2012 നാളുകളിൽ ആരാലും അറിയപ്പെടാത്തവനായി ചിക്കാഗോ പട്ടണത്തിന്റെ ഏതോ ഒരു കൊച്ചു മൂലയിൽ ടേണിങ് പോയിൻറ് യു എസ് എ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ചാർലി ലക്ഷങ്ങളുടെ കണ്ണുനീരിൽ കുതിർന്ന പ്രണാമം ഏറ്റുവാങ്ങിക്കൊണ്ട് ലോകത്തോട് വിടചൊല്ലി.
ഏതു മനുഷ്യന്റെയും കണ്ണുകൾ ഈറനണിയിക്കുന്ന ഒരു ഉണർവിന്റെ തീനാളമായി മെമ്മോറിയൽ സർവീസ് അവസാനിച്ചു. ലോകത്തിൻറെ മുക്കിനും, മൂലയിൽ നിന്നും ഈ രാജ്യത്തിൻറെ പല കോണിൽ നിന്നും അനേകയായിരങ്ങൾ വിട പറയുവാൻ
അരിസോണയുടെ ഫീനക്സ് പട്ടണത്തിൽ പറന്നിറങ്ങി. ചരിത്രത്തിലാദ്യമെന്നവണ്ണം അമേരിക്കയുടെ പ്രസിഡണ്ടും, വൈസ് പ്രസിഡണ്ടും, ഫുൾ ക്യാബിനറ്റും അടങ്ങുന്ന വലിയൊരു സംഘം ഒരു രാജ്യസ്നേഹിയായിരുന്ന ഒരു സിവലിയൻ യുവാവിന് അന്ത്യോപചാരമർപ്പിക്കുവാൻ ഓടിയെത്തി.
ചാർലി തികച്ചും ഒരു രാജ്യസ്നേഹിയും, തികഞ്ഞ ഈശ്വരവിശ്വാസിയും, അനേകർക്ക് ഗുണകാംക്ഷിയും, ഇഷ്ടനും, സകല മനുഷ്യ വർഗ്ഗത്തെയും സ്നേഹിക്കുന്നവനും ആയിരുന്നു. ആരാലും അറിയപ്പെടാത്തവൻ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ ലോകജനതയുടെ ഹൃദയത്തിൻറെ അടിത്തട്ടിൽ മായാത്ത വ്യക്തിമുദ്രപതിപ്പിച്ചു. പ്രസിഡണ്ട് തുടങ്ങി എല്ലാ വ്യക്തികളുടെയും സന്ദേശങ്ങൾ ബൈബിൾ അധിഷ്ഠിതമായിരുന്നു. യേശുവിൻറെ സ്നേഹം വിളിച്ചറിയിക്കുന്നത് ആയിരുന്നു. ഒരു സുവിശേഷകന് ഒരു പുരുഷായുസ്സ് കൊണ്ട് കഴിയാത്തത് ചില മണിക്കൂറുകൾ നടന്ന മെമ്മോറിയൽ സർവീസിൽ ദൈവം ചെയ്തു. അനേകയായിരങ്ങൾ തങ്ങളുടെ ഹൃദയം യേശുവിനായി കൊടുക്കുന്നത് കണ്ടപ്പോൾ ഹൃദയം സന്തോഷിച്ചു, കണ്ണുകൾ നനഞ്ഞു. നിശ്ചയമായുംനരകം ഞെട്ടി വിറച്ചു.
ചാർലിയുടെ പ്രിയതമ എറിയിക്കയുടെ വാക്കുകൾ ഹൃദയഭേദകമായിരുന്നു. തൻറെ എല്ലാമായിരുന്നു പ്രിയതമനെ നിഷ്കരുണം കൊലചെയ്ത കൊലയാളിക്ക് മാപ്പു കൊടുത്തത് യേശുവിൻറെ സ്നേഹം അല്ലെങ്കിൽ പിന്നെ മറ്റെന്താണ് അത്? അനുഗ്രഹീതരായ ക്രിസ്തീയ ഗായികരുടെ ഒരു വലിയ നിര ലക്ഷങ്ങളെ ആരാധനയിലേക്ക് നയിച്ചപ്പോൾ, സ്വരാജ്യ സ്നേഹവും, ദൈവവിശ്വാസവും കോർത്തിണക്കി ദൈവസ്നേഹത്തിൽ പ്രസിഡണ്ട് തുടങ്ങി സന്ദേശങ്ങൾ കൈമാറിയപ്പോൾ ചാർലിയുടെ മെമ്മോറിയൽ സർവീസ് ഒരു ഉണർവ് യോഗമായി മാറി.
അബോർഷൻ, മയക്കുമരുന്ന് കള്ളക്കടത്ത്, ഉപയോഗം, നിയമലംഘനം, അനധികൃത കുടിയേറ്റം, ട്രാൻസ്ജെൻഡർ, കമ്മ്യൂണിസം, സോഷ്യലിസം, കുറ്റവാളികളെ ചേർത്തു പിടിക്കുന്ന അനീതിക്കെതിരെയും, അശുദ്ധിക്കെതിരെയും ചലിച്ച നാവ് നിശ്ചലമായെങ്കിലും, ഓടിയ ജീവിതം ആമേരിക്കയുടെ മണ്ണിൽ മറഞ്ഞുവെങ്കിലും കത്തിച്ച തിരിനാളം കെട്ടു പോയിട്ടില്ല. ആളിക്കത്തുവാൻ ആരംഭം കുറിച്ചിരിക്കുകയാണ്.
ദൈവസ്നേഹത്തെ കുറിച്ചും, ദൈവത്തിൻറെ ക്ഷമയെക്കുറിച്ചും, യേശുക്രിസ്തുവിൽ കൂടിയുള്ള രക്ഷയെ കുറിച്ചും, യേശു രാജാവെന്നും മുഴങ്ങിക്കേട്ട മറ്റൊരു മെമ്മോറിയൽ സർവീസ് നടന്നിട്ട് ഉണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു? ചാർലിയെ തല്ലിക്കൊടുത്തുവാൻ വർഗീയശക്തികൾ തുനിഞ്ഞുവെങ്കിലും പതിനായിരങ്ങൾ ചാർലിയായി എഴുന്നേൽക്കുകയാണ് ഇപ്പോൾ.
അമേരിക്ക എന്ന രാജ്യത്തെ വെറുക്കുവാനും, അമേരിക്ക ലോകരാജ്യങ്ങളിൽ വച്ച് ഏറ്റവും അധപതിച്ചതും, ഇവിടെ മുഴുവൻ വർഗീയതയും, വർണ്ണ വിവേചനവും ആണെന്ന് ഘോരം ഘോരം പഠിപ്പിക്കുന്ന കലാലയങ്ങൾ, സ്കൂളുകൾ നിരവധിയാണ്. ജനമിത് തിരിച്ചറിയണം. അമേരിക്കൻ പതാകയെ ചവിട്ടുകയും, തുപ്പുകയും, നിലത്തിട്ട് കത്തിക്കുകയും ചെയ്യുമ്പോൾ, മറ്റൊരു കൈയിൽ ഹമാസിന്റെയും, പലസ്തീനിന്റെയും, മറ്റു രാജ്യങ്ങളുടെയും പതാകകൾ ഉയർത്തിപ്പിടിച്ച് പോർവിളിക്കുന്ന ഒരു കൂട്ടം ദേശത്ത് എഴുന്നേൽക്കുകയാണ്. ഇവരോട് ഒന്നു മാത്രമേ നമുക്ക് സ്നേഹത്തോടെ പറയുവാൻ കഴിയുള്ളൂ രാജ്യം നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഇഷ്ടമുള്ള ഇടത്തേക്ക് മടങ്ങി പോകുക. ഭരണകൂടവും ഇതുതന്നെയാണ് പറയുന്നത്.
ദേശത്തെ ബാധിച്ചിരിക്കുന്ന ക്യാൻസറിനേക്കാൾ ഭയാനകമായ പാപത്തിന്റെ പ്രവണതകളും, പ്രവർത്തികളും കണ്ട് തലകുനിച്ചിരിക്കുവാൻ കഴിയില്ല. പഠനത്തിനായി കലാലയങ്ങളിൽ ചെന്നെത്തുന്ന തലമുറകൾ ദൈവമില്ലാത്തവരായും, വിവാഹം വേണ്ട എന്ന് പറയുന്നവരും, കുഞ്ഞുങ്ങൾ വേണ്ട എന്നു പറയുന്നവരും, സ്വരാജ്യ സ്നേഹം നഷ്ടപ്പെട്ടവരുമായി മാറുകയാണ്. ഇത് എത്രയോ ദുഃഖകരമാണ്. കുടുംബജീവിതത്തിന്റെ മൂല്യതയെ തല്ലി തകർക്കുന്ന ഇരുട്ടിൻറെ വ്യാപാരശക്തികൾ അമേരിക്കയുടെ മണ്ണിൽ ഇന്ന് നടമാടി കൊണ്ടിരിക്കുന്നു. രാജ്യദ്രോഹികളെ വളർത്തുകയും അവർക്കുവേണ്ടി ഒത്താശകൾ ചെയ്തു കൊടുക്കുകയും ചെയ്യുന്ന പിശാചിൻറെ കിങ്കരന്മാരെ തിരിച്ചറിയണം.
അധാർമികതയായുധമാക്കി, യുവ ജീവിതങ്ങളെ വഞ്ചിക്കുന്ന സുനാമി രാജ്യത്തെ വിഴുങ്ങുവാൻ ആവേശത്തോടെ തിരയടിച്ചു ഉയരുകയാണ്. വാടക കൊലയാളികൾക്ക് സമാന്തരമായി വാടക സമരക്കാർ പട്ടണത്തിന്റെ പല കോണുകളിൽ സ്ഥാനം ഉറപ്പിക്കുകയാണ്. ഇടതുപക്ഷ ശക്തികൾ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട്, ആണിനെ പെണ്ണാക്കി മാറ്റുകയും, പെണ്ണിനെ ആണാക്കി മാറ്റുകയും ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യം എന്ന് അവകാശപ്പെടുമ്പോൾ മറക്കരുത് ഇവർ തലമുറകളെ വഞ്ചിക്കുകയാണ്. ഇക്കൂട്ടർ ദൈവനിഷേധികളാണ്, കാലത്തിന്റെ കുത്തൊഴുക്കിൽ, ചരിത്രങ്ങൾ തിരുത്തിക്കുറിക്കുവാനും, ഇരുട്ടിനെ ആശ്ലേഷിക്കുവാനും, ഇവർ എഴുന്നേൽക്കുമ്പോൾ ലോകത്തിൻറെ വെളിച്ചമായ യേശുവിനെ ഉയർത്തി കാണിക്കുന്ന, സത്യത്തിന് വേണ്ടി നാവുകൾ ചലിപ്പിക്കുന്ന ചാർലിമാരെ കൊല്ലുവാൻ ഇവർക്ക് മടിയില്ല.
രാജ്യത്തിൻറെ ക്രമസമാധാനം തകർക്കുകയും, ഭയം വിതയ്ക്കുകയും ചെയ്യുന്ന വിഷവിത്തുക്കളെ പുറത്തുകളയേണ്ട സമയം വൈകിയിരിക്കുന്നു. പിശാച് അറുക്കുവാനും, മുടിക്കുവാനും, കൊല്ലുവാനുമാണ് വരുന്നത്. ലക്ഷ്യം ഒന്നുമാത്രമാണ് സമാധാനം തുടച്ചു മാറ്റുക, ബന്ധങ്ങൾ അറുത്തു മാറ്റുക, രാജ്യം ശിഥിലമാക്കപ്പെടണം
പാർട്ടി ഏതുമായിക്കൊള്ളട്ടെ പിശാചിൻറെ പ്രവർത്തികളെ തിരിച്ചറിയുക.
ഗോതമ്പുമണി നിലത്ത് വീണു ചാകുന്നില്ല എങ്കിൽ അത് തനിയെ ഇരിക്കും ചത്തു എങ്കിലും വളരെ വിളവ് ഉണ്ടാകും. ചാർലി എന്ന നല്ല ഗോതമ്പുമണി അമേരിക്കയുടെ മണ്ണിൽ വീണു. ഈ വിത്ത് നിശ്ചയമായും ഫലം പുറപ്പെടുവിക്കുന്ന അനേക തൈകൾ മുളപ്പിക്കും എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
കലാലയത്തിലും, ഔദ്യോഗിക തലങ്ങളിലും പറ്റിപ്പിടിച്ചു വളരുന്ന കളങ്കങ്ങളും, കളകളും പറിച്ചു മാറ്റണം. അപ്പോൾ പിശാചിന്റെ പ്രവർത്തികൾ അഴിയും.
മതത്തിൻറെ പേരിലും, രാഷ്ട്രീയതയുടെ മറവിൽ നിന്നുകൊണ്ടും, ജനഹൃദയങ്ങളെ വഞ്ചിക്കുന്ന സാത്താന്യ പ്രവർത്തികളെ നാം തിരിച്ചറിഞ്ഞ് അതിന് എതിരെ പ്രതികരിക്കേണ്ടത് ആവശ്യമത്രേ. അമേരിക്കയുടെ പ്രകാശകിരണങ്ങളായി നിലകൊണ്ട പല പട്ടണങ്ങളും ഇന്ന് ഒരു മൂന്നാം കിട രാജ്യത്തെകാളും താഴ്ന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നു. ഈ പട്ടണത്തിന്റെ തെരുവുകളിൽ നിരപരാധികളുടെ ജീവൻ പൊലിഞ്ഞു വീണു. ഭയത്തോടെയാണ് പലരും ഇവിടെ പാർക്കുന്നത്. ഇതിനു മാറ്റം വരണ്ടയോ? ഇവിടുത്തെ അധികാരികൾ ആനപ്പുറത്ത് ഇരിക്കുന്നവരാണ്. അവരെ നിശ്ചയമായും അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾ കടിക്കില്ല. നാം തിരിച്ചറിയണം. രാജ്യം ശിഥിലമായിക്കൊണ്ടിരിക്കുമ്പോൾ, കുടുംബങ്ങൾ തകർന്നുകൊണ്ടിരിക്കുമ്പോൾ, കലാലയങ്ങൾ അക്രമി സംഘങ്ങൾ കൈയടക്കുമ്പോൾ, പള്ളികൾ അടയ്ക്കപ്പെടുമ്പോൾ പട്ടുമെത്തയിൽ കിടന്നുകൊണ്ട് കണ്ണടച്ചിരിക്കുവാൻ എങ്ങനെ കഴിയും?
വിശ്വാസവും, ആത്മികതയും ഒളിച്ചുവയ്ക്കുവാൻ ഉള്ളതല്ല. ഇരുട്ടിൻറെ അധികാരത്തോട് യുദ്ധം ചെയ്യുവാൻ തെരഞ്ഞെടുക്കപ്പെട്ട കാവൽഭടന്മാരാണ് നാമോരോരുത്തരും. മറന്നുപോകരുത്. ഈ മണ്ണിൽ ഇനിയും അനേക ചാർളിമാർ ജനിച്ചു വീഴട്ട, എഴുന്നേൽക്കട്ടെ. .jpg)
പാസ്റ്റർ മാത്യു വർഗീസ്,ഡാളസ്

