലിക്ക് പോകുന്ന യുവതീയുവാക്കൾക്ക് അതിലും ഭയം.
മലയോരപ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷം, കൃഷിയെല്ലാം നശിപ്പിച്ചു, സ്വര്യം കെടുത്തി വിഹരിക്കുന്ന വന്യജീവികൾ. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ എല്ലാവരും ഭീതിയിൽ. ഇവിടെ ജീവിക്കാൻ ഭയമായിട്ട്, പലരും എല്ലാം ഉപേക്ഷിച്ചു പടിയിറങ്ങുന്നു.

വീട്ടില് വളർത്തുന്ന ആടുകളെ ഇരുട്ടിന്റെ മറവിൽ കൊന്നു തിന്നുന്ന പുലികൾ. ചക്ക തേടി വരുന്ന ആനക്കൂട്ടം, ചക്ക കിട്ടിയില്ലെങ്കിൽ പ്ലാവും തെങ്ങും വാഴകളും ചവുട്ടി അരച്ച് മുടിപ്പിച്ച് ഭയാനക അന്തരീക്ഷം സൃഷ്ടിച്ചു കടന്നു പോകുമ്പോൾ, നോക്ക് കുത്തികളായി ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ്.
നാല്പതും അമ്പതും വര്ഷങ്ങളില് കഷ്ടപ്പെട്ട്  സ്വരുക്കൂട്ടിയ  സകലതും ഉപേക്ഷിച്ചു ഓടേണ്ട ഗതികേടിലാണ് പാവം ജനങ്ങൾ.
മനുഷ്യജീവന് ആപത്ത് വരുമെന്ന് തോന്നുന്നതെന്തും ചോദ്യം ചെയ്യപ്പെടണം. ജനങ്ങളെ ഭയത്തിൽ ആക്കുന്ന ജീവികളെ ഉൽമൂലനാശം വരുത്തണം. പണ്ട് പേപ്പട്ടികളെ നാട്ടുകാർ ഓടിച്ചിട്ട് തല്ലിക്കൊല്ലുമായിരുന്നു. കടിച്ച മൂർഖൻ പാമ്പിനെ തിരഞ്ഞു പിടിച്ചു കൊന്നാലെ നാട്ടുകാർ അന്ന് ഉറങ്ങുമായിരുന്നുള്ളു. കാരണം പൊതുജീവിതത്തിൽ കുട്ടികളും സ്ത്രീ ജനങ്ങളും ഭയമില്ലാതെ വീടിനു പുറത്തിറങ്ങാനുള്ള സാഹചര്യം അനിർവാര്യമാണ്. സുരക്ഷിതത്വം മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യവും അവകാശവുമാണ് .മൃഗങ്ങളോട്  ക്രൂരത ഒരിക്കലും കാട്ടരുത്. പക്ഷേ മൃഗങ്ങൾ മനുഷ്യനോട് ക്രൂരത കാട്ടിക്കൊണ്ടിരിക്കുമ്പോൾ, കയ്യും കെട്ടി സഹിച്ചിരിക്കണമോ? അതെന്തു ന്യായം, അതെന്തു നീതി ജനങ്ങളുടെ സർക്കാരേ ?.

ഒരു മേനകയോ ഹരിദാസോ റഹീമോ ഡാനിയേലോ വെറുതെ മൃഗസ്നേഹം കാണിച്ചാൽ, അതിന് മാത്രം പ്രാധാന്യം നൽകുന്ന ചട്ടങ്ങൾ ഉയർത്തിപിടിക്കാതെ, അതെല്ലാം  തിരുത്തി കുറിക്കേണ്ട  സമയം വൈകിയിരിക്കുന്നു. അല്ലെങ്കിൽ ജെയ് വിളിക്കാനോ പ്രതികരിക്കാനോ ആരുമുണ്ടാവില്ല.

കാരണം ഇന്ത്യയിലെ നിയമം അനുശാസിക്കുന്നത് ശ്രദ്ധിച്ചാലും.
"പത്തു രൂപയോ അതിൽ കൂടുതലോ വിലയുള്ള ഏതെങ്കിലും മൃഗങ്ങളെ കൊല്ലുകയോ, വിഷം കലർത്തുകയോ, അംഗഭംഗം വരുത്തുകയോ, ഉപയോഗശൂന്യമാക്കുകയോ ചെയ്താൽ, രണ്ടു വർഷം വരെ നീണ്ടുനിൽക്കുന്ന തടവോ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടെയോ 
ശിക്ഷ വിധിക്കേണ്ടതാണ്.” (Section 428 of IPC (Indian Penal Code)

അപ്പോൾ മനുഷ്യ ജീവിക്ക് മാത്രം വിലയില്ല അല്ലേ ! അതോ പത്തു രൂപയിൽ കുറവാണോ അവന്റെ വില!

കേരളത്തിൽ മനുഷ്യന് ആപത്തു വരുത്തുന്ന ജീവികൾ ദൈന്യം ദിനം പെരുകിക്കൊണ്ടേയിരിക്കുന്നു. മറ്റു പലരാജ്യങ്ങളിലും നിലവിലുള്ളതുപ്പോലെ, പെരുകുന്ന വന്യജീവികളുടെയും അലഞ്ഞു നടക്കുന്ന തെരുവുനായ്‌ക്കളുടേയും എണ്ണം നിയന്ത്രിക്കാൻ നിയമവും നടപടികളും കൊണ്ടുവന്നില്ലെങ്കിൽ, മനുഷ്യത്വം മരവിച്ചുപോകുന്ന നാളുകൾക്കു നാം സാക്ഷിയാകാൻ ബാക്കിയുണ്ടാവുമോ ?

സമൂഹത്തോട്  ഉത്തരവാദബോധമുള്ള സംസ്ഥാനസർക്കാറും നടപ്പിലാക്കേണ്ട വകുപ്പ് ഉദ്യോഗസ്ഥരും അതിനുപയുക്തമായ  
ആര്ജവം കാട്ടാൻ തയ്യാറാകണം. മനുഷ്യൻ കഴിഞ്ഞിട്ടേ, മറ്റു മൃഗങ്ങൾക്കു വിലയുള്ളൂ, അങ്ങനെയാവണം നമ്മുടെ കാഴ്ചപ്പാടും നീതിശാസ്ത്രവും !

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.