ആർഷഭാരതത്തിന്റെ ആദർശങ്ങളും ആചാരങ്ങളും പുകഴ്ത്തി പറഞ്ഞ ഒരു ജനതതി ആയിരുന്നു നമ്മൾ കടലുകൾ കടന്ന് ആവേശത്തോടെ ആഗ്രഹത്തോടെ അമേരിക്കയുടെ മണ്ണിൽ നങ്കൂരം ഉറപ്പിച്ചു വർഷങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ മനസ്സുകൾ കേഴുന്നു ചോദ്യങ്ങൾ ശരം കണക്കേ ഹൃദയത്തിൻറെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു. പതിറ്റാണ്ടുകൾ പടുത്തുയർത്തിയ ജീവിതമൂല്യങ്ങളും, ധാർമികതയും ചില്ലുകൊട്ടാരം പോലെ തകർന്ന കാഴ്ചകൾ നോക്കി നെടുവീർപ്പെടുന്ന മനുഷ്യ മനസ്സുകൾ
ഒന്നിനും കുറവില്ലാത്ത സമ്പൽസമൃദ്ധിയുടെ മടിത്തട്ടിൽ കിടക്കുമ്പോഴും നഷ്ടബോധത്തിന്റെ ഓർമ്മകൾ ചൂഴ് നിറങ്ങുകയാണ്. വിജയത്തിൻറെ പടവുകൾ ചവിട്ടിക്കയറുമ്പോഴും പാദങ്ങൾ ഇടറുന്നുവോ എന്ന് ചോദിക്കുന്ന വ്യക്തിത്വങ്ങൾ ? എവിടെയും അടുപ്പിക്കുവാൻ കിണഞ്ഞ് ശ്രമിക്കുമ്പോഴും അകന്നു മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്യ പൗരസ്ത്യ സംസ്കാരത്തിന്റെ വിള്ളലുകൾക്കിടയിൽ കിടന്ന് നട്ടംതിരിയുന്ന ഒരു രണ്ടാം തലമുറയും മൂന്നാം തലമുറയും പലപ്പോഴും പലരിലും അങ്കലാപ്പുകൾ സൃഷ്ടിക്കുകയാണ്. ജീവിതത്തിൻറെ അടിത്തറ എന്ന് വിശേഷിപ്പിക്കുന്ന ധാർമികതയുടെ അധപതനം സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ കൊടി ഉയർത്തിയില്ലേ
കറ പുരളാ കാത്തുസൂക്ഷിച്ച മതത്തിൻറെ സന്ദേശങ്ങളും സമൂഹത്തിൻറെ അഭിമാനമായിരുന്ന പൊതു മര്യാദകളും അശുദ്ധിയുടെ സുനാമി തള്ളിക്കയറുവാൻ തുടങ്ങിയപ്പോൾ ചീട്ടുകൊട്ടാരം പോലെ നിലംപൊത്തി. അതിർവരമ്പുകളെ ലംഘിച്ചുകൊണ്ട് അംഗീകാരത്തിനും അനുമോദനത്തിനും വേണ്ടി നെട്ടോട്ടമോടിയപ്പോൾ പ്രതീക്ഷിച്ചതല്ല കൈകളിൽ ഏറ്റുവാങ്ങിയത് പ്രത്യുതാ തകർന്നുടഞ്ഞ കുടുംബ ബന്ധങ്ങൾ, പരക്കം പായുന്ന മക്കൾ, വേവലാതി പൂണ്ട മാതാപിതാക്കൾ.
വ്യത്യസ്ത സംസ്കാരങ്ങളുടെ കൂട്ടിമുട്ടലുകൾക്കിടയിൽ മാതാപിതാക്കൾ ഞെരിഞ്ഞമർന്ന് കത്തുകയാണ് അശ്ലീലം എന്ന പദം പോലും സമൂഹത്തിന്റെ നിഘണ്ടുവിൽ നിന്ന് തുടച്ചുമാറ്റിയ ഈ കാലഘട്ടത്തിൽ എന്ത് അനുകരിച്ചാലും എന്ത് പ്രവർത്തിച്ചാലും തെറ്റ് എന്ന് പറയുവാൻ മടികാണിക്കുന്ന ഈ കാലഘട്ടം എന്നും നമുക്കൊരു വെല്ലുവിളിയാണ്
വിവാഹമെന്ന മാന്യ കൽപ്പനയുടെ മൂല്യതയെ തല്ലി തകർക്കുന്ന ഭരണകൂടങ്ങളും നേതൃത്തങ്ങളും സമൂഹത്തിന് ഒരു ശാപം അല്ലേ ? ലോകത്തിന് മഹാത്മാഗാന്ധി അഹിംസയുടെ ഒരു ചൂണ്ടുപലകയാണ്. ഭാരത സംസ്കാരത്തിന് രാജാറാം മോഹൻ റോയ് അനാചാരത്തിനെതിരെ ഒരു ചലിക്കുന്ന നാവായി മാറി. അമേരിക്കയുടെ മണ്ണിൽ അടിമത്വത്തിനെതിരെ കാൽവെപ്പ് നടത്തി പ്രകീർത്തിക്കപ്പെട്ട ഒരു മഹൽ വ്യക്തിയത്രെ എബ്രഹാം ലിങ്കൻ ഈ മഹൽ വ്യക്തിത്വങ്ങൾ നമ്മെ അറിയിക്കുന്ന സന്ദേശം ഏത് കാലഘട്ടത്തിലും ഞാനെന്നും ഒരു നിർമല സത്യത്തെയും നന്മയുടെയും ആദർശങ്ങളുടെയും ചൂണ്ടുപലകങ്ങളായി മാറണമെന്നല്ലേ
എല്ലാം കണ്ടിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുകയും എല്ലാം കേട്ടിട്ടും ഒന്നും കേട്ടില്ലെന്ന് നടിച്ചുകൊണ്ട് യാത്ര ചെയ്യുന്ന സമൂഹം എപ്പോഴും ഒരു ചത്ത സിംഹത്തിനും കുരയ്ക്കുവാൻ കഴിയാത്ത . ഊമനായ്ക്കൾക്കും തുല്യമത്രേ യെശയ്യാവ് 56 10 ഇത് അധപ്പതനത്തിലേക്കുള്ള ഒരു പദയാത്രയാണ്
പ്രശംസയേക്കാൾ പവിത്രതയും, അനുകരണത്തേക്കാൾ ആദർശങ്ങൾക്കും വില കൽപ്പിക്കുവാൻ നാമൊരുങ്ങേണ്ടിയിരിക്കുന്നു. ആഡംബരത്തിന്റെതള്ളിക്കയറ്റം സമൂഹത്തിൽ വ്യാപരിക്കുവാൻ തുടങ്ങിയപ്പോൾ പരസ്പര സ്നേഹത്തെയും സഹകരണത്തിന്റെയും കണ്ണികൾ മുറിഞ്ഞു മാറുവാൻ തുടങ്ങി. വ്യക്തി ബന്ധങ്ങളും കുടുംബബന്ധങ്ങളും ഒരുകാലത്ത് നിധിക്ക് തുല്യമായി കാത്തുസൂക്ഷിച്ചിരുന്നു എന്നാൽ ദുഃഖം എന്ന് പറയട്ടെ അത്യാധുനികതയുടെയും സാങ്കേതികതയുടെയും തള്ളിക്കയറ്റം സമൂഹത്തിലും കുടുംബത്തിലും സ്ഥാനം പിടിച്ചു കഴിഞ്ഞപ്പോൾ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും മുളകൾ മുരടിക്കുവാൻ തുടങ്ങി. തിരക്കുപിടിച്ച ജീവിതത്തിൻറെ നെട്ടോട്ടത്തിനിടയിൽ വിലകൂടിയ പലതും ജീവിതത്തിൽ പൈതൃകമായി ലഭിച്ചതും എവിടെയോ നഷ്ടപ്പെട്ടുപോയി. സമ്പത്തുകളുടെ സമാഹാരം വർദ്ധിപ്പിച്ചുവെങ്കിലും സമൂഹത്തിൽ ഒരിടം കണ്ടെത്തുവാൻ കഴിയാതെ ഞരങ്ങുന്ന ജീവിതങ്ങൾ. നേട്ടങ്ങളും ഉയർച്ചകളും ‘
‘ക്ഷണികമത്രേ എന്നാൽ കാലഘട്ടത്തിൻറെ കുത്തൊഴുക്കിന്റെ നടുവിൽ പെട്ടുപോകാതെ കൈവിടപ്പെട്ടു പോയ ജീവിതം മൂല്യങ്ങളെയും ധാർമികതയെയും നമുക്ക് ഉയർത്തിപ്പിടിക്കാം
മുഖംമൂടികൾ അഴിച്ചു മാറ്റിവെച്ച് യഥാർത്ഥ വ്യക്തിത്വത്തിന്റെ ഒരു നല്ല ഉടമയായി പ്രതിബിംബമായി നാം മാറട്ടെ അനീതിയും അധർമ്മവും വിളയാട്ടം നടത്തുന്ന ചുറ്റുപാടുകളുടെ നടുവിൽ അവയുടെ നീരാളി പിടുത്തത്തിൽ കുടുങ്ങി നാം തളർന്നു പോകരുത് ലക്ഷ്യബോധവും കർമ്മബോധവും ആലിംഗനം ചെയ്തുകൊണ്ട് പ്രതിസന്ധികളുടെ ഇടയിൽ നട്ടം തിരിയാതെ ഒരു ജൈത്രയാത്ര നടത്തുവാൻ സമൂഹം എഴുന്നേൽക്കട്ടെ ഉണരട്ടെ.
പാസ്റ്റർ മാത്യു വർഗീസ് ,ഡാളസ്