PRAVASI

കിരിബാത്തിയിൽ 2025 പിറന്നു; ഭൂമിയിൽ ന്യൂ ഇയർ അവസാനമെത്തുന്ന ഇടത്ത് ആഘോഷിക്കാൻ ആളില്ല

Blog Image

ലോകമെമ്പാടുമുള്ളവർ പുതുവർഷം ആഘോഷിക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ്. പുതിയ പ്രതീക്ഷകളുമായി 2025ൻ്റെ പടിവാതിലിൽ എത്തി നിൽക്കുകയാണ് ലോകം. എന്നാൽ ലോകത്തെ വിവിധ ഇടങ്ങളിൽ വ്യത്യസ്തമായ സമയങ്ങളിലാണ് നൂ ഇയർ പിറക്കുക. ഭൂമിയുടെ ഭ്രമണവും വ്യത്യസ്ത സമയ മേഖലകളും കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.

റിപ്പബ്ലിക് ഓഫ് കിരിബാത്തിയിലെ ജനങ്ങളാണ് ആദ്യം പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നത്. പസഫിക് സമുദ്രത്തിലെ ഈ ചെറുദ്വീപിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്നരക്ക് (ഡിസംബർ 31) പുതിയ വർഷത്തിലേക്ക് കടക്കും. അതായത് ഇന്ന് ഇതിനോടകം കിരിബാത്തി 2025ലേക്ക് കടന്നുവെന്ന് സാരം. ഇതിന് എട്ടര മണിക്കൂറുകൾക്ക് ശേഷമായിരിക്കും ഇന്ത്യയിൽ പുതുവത്സരമെത്തുന്നത്. പതിനഞ്ച് മിനുട്ടുകൾക്ക് ശേഷം ന്യൂസിലൻഡിലെ ചാതം ദ്വീപും 2025നെ വരവേൽക്കും.

പിന്നാലെ ന്യൂസിലൻഡിലെ പ്രധാന നഗരങ്ങളായ ഓക്ക്‌ലൻഡും വെല്ലിംഗ്ടണും (നാലരക്ക്) പുതിയവർഷത്തിലേക്ക് പ്രവേശിക്കും. ഇതിനുശേഷം ഓസ്‌ട്രേലിയയിലെ സിഡ്‌നി, മെൽബൺ, കാൻബറ എന്നീ നഗരങ്ങളിലും ന്യൂ ഇയർ എത്തും. അഡ്‌ലെയ്ഡ്, ബ്രോക്കൺ ഹിൽ, സെഡുന തുടങ്ങിയ ചെറിയ നഗരങ്ങളിലെ പുതുവർഷ പിറവിക്ക് ശേഷം ക്വീൻസ്‌ലാൻഡും രാത്രി എട്ടരയോടെ പുതുവർഷ ആഘോഷത്തിലേക്ക് വഴുതി വീഴും.

എഷ്യയിൽ ന്യൂയർ ആദ്യമെത്തുന്ന പ്രധാന രാജ്യങ്ങൾ ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ തുടങ്ങിയവയാണ്. ഇന്ത്യൻ സമയം രാത്രി എട്ടരയോടെയാണ് ഇവിടങ്ങളിൽ പുതുവർഷം പിറക്കുന്നത്. ഇന്ത്യൻ സമയം രാത്രി എട്ടേ മുക്കാലോടെ ചൈന, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളും അടുത്ത വർഷത്തിലെത്തും. പിന്നാലെ ഇന്തോനേഷ്യ, തായ്‌ലൻഡ്, മ്യാൻമർ എന്നിവിടങ്ങളിലും പുതുവത്സരമെത്തും. ബംഗ്ലാദേശും നേപ്പാളും ഇന്ത്യയും ശ്രീലങ്കയും എകദേശം ഒരേ സമയം തന്നെ ന്യൂ ഇയർ ആഘോഷിക്കും. പിന്നാലെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പുതിയ വർഷത്തിലേക്ക് കടക്കും.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടെയായിരിക്കും ഇംഗ്ലണ്ടിലെ പുതുവര്‍ഷാഘോഷം. നാളെ രാവിലെ രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കയിൽ പുതുവര്‍ഷം ആരംഭിക്കുന്നത്. ലോകത്തിൽ പുതുവർഷത്തെ ഏറ്റവും അവസാനമായി വരവേൽക്കുന്നത് ഹവായിയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബേക്കർ, ഹൗലാൻഡ് എന്നീ ജനവാസമില്ലാത്ത ദ്വീപുകളായിരിക്കും. ഇവിടെ നാളെ (ജനുവരി ഒന്ന് ) ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരക്കായിരിക്കും 2025 പിറക്കുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.