മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളിൽ പ്രതികരണവുമായി ഷാനിമോൾ ഉസ്മാനും ദീപ്തി മേരി വർഗ്ഗീസും രംഗത്ത്. ‘മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം’ എന്നായിരുന്നു വിഷയത്തിൽ ഷാനിമോൾ ഉസ്മാന്റെ പ്രതികരണം. താൻ പറഞ്ഞതിൽ എല്ലാ കാര്യങ്ങളുമുണ്ടെന്നും അവർ ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കുകയുണ്ടായി. ഇതിനുപുറമെ, പാർട്ടിയുടെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്ന് ദീപ്തി മേരി വർഗ്ഗീസും വ്യക്തമാക്കി. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെങ്കിലും അടൂർ പ്രകാശ് ഉന്നയിച്ച വിഷയത്തെക്കുറിച്ച് കൃത്യമായ വിവരമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, അടൂർ പ്രകാശ് പരസ്യമായി പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി ഗൗരവമായി പരിശോധിക്കും. കെ.പി.സി.സി ആസ്ഥാനത്ത് വെച്ച് ഇത്തരത്തിലൊരു വാർത്താസമ്മേളനം നടത്തി അതൃപ്തി പരസ്യമാക്കിയ നടപടി ദേശീയ നേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരെയുള്ള പരാതികൾ നേരത്തെ തന്നെ എഐസിസിക്ക് മുന്നിൽ എത്തിയിരുന്നുവെന്നാണ് സൂചനകൾ.

