PRAVASI

ഫൊക്കാനയുടെ ഒന്നാം അമരക്കാരന് കണ്ണീരോടെ വിട

Blog Image

അമേരിക്കൻ മലയാളി സംഘടനാ നേതൃത്വത്തിലെ ഏറ്റവും മികച്ച സംഘാടകൻ ഡോ. അനിരുദ്ധൻ അന്തരിച്ചു എന്ന വാർത്ത വളരെ വേദനയോടെയാണ് ഇന്നലെ കേട്ടത്. അദ്ദേഹവുമായുള്ള ഓർമ്മകൾ ഓർത്തെടുത്ത് ഒരു കടലാസിലേക്ക് പകർത്തുക എന്നത് അസാധ്യമായി തോന്നി. ഒരു ആജീവനാന്ത സൗഹൃദത്തെ ഏത് വാക്കുകളിലാണ് അടയാളപ്പെടുത്തുക എന്ന സന്നിഗ്ദ്ധമായ ഒരു അവസ്ഥയിലായിരുന്നു ഞാൻ.മരണം വന്ന് വരൂ പോകാം എന്ന വാക്ക് പറയും വരെ താൻ പ്രവർത്തിച്ച ഇടങ്ങളില്ലൊം സജീവമായി പ്രവർത്തിച്ച ഒരാൾ. ഡോ. അനിരുദ്ധനെ പരിചയപ്പെട്ട ഓരോ മനുഷ്യർക്കും ഓരോ അനുഭവങ്ങൾ ആവും പങ്കുവെയ്ക്കാനുണ്ടാവുക. 1983 ൽ ഫൊക്കാന എന്ന അന്തർദ്ദേശീയ 
സംഘടനയ്ക്ക് രൂപം നൽകുമ്പോൾ ഡോ. അനിരുദ്ധനുൾപ്പെടെ ഉള്ളവർ തുടക്കം കുറിച്ചത് അമേരിക്കയിൽ ചിതറിക്കിടന്ന മലയാളി സമൂഹത്തെ സാംസ്കാരികമായ ഒരു ചട്ടക്കൂടിലേക്ക് പറിച്ചു നടന്ന ഒരു വലിയ സംരംഭത്തിനായിരുന്നു എന്ന് ഒരു പക്ഷെ ആരും കരുതിയിട്ടുണ്ടാവില്ല. 


നാല്പ്പത്തി രണ്ട് വർഷത്തെ ഫൊക്കാനയുടെ ചരിത്രം പരിശോധിച്ചാൽ ഡോ. അനിരുദ്ധൻ ഫൊക്കാനയുടെ ആരായിരുന്നു എന്ന് കൃത്യമായി  അടയാളപ്പെടുത്തുവാൻ സാധിക്കും. അത്രത്തോളം ഫൊക്കാനയുമായി ഹൃദയ ബന്ധമുള്ള ഒരു സാരഥിയായി മാറിയിരുന്നു അദ്ദേഹം. അദ്ദേഹത്തെ ക്ഷണിക്കപ്പെടുന്ന പദവികളില്ലൊം ഫൊക്കാനയുടെ പേര് തങ്കലിപികളിൽ പതിക്കപ്പെട്ടിരുന്നു . ഒരു പക്ഷെ അതിൻ്റെ പച്ചപ്പിൽ നിരവധി നേതാക്കൾ ഫൊക്കാനയുടേതായി മലയാളികൾക്കിടയിൽ വളർന്നു വന്നിട്ടുണ്ട്. നേതൃത്വപരമായ വളർച്ചയ്ക്ക് ആ സാന്നിദ്ധ്യം സഹായിച്ചു എന്ന് സാരം.
വ്യക്തിപരമായി അദ്ദേഹം എനിക്കാരായിരുന്നു എന്ന് ചോദിച്ചാൽ
ഈ കുറിപ്പിൻ്റെ തുടക്കത്തിൽ പറഞ്ഞതു പോലെ ആജീവനാന്ത സൗഹൃദമുള്ള ഒരാൾ എന്നു തന്നെ പറയാം. ഫൊക്കാനയുടെ തുടക്കം മുതൽ ഉള്ള ബന്ധം. പൂർവ്വ ജന്മ ബന്ധം പോലെ ഒരടുപ്പം. 1996- 1998 ൽ ഞാൻ ഫൊക്കാനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച സമയത്ത് അദ്ദേഹത്തിൻ്റെ പിന്തുണ വളരെ വലുതായരുന്നു. ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷനായിരുന്നു അത്. അന്ന് അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങളും പിന്തുണയും കൺവൻഷൻ്റെ വിജയത്തിൻ്റെ ഘടകം കൂടിയായിരുന്നു. ഫൊക്കാനയെ ലോകമലയാളികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല എന്ന് ഓരോ അമേരിക്കൻ മലയാളികൾക്കും അറിയും. എക്കാലവും മലയാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച സമാരാധ്യനായ ഡോ മാധവൻ അനിരുദ്ധൻ എന്ന എം. അനിരുദ്ധൻ അറിയപ്പെടുന്ന അദ്ധ്യാപകനും ഫുഡ് സൈൻ്റിസ്റ്റും ഒരു ബിസിനസുകാരനും കൂടിയായിരുന്നു എന്ന് പറയുമ്പോൾ അഭിമാനമായിരുന്നു . എഴുപതുകളിൽ കേരളത്തിൽ കോളജ് അദ്ധ്യാപക ജോലി ഉപേക്ഷിച്ച് അമേരിക്കയിലെത്തുകയും ടെക്സാസിൽ ന്യൂക്ലിയർ കെമിസ്ട്രി അദ്ധ്യാപകനായിരിക്കെ ന്യൂട്രീഷ്യൻ മേഖലയിലേക്ക് ചുവടുമാറുകയും ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രോട്ടീൻ ഫുഡ് കമ്പനികളിലൊന്ന് നിർമ്മിച്ചെടുക്കുകയും ഈ അടുത്ത കാലത്ത് കേരളത്തിലും അതിൻ്റെ ഒരു ശാഖ ആരംഭിക്കുകയും ചെയ്തിരുന്നു. നോർക്ക ഡയറക്ടറായിരിക്കെ നടത്തിയ സേവനങ്ങൾ എല്ലാം ആഗോള മലയാളികൾ എക്കാലവും ഓർമ്മിക്കും എന്നതിൽ സംശയമില്ല. അദ്ദേഹം മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ മുതലുള്ള അസ്വസ്ഥത ഇപ്പോഴും ചെവിയിൽ തങ്ങി നിൽക്കുന്നു. ഏത് വലിയ പദവിയിലിരിക്കുമ്പോഴും അദ്ദേഹത്തിൻ്റെ സ്നേഹത്തിൽ പൊതിഞ്ഞ ചിരിയുടെ സൗരഭ്യം ഒരു നനുത്ത ഓർമ്മയായി ഇതുവരെ ഒപ്പം ഉണ്ടായിരുന്നു. ഇപ്പോളത് ഒരു വേദനയായി എന്നെ വന്ന് മൂടുന്നു .
പ്രിയ സുഹൃത്തിന് ഒറ്റവാക്കിൽ പ്രണാമം .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.