PRAVASI

കേരളത്തെ തുറമുഖ നഗരമാക്കും, ഏവിയേഷൻ ഹബ്ബാക്കും! അഞ്ചുവർഷത്തെ വികസന ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് വി.ഡി. സതീശൻ

Blog Image

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ തുറമുഖ നഗരങ്ങളുടെ ശൃംഖലയാക്കി മാറ്റുകയും വ്യോമയാന മേഖലയിൽ വലിയ മുന്നേറ്റം കൈവരിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിൽ നടന്ന ‘ഇന്ത്യൻ എക്സ്പ്രസ് അഡ്ഡ’ പരിപാടിയിൽ സംസാരിക്കവെയാണ് സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ അദ്ദേഹം വിശദീകരിച്ചത്. രണ്ട് തുറമുഖങ്ങൾ, 18 ചെറു തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ തുറമുഖം, 600 കിലോമീറ്റർ തീരപ്രദേശം എന്നിവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളത് വ്യോമയാന ഹബ്ബായി മാറാനുള്ള വലിയ സാധ്യതയാണെന്നും സതീശൻ വ്യക്തമാക്കി. കൊച്ചിയിൽനിന്ന് കൊളംബോ, ഗോവ, ദുബായ്, മാലദ്വീപ് എന്നിവിടങ്ങളിലേക്കും കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കും ആഡംബര കപ്പൽ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. കേരളത്തിലെ 44 നദികളെ ബന്ധിപ്പിച്ചുള്ള ആഡംബര ക്രൂയിസ് യാത്രകളും ആലോചനയിലുണ്ട്. വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുന്നതിനായി കോഴിക്കോട്ട് എം.ടി.യുടെ പേരിൽ സാംസ്കാരിക പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഭരണകാര്യങ്ങളിലും വികസന പദ്ധതികളിലും സ്വന്തം പാർട്ടിയിൽനിന്നോ സഖ്യകക്ഷികളിൽനിന്നോ സമ്മർദമില്ലെന്നും എല്ലാ തീരുമാനങ്ങളും കൂടിയാലോചിച്ചാണ് എടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ലീഗിന്റെ സമ്മർദമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് ശക്തമായ മതേതര നിലപാടാണ് സ്വീകരിച്ചതെന്നും കേരളത്തിൽ മുസ്ലിം ലീഗ് ദുർബലമായാൽ അവരുടെ സ്ഥാനം തീവ്രവാദികൾ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും സതീശൻ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ സമരം നടത്തിയ യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തതിലും മുഖ്യമന്ത്രി പ്രതികരിച്ചു. റോഡ് തടസ്സപ്പെടുത്തുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളിൽ കേസെടുക്കുന്നത് സ്വാഭാവിക നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരം സംഭവങ്ങളിൽ കേസെടുക്കുന്നത് ഒഴിവാക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. തുറമുഖ വികസനം, ആഡംബര കപ്പൽ യാത്രകൾ, വ്യോമയാന മേഖല, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതികൾ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ എത്രത്തോളം നടപ്പാക്കാനാകുമെന്നതാണ് ഇനി ശ്രദ്ധേയം.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.