ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 7 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178
Meeting ID: 814 7525 9178)
ലാറ്റിനമേരിക്കൻ മണ്ണിലേക്ക് ആദ്യമായി നോബൽ സമ്മാനം കൊണ്ടുവന്ന വിഖ്യാത കവയിത്രിയായ ഗാബ്രിയേല മിസ്ത്രാലിന്റെ തെരഞ്ഞെടുത്ത കവിതകള്‍ക്ക് സാഹിത്യവേദി അംഗമായ ലക്ഷ്‌മി നായർ (ആമി ലക്ഷ്മി) നടത്തിയ മലയാള വിവര്‍ത്തനങ്ങളുടെ സമാഹാരമാണ് "ചിലിയുടെ മണ്ണ്". ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയയായ ഒരു കവിയുടെ ആത്മാവ് മുഴുവന്‍ ആവാഹിക്കുന്ന ഈ കവിതകളില്‍ ദൈവം വെളിച്ചത്തിലേക്കിറങ്ങിവന്നു മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും ഒപ്പം നൃത്തം ചെയ്യുന്നു. മരിച്ചവരുടെ അസ്ഥികള്‍ ജീവിച്ചിരിക്കുന്നവരുടെ മാംസത്തെക്കാള്‍ ബലിഷ്ഠമാണെന്നും, ഉറഞ്ഞൊഴുകുന്ന വെളിച്ചത്തെ കണ്ണീരാക്കുന്ന നക്ഷത്രം എല്ലാ സൃഷ്ടികളേക്കാളുമധികം ഏകാന്തത അനുഭവിക്കുന്നുവെന്നും ഗാബ്രിയേല കണ്ടെത്തുന്നു. അമ്മയാകാത്ത കവിയുടെ രചനകളില്‍ കുഞ്ഞുങ്ങളോടും പ്രകൃതിയോടുമുള്ള വാത്സല്യവും സഹജീവികളോടുള്ള കാരുണ്യവും പ്രപഞ്ചത്തിന്റെ രഹസ്യം തേടുന്ന ആത്മീയതയും നിറഞ്ഞു നില്‍ക്കുന്നു.
തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയായ ആമി ലക്ഷ്‌മി ഷിക്കാഗോയിൽ താമസിക്കുന്നു. സയന്റിസ്റ്റും, എഴുത്തുകാരിയും എന്നതിനു പുറമെ ആമി ഒരു പരിസ്ഥിതി ഫോട്ടോഗ്രാഫർ കൂടിയാണ്. ഇരുപത്തഞ്ചോളം ശാസ്ത്രീയ ലേഖനങ്ങളും, "ലാറ്റിനമേരിക്കൻ യാത്രകൾ", "എ ലാമെന്റ് (A Lament)” എന്നീ പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. “എല്ലിസ് ഐലന്റിൽനിന്ന്” എന്ന അനുഭവം/ഓർമ്മ സമാഹാരത്തിന്റെ എഡിറ്ററായും ആമി പ്രവർത്തിച്ചിട്ടുണ്ട്. "മറക്കാൻ മറന്നത്", "കൊറോണക്കാലത്തെ വീട്" എന്നീ സമാഹാരങ്ങളിലും ആമിയുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിൽ ചെറുകഥകൾ, ലേഖനങ്ങൾ, വിവർത്തനങ്ങൾ എന്നിവയെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുസ്തകത്തെപ്പറ്റിയുള്ള സച്ചിദാനന്ദന്റെയും സി രാധാകൃഷ്ണന്റെയും കുറിപ്പുകൾ ഏറെ ശ്രദ്ധേയമാണ്.
"തെരഞ്ഞെടുപ്പിലും പരിഭാഷയിലും ആമി ലക്ഷ്മി ഒരു പോലെ സൂക്ഷ്മത കാണിക്കുന്നു. മലയാളത്തിലെ കാവ്യപരിഭാഷയ്ക്ക് കനപ്പെട്ട സംഭാവനയാണ് ഈ സമാഹാരം." - സച്ചിദാനന്ദൻ
"ഇങ്ങനെ ഒരു പെൺമനം മലയാളകവിത ഇതുവരെ കണ്ടിട്ടില്ല. ആമി ലക്ഷ്‌മി എന്ന ഒരേതൂവ്വൽപക്ഷിക്ക് നന്ദി." - സി. രാധാകൃഷ്ണൻ
നവംബർ മാസ സാഹിത്യവേദിയിൽ ഇത്തവണത്തെ നോബൽ സമ്മാനം ലഭിച്ച കൊറിയൻ നോവലിസ്റ്റ് ഹാൻ കാങ്ങിന്റെ "ദി വെജിറ്റേറിയൻ" എന്ന നോവലിന്റെ ആസ്വാദനം ശ്രീ ആർ എസ് കുറുപ്പ് അവതരിപ്പിച്ചത് വളരെ ഹൃദ്യമായിരുന്നു
പ്രിയ സാഹിത്യ സ്നേഹികളെ, വരുന്ന ഫെബ്രുവരി 7 -ന് ഷിക്കാഗൊ സാഹിത്യവേദി ഒരുക്കുന്ന സാഹിത്യ സായാഹ്നത്തിൽ ലക്ഷ്‌മി നായർ ചിലിയുടെ മണ്ണിലൂടെ നമ്മോടൊപ്പം സഞ്ചരിക്കും. ഈ പരിപാടിയിൽ പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ആമി ലക്ഷ്മി 847 401 8821
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955
ആമി ലക്ഷ്മി