ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ, തുടർന്ന് രണ്ട്-മൂന്ന് മാസം ബെഡ് റെസ്റ്റ്. അപകടത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റ വിവരമാണ് നടൻ അനീഷ് ഗോപാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. തന്റെ മാത്രം പിഴവുകൊണ്ടുണ്ടായ അപകടമാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ചിത്രം സഹിതമുള്ള കുറിപ്പിൽ താരം അറിയിച്ചു. എന്നാൽ അപകടം എങ്ങനെ സംഭവിച്ചുവെന്നതിന്റെ കൂടുതൽ വിവരങ്ങൾ അനീഷ് പുറത്തുവിട്ടിട്ടില്ല.
രസകരമായ രീതിയിലാണ് അപകടവിവരം അനീഷ് പങ്കുവെച്ചത്. “എന്റെ മാത്രം പിഴവ് കൊണ്ട് ഉണ്ടായ ഒരു അപകടം. അഞ്ച് ആറു മണിക്കൂർ നീണ്ട് നിന്ന ശസ്ത്രക്രിയ. രണ്ടു മൂന്നു മാസം ബെഡ് റെസ്റ്റ്. ജീവിതത്തിൽ ഒരു സെക്കന്റ് ചാൻസ് ഉണ്ട്. തിരിച്ചറിവിന്റെ ഒരു സെക്കന്റ് ചാൻസ്” എന്നാണ് കുറിപ്പിൽ പറയുന്നത്. “I will come back” എന്നും താരം കുറിച്ചു. തന്റെ കൈകൾക്ക് സംഭവിച്ച അപകടത്തെ നടൻ തനോസിന്റെ കൈകളോടും താരതമ്യം ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ചീക്കോട് സ്വദേശിയായ അനീഷ് ഗോപാൽ 2012ൽ പുറത്തിറങ്ങിയ ‘സെക്കൻഡ് ഷോ’യിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ടൊവിനോ തോമസ് നായകനായ ‘തീവണ്ടി’യിലെ സഫർ, ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ എന്ന ചിത്രത്തിലെ സുനിമോൻ, ‘ഭ്രമം’ സിനിമയിലെ ഓട്ടോക്കാരൻ ലോപ്പസ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ബ്ലസൺ എൽസ സംവിധാനം ചെയ്ത ‘വിവാഹ’യാണ് അനീഷ് വേഷമിട്ട ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
അഭിനയത്തിന് പുറമെ ‘യെല്ലോ ടൂത്ത്സ്’ എന്ന കമ്പനിയുടെ സാരഥി കൂടിയാണ് അനീഷ്. നൂറ്റമ്പതോളം ചിത്രങ്ങൾക്ക് പോസ്റ്റർ ഡിസൈൻ ചെയ്ത സ്ഥാപനമാണിത്. അപകടത്തിന് പിന്നാലെ ശസ്ത്രക്രിയയും വിശ്രമവും വേണ്ടിവരുന്ന സാഹചര്യത്തിലും “I will come back” എന്ന വാക്കുകളിലൂടെയാണ് താരം തിരിച്ചുവരവിന്റെ സൂചന നൽകിയിരിക്കുന്നത്.

