ചിക്കാഗോ: ഇന്ത്യയില്‍ സാമ്പത്തിക ഉദാരവത്കരണത്തിനു വാതില്‍ തുറന്ന ധനകാര്യ വിദഗ്ദ്ധനും മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ കേരളാ ഘടകം അനുശോചനം അറിയിച്ചു.
പ്രസിഡണ്ട് സതീശന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ അനുശോചന യോഗത്തില്‍ ഐ.ഒ.സി ഭാരവാഹികളും അനുഭാവികളും പങ്കെടുത്തു. നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് സാമ്പത്തിക ഉദാരവത്കരണം, സ്വകാര്യവത്കരണം തുടങ്ങിയ പരിഷ്കാരങ്ങളിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ തന്നെ മാറ്റിമറിച്ചെന്ന് പ്രസിഡണ്ട് തന്‍റെ അദ്ധ്യക്ഷപ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
സാമ്പത്തിക വിദഗ്ദ്ധനില്‍ നിന്നും രാഷ്ട്രീയ നേതാവായുള്ള ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ വളര്‍ച്ചയും വഴിമാറ്റവും ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ നാഴികക്കല്ലായിരുന്നുവെന്ന് ചെയര്‍മാന്‍ തോമസ് മാത്യു പറഞ്ഞു.
കൂടാതെ തദവസരത്തില്‍ മുന്‍ പ്രസിഡണ്ട് ലീലാ മാരേട്ട്, മറ്റു ഭാരവാഹികളും അനുഭാവികളുമായ ഡോ. ഈപ്പന്‍ ജേക്കബ്, ഉഷാ ജോര്‍ജ്, എം.വി. ജോര്‍ജ്, സന്തോഷ് കാപ്പില്‍, സതീഷ് നൈനാന്‍, സജീവ്, ജോര്‍ജ്കുട്ടി, ജോഫി മാത്യു, ചെറിയാന്‍ കോശി, ഏലിയാസ് ജസ്റ്റിന്‍ ജേക്കബ്, ബാബു ചാക്കോ തുടങ്ങി നിരവധി പേര്‍ അനുശോചനം അറിയിച്ചു.
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍ യോഗനടപടികള്‍ ക്രമീകരിക്കുകയും ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.