PRAVASI

( വഴിവിളക്കുകള്‍-3 ) കുട്ടപ്പി

Blog Image

മേരി വൂള്‍സ്റ്റണ്‍ ക്രാഫ്റ്റിനെയോ, കേറ്റ് മില്ലറ്റിനെയോ, ജൂഡിത്ത് ബട്ട്ലറെയോ, ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനെയോ, അവരുടെ ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളെയോ കുറിച്ച് ആ സാധുസ്ത്രീ കേട്ടിട്ടുപോലുമുണ്ടാവില്ല. എങ്കിലും സ്ത്രീപക്ഷം എന്ന നിലയിലും വനിതാ ശാക്തീകരണം എന്ന ലേബലിലും നടക്കുന്ന പൊള്ളയായ പല ചാനല്‍ ചര്‍ച്ചകളേക്കാളും കോളം എഴുത്തുകളെക്കാളും സമൂഹമാധ്യമക്കുറിപ്പുകളെക്കാളും കാമ്പുള്ളതായിരുന്നു അവരുടെ പ്രവൃത്തികളും ജീവിതവും.
അയല്‍ക്കാരനായ ലോട്ടറിക്കാരന്‍ കുട്ടപ്പന്‍ചേട്ടന്‍റെ ഭാര്യ എന്ന നിലയിലാണ് ഞങ്ങള്‍ ആ സ്ത്രീയെ കുട്ടപ്പി എന്നു വിളിച്ചുതുടങ്ങിയത്. അവരുടെ യഥാര്‍ത്ഥ പേര് പിന്നീട് അറിഞ്ഞെങ്കിലും അവര്‍ എപ്പോഴും ഞങ്ങള്‍ക്ക് കുട്ടപ്പിയായി  തുടര്‍ന്നു. ലോട്ടറി കച്ചവടക്കാരനായ ഭര്‍ത്താവും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്നതായിരുന്നു അവരുടെ കുടുംബം. കിട്ടുന്ന വരുമാനത്തിന്‍റെ ഒരുഭാഗം മദ്യക്കുപ്പികള്‍ക്കു വേണ്ടി മാറ്റിവച്ചിരുന്ന ഭര്‍ത്താവിന് വീട്ടാവശ്യങ്ങള്‍ക്കും, മക്കളുടെ പഠനത്തിനും ആവശ്യമായ തുക വീട്ടിലേക്ക് തരാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ വിധിയെ പഴിച്ച്  കരയാന്‍ തയാറായില്ല. അവര്‍ ഭര്‍ത്താവിനോടും വിധിയോടും കലഹിച്ചത് വാക്കുകളിലൂടെ ആയിരുന്നില്ല, പ്രവര്‍ത്തികളിലൂടെ ആയിരുന്നു. ഒരു വരുമാന മാര്‍ഗം എന്ന നിലയില്‍ അവര്‍ കോഴികളെ വളര്‍ത്താന്‍ ആരംഭിച്ചു. അഞ്ചോ ആറോ കോഴികളില്‍ നിന്ന് ആരംഭിച്ച ആ സംരംഭം, ഞങ്ങള്‍ കുട്ടപ്പിയെ കാണുമ്പോഴേക്കും 30-ഓളം കോഴികളിലേക്ക് വളര്‍ന്നിരുന്നു. അയല്‍വീട്ടുകാരുടെ പരാതികളെ ഒന്നും വകവയ്ക്കാതെ അവര്‍ കോഴികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. സമീപപ്രദേശങ്ങളിലെ വീടുകളില്‍ ആവശ്യാനുസരണം മുട്ടയെത്തിച്ചുകൊണ്ട് അവര്‍ ജീവിതത്തോടു പൊരുതിക്കൊണ്ടിരുന്നു. കാല്‍മുട്ടു വേദന രൂക്ഷമായിരുന്നതുകൊണ്ട് ഏന്തിയേന്തിയാണ് നടന്നിരുന്നതെങ്കിലും തന്‍റെ കോഴികളെല്ലാം സുരക്ഷിതരാണെന്ന്, എല്ലാ വൈകുന്നേരങ്ങളിലും മുടന്തി നടന്നുകൊണ്ട് അവര്‍ ഉറപ്പിച്ചിരുന്നു. ഏതെങ്കിലും കോഴിയെ കാണാനുണ്ടെങ്കില്‍, സന്ധ്യാസമയം അയല്‍ വീടുകളില്‍ ആകുലതയോടെ അവയെ അന്വേഷിച്ച് നടക്കുന്ന കുട്ടപ്പിയെ ഞങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ട്.
നന്നേ ചുരുണ്ട മുടി പുറകില്‍ വട്ടത്തില്‍ കെട്ടിവെച്ച്, വലിയ ഒരു വട്ടപ്പൊട്ട് കുത്തി, നൈറ്റിക്ക് മുകളില്‍ ഒരു തോര്‍ത്തും വിരിച്ച്, കൈയില്‍ മുട്ടയുടെ പൊതിയുമായി വന്നു നാട്ടുവിശേഷങ്ങള്‍ പറഞ്ഞ്, മുട്ടയുടെ കാശുമായി മടങ്ങുന്ന ആ സ്ത്രീയെ ഒരല്പം ബഹുമാനത്തോടെ മാത്രമേ നോക്കാന്‍ സാധിച്ചിട്ടുള്ളൂ. പതിയെ അവര്‍ കോഴികള്‍ക്ക് പുറമെ ആടുകളെയും വളര്‍ത്താന്‍ ആരംഭിച്ചു.

വീട്ടുചെലവിനേ ആവശ്യമായ ഒരു തുക എല്ലാ മാസവും അവര്‍ സ്വന്തമായി കണ്ടെത്തിയിരുന്നു. വീട്ടാവശ്യങ്ങള്‍ കഴിഞ്ഞ് ഒരു തുക മിച്ചം പിടിക്കാനും അവര്‍ക്ക് പലപ്പോഴും കഴിഞ്ഞിരുന്നു. കുട്ടപ്പിയുടെ നിശബ്ദ വിപ്ലവത്തിന്‍റെ ഫലമാണോ എന്തോ, വര്‍ഷങ്ങളുടെ ശീലമായ മദ്യപാനം ഏതോ ഒരു സുപ്രഭാതത്തില്‍ കുട്ടപ്പന്‍ ചേട്ടന്‍ ഉപേക്ഷിച്ചു. ലോട്ടറി കച്ചവടത്തിന് പുറമേ സ്ഥലം പാട്ടത്തിനെടുത്ത്, കൃഷിയും കാര്യങ്ങളുമായി കുട്ടപ്പന്‍ ചേട്ടനും സ്ഥിരോത്സാഹിയായി.
കുട്ടപ്പന്‍ ചേട്ടന്‍റെ മാറ്റത്തിനു ശേഷവും കുട്ടപ്പി കോഴി വളര്‍ത്തലും മുട്ടക്കച്ചവടവും തുടര്‍ന്നു. മൂന്നു മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കി അവരെയൊക്കെ സ്വയം പര്യാപ്തരാക്കി. ഒരു മകള്‍ ഗവണ്‍മെന്‍റ് സ്കൂള്‍ അദ്ധ്യാപിക, മറ്റൊരാള്‍ പോലീസ് ഉദ്യോഗസ്ഥ, പിന്നൊരാള്‍ ഏറെ തിരക്കുള്ള ബ്യൂട്ടീഷന്‍. മൂന്നു മക്കളുടെയും വിവാഹവും അവര്‍ നല്ല രീതിയില്‍ നടത്തി. ആ മൂന്നു പെണ്‍മക്കളിലും അനിതര സാധാരണമായ ഒരു പോരാട്ട വീര്യം ഞാന്‍ കണ്ടിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ പകച്ചുനില്‍ക്കാതെ പൊരുതാനുള്ള ഒരു കഴിവ്. ജീവിത സാഹചര്യങ്ങളോടും, പരിമിതികളോടും പോരാടാനുള്ള ധൈര്യം ആ പെണ്‍കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തത് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള വെറും സാധാരണക്കാരിയായ ആ അമ്മയാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, സ്ത്രീശാക്തീകരണത്തെക്കുറിച്ച് ആയിരം പ്രസംഗങ്ങളോ, ലേഖനങ്ങളോ പറയുന്നതില്‍ അധികമായിരുന്നു കുട്ടപ്പി എന്ന സ്ത്രീ, ജീവിതം കൊണ്ട് എഴുതിയത്. ചരിത്രത്തിന്‍റെ താളുകളില്‍ അവരുടെ പേര് രേഖപ്പെടുത്തപ്പെടുകയില്ലെങ്കിലും പേരക്കുട്ടികളിലേക്കും പ്രവഹിക്കുന്ന ഊര്‍ജ്ജസ്രോതസ്സായി അവരുടെ വഴികളിലെയും ഇരുളകറ്റുന്ന പ്രകാശകിരണമായി അവരുണ്ടാവും!!

(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ആന്‍സി സിറിയക് ഇലക്കാട്ട്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.