കോഴിക്കോട്: ലാന മുന്‍ പ്രസിഡന്‍റും സാഹിത്യകാരനുമായ ഷാജന്‍ ആനിത്തോട്ടത്തിന്‍റെ പുതിയ പുസ്തകം 'ഹിമ' പ്രസിദ്ധീകരിച്ചു. കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ ആനുകാലികങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രസിദ്ധീകരിച്ച ഇരുപത്തിയൊന്ന് ചെറുകഥകളുടെ സമാഹാരമാണ് 'ഹിമ'. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാള സാഹിത്യലോകത്തെ സമാരാധ്യനായ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍റെ അവതാരികയും പ്രമുഖ നോവലിസ്റ്റും കഥാകാരനുമായ ബെന്യാമിന്‍റെ ആസ്വാദനക്കുറിപ്പും പുസ്തകത്തിന്‍റെ പ്രത്യേകതയാണ്.
ഷാജന്‍ ആനിത്തോട്ടത്തിന്‍റെ അഞ്ചാമത്തെ പുസ്തകമാണ് 'ഹിമ'. 2014 ല്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വച്ച് നടന്ന ലാന സാഹിത്യസമ്മേളനത്തില്‍ എം.ടി. വാസുദേവന്‍നായര്‍, സി. രാധാകൃഷ്ണന് ആദ്യപ്രതി നല്കി പ്രകാശനം ചെയ്ത 'ഹിച്ച്ഹൈക്കര്‍' (ചെറുകഥാ സമാഹാരം) ആണ് ഗ്രന്ഥകാരന്‍റെ ആദ്യത്തെ പുസ്തകം. പിറ്റേവര്‍ഷം കോഴിക്കോട് ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീറിന്‍റെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ അന്നത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം ഷാജന്‍ ആനിത്തോട്ടത്തിന്‍റെ രണ്ടാമത്തെ കൃതിയായ 'പൊലിക്കറ്റ' (കവിതാ സമാഹാരം) പ്രകാശനം ചെയ്തു. ബഷീറിന്‍റെ മകന്‍ അനീസ് ബഷീര്‍ പുസ്തകം ഏറ്റുവാങ്ങി. കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍റെ അദ്ധ്യക്ഷതയില്‍ 2018 മെയ് മാസം കോട്ടയത്തു വച്ച് നടന്ന സമ്മേളനത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ സഖറിയ കഥാകൃത്ത് ഉണ്ണി ആര്‍.ന് ആദ്യപ്രതി നല്കി മൂന്നാമത്തെ പുസ്തകമായ 'ഒറ്റപ്പയറ്റ്' (ലേഖന സമാഹാരം) പ്രകാശിപ്പിച്ചു. കറന്‍റ് ബുക്സ് തൃശൂര്‍ പ്രസിദ്ധീകരിച്ച ഷാജന്‍ ആനിത്തോട്ടത്തിന്‍റെ പ്രഥമ നോവല്‍ 'പകര്‍ന്നാട്ടം' 2021 ല്‍ വിപണിയിലെത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രന്‍ പ്രമുഖ നോവലിസ്റ്റ് യു.കെ. കുമാരന് നല്കിയാണ് ഔദ്യോഗിക പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. 'പകര്‍ന്നാട്ടം' മികച്ച ആസ്വാദകശ്രദ്ധ നേടി രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു.
കോട്ടയം ജില്ലയിലെ മോനിപ്പള്ളിയില്‍ ജനിച്ച ഷാജന്‍ ആനിത്തോട്ടം സെന്‍ട്രല്‍ ഗവണ്‍മെന്‍റ് സര്‍വ്വീസില്‍ അഞ്ചുവര്‍ഷത്തെ അദ്ധ്യാപകസേവനത്തിനു ശേഷം 1998 ല്‍ അമേരിക്കയിലേക്ക് കുടിയേറി. കുറവിലങ്ങാട് ദേവമാതാ കോളജ് (ബി.എ.), പാലാ സെന്‍റ് തോമസ് കോളജ് (എം.എ.), മാന്നാനം സെന്‍റ് ജോസഫ്സ് ട്രെയിനിംഗ് കോളജ് (ബി.എഡ്.), പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി (എം.ഫില്‍.), യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി, ചിക്കാഗോ (എം.എസ്. ഡബ്ള്യു.) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി ഇല്ലിനോയി സ്റ്റേറ്റ് ഗവണ്‍മെന്‍റ് സര്‍വ്വീസില്‍ മാനേജരായി ജോലി ചെയ്യുന്നു. ഉദ്യോഗത്തോടൊപ്പം കോണ്‍കോര്‍ഡിയ യൂണിവേഴ്സിറ്റി(ചിക്കാഗോ)യില്‍ പി.എച്ച്.ഡി. പഠനവും നടത്തുന്നു. കേരളത്തിലും വിദേശത്തുമായി നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 ഏപ്രിലില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സ്കോക്കി ഡിസ്ട്രിക്റ്റ് 69 ബോര്‍ഡ് ഓഫ് എഡ്യുകേഷന്‍ മെമ്പറായി മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന), ഇല്ലിനോയി മലയാളി അസോസിയേഷന്‍ എന്നിവയുടെ പ്രസിഡന്‍റായിരുന്നു. ലയണ്‍സ് ക്ലബ് ഇന്‍റര്‍നാഷണല്‍ വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ (ഡിസ്ട്രിക്റ്റ് വണ്‍ എഫ്), സ്കോക്കി വില്ലേജ് ഫാമിലി സര്‍വ്വീസ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ കര്‍മ്മഭൂമിയിലെ വിവിധ സാമൂഹിക സേവന പദ്ധതികളില്‍ പങ്കാളിത്തം വഹിക്കുന്നു.
മാതൃഭൂമി ബുക്സിന്‍റെ സ്റ്റാളുകളില്‍ നിന്നോ ഓണ്‍ലൈനായോ 'ഹിമ'യുടെ കോപ്പികള്‍ ലഭിക്കുന്നതാണ്. വില 250 രൂപ.