കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പോലീസ് സേനയ്ക്കുള്ളിൽ കടുത്ത അതൃപ്തി. കേസിന്റെ അന്വേഷണത്തിൽ സ്വീകരിച്ച ഓരോ നടപടിയും മേലുദ്യോഗസ്ഥരെ കൃത്യമായി അറിയിച്ചിരുന്നിട്ടും, സ്റ്റേഷൻ തലത്തിലുള്ള താഴെത്തട്ടിലെ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി എന്ന ആരോപണമാണ് ഉയരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ട വീഴ്ച അന്വേഷിക്കാത്തതിലും സേനയ്ക്കുള്ളിൽ പ്രതിഷേധം പുകയുകയാണ്.
ജയബാലകൃഷ്ണൻ എന്ന 55-കാരന്റെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ചത് അഡീഷണൽ ജഡ്ജിയുടെ മകനായതിനാൽ, വിഷയം അതീവ ഗൗരവത്തോടെയാണ് കണ്ടതെന്നും എല്ലാ വിവരങ്ങളും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സെൻട്രൽ എ.സി.പി, ഡി.സി.പി, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എന്നിവരെയെല്ലാം വിവരങ്ങൾ അറിയിച്ചാണ് തുടർനടപടികളിലേക്ക് കടന്നത്. എന്നിട്ടും സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി നടപടിയെടുത്തതാണ് മറ്റ് ഉദ്യോഗസ്ഥരുടെ അമർഷത്തിന് കാരണം.
ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ വിശ്വജിത്ത്, സി.ഐ ശ്യാം കുമാർ, ഗ്രേഡ് എസ്.ഐ മനോജ്, സി.പി.ഒ അരുൺജിത്ത് എന്നിവർക്കെതിരെയാണ് ആഭ്യന്തര വകുപ്പ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആഭ്യന്തരമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ. എ.ഡി.ജി.പി പി. വിജയൻ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിക്കുകയും ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

