തിരുവനന്തപുരം: സ്‌കൂളുകളില്‍ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതിലും ബാഗ് പരിശോധിക്കുന്നതിലും സുപ്രധാന ശുപാര്‍ശകളുമായി ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തി. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ കുട്ടികളുടെ അന്തസിനും അഭിമാനത്തിനും പോറലേല്‍ക്കാത്ത രീതിയിലായിരിക്കണം ഈ പരിശോധന നടത്തേണ്ടത്.
സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കുണ്ട്. പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകള്‍ സ്‌കൂള്‍ സമയം അവസാനിക്കുന്നതുവരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാന്‍ അധികൃതര്‍ സൗകര്യമൊരുക്കണം. പഠനത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന ആഡംബര വസ്തുക്കളുടെ ഉപയോഗവും, ഗുണനിലവാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളുടെ അമിത ഉപയോഗവും കുട്ടികള്‍ ഒഴിവാക്കണമെന്നും, സ്‌കൂള്‍ സമയത്തെ മൊബൈൽ ഉപയോഗം ഗുരുതര അച്ചടക്കലംഘനമായി കാണണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കുട്ടികള്‍ മുടി വളര്‍ത്തുന്നതും കളര്‍ ചെയ്യുന്നതും മൊട്ടയടിക്കുന്നതുമെല്ലാം അവകാശമാണെങ്കിലും സ്‌കൂള്‍ അച്ചടക്കത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കണം. അതേസമയം, അച്ചടക്കത്തിന്റെ പേരിൽ കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് 60 ദിവസത്തിനകം സമര്‍പ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, തദ്ദേശ സ്വയംഭരണവകുപ്പ് ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

