PRAVASI

( ചെറുകഥ )ആശുപത്രിയിൽ കണ്ട താടിക്കാരൻ

Blog Image

അയാൾ രാവിലെ ഉണർന്ന ഉടനെ കൈ, കാൽ, മുഖം, കണ്ണ്, മൂക്ക് എല്ലാം തപ്പി നോക്കി. എല്ലാം യഥാസ്ഥാനത്ത്  തന്നെയുണ്ട്. ഇന്നലെ ഇവയെല്ലാം എവിടെയായിരുന്നു? അപ്പോഴാണ് അയാൾ ഓർത്തത് കഴിഞ്ഞ രാത്രി കുഷ്ഠരോഗാശുപത്രി സ്വപ്നo കണ്ടതും താൻ അവിടുത്തെ ഒരംഗവിഹീനനായ അന്തേവാസിയായിരുന്നതും...!

 

അയാൾ ധൃതിയിൽ താഴെയിറങ്ങി ഫോൺ ചെയ്യാൻ. ഫോൺ ഒരു നിമിഷം കൈയിൽ പിടിച്ചുകൊണ്ട് എന്തോ ഓർത്തു. തൽക്ഷണം ഫോൺ താഴെ വച്ചു... അടുക്കളയിലേക്ക് നടന്നു.

 

ഭാര്യ പ്രാതൽ തയ്യാറാക്കുകയായിരുന്നു. അവളോട് സ്വപ്നത്തെപ്പറ്റി പറഞ്ഞാലോ? വേണ്ട. അവളൊരിക്കലും അത് അംഗീകരിക്കയില്ല! ഇതിനേക്കാൾ ചെറിയ കാര്യങ്ങൾക്കു പോലും വാശി പിടിച്ചിട്ടുള്ള ആളാണ്! എങ്കിലും അല്പം ശങ്കിച്ച ശേഷം, ആ സ്വപ്നസാരം അവളെ ധരിപ്പിച്ചു.

 

അവളുടെ മറുപടി വൈകുന്നുവെന്ന് തോന്നിയപ്പോൾ അയാൾ സോഫയിലിരുന്നു.

അവൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം കൊടുത്തിട്ട്, ഗൗരവത്തോടെ സോഫയുടെ അറ്റത്ത് വന്നിരുന്നു.

അവരുടെയിടയിൽ മൗനം വളർന്നു...

അവൾ പതുക്കെ: 'നിങ്ങളൊരു കിനാവ് കണ്ടെന്ന് വെച്ച് നല്ലൊരു ജോലി വിടാ?'

അയാൾ സ്വരം താഴ്ത്തിക്കൊണ്ട്: 'തലേരാത്രി കണ്ട സ്വപ്നത്തിൽ ഞാൻ കുഷ്ഠരോഗാശുപത്രിയിൽ കൈ, കാൽ, മുഖo ഒക്കെ നഷ്ടപ്പെട്ട്, കുരുടനായി കിടന്നു വിഷമിക്കുകയായിരുന്നു. അപ്പോൾ പള്ളീലച്ചനെപ്പോലെയുള്ള ഒരു ദീർഘകായൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: 'വിഷമിക്കണ്ട എല്ലാം ശരിയാകും; ആഴ്ചയിൽ മൂന്നോ നാലോ മണിക്കൂർ ആതുരസേവ ചെയ്താൽ മതി.'

 

അവൾ പെട്ടെന്ന് മറുപടി പറയാതെ വീണ്ടും ഒരു നിമിഷം നീണ്ട മൗനത്തിലേക്കിഴഞ്ഞു; ശേഷം ശബ്ദമുയർന്നു: 'വീടിന്റെ അടവ്, കുട്ട്യേൾടെ ഫീസ്, ങ്ങടെ സ്റ്റുഡന്റ് ലോൺ ഒക്കെ ള്ളപ്പഴാ ജോലി വിട്ണത്?'

ആഴ്ചയിൽ അഞ്ചുദിവസം ഫുൾടൈമായും ശനിയാഴ്ച പാർട്ട്ടൈമായും ജോലിചെയ്യുന്നുണ്ട്. ശനിയാഴ്ചത്തെ ജോലി ഉപേക്ഷിച്ചു നഴ്‌സിങ് ഹോമിലെ അന്തേവാസികളെ ഊട്ടിക്കണമെന്നും ബാക്കിനേരം സാമൂഹികകാര്യങ്ങളിൽ പ്രവർത്തിക്കണമെന്നും, ഞായറാഴ്ച കുടുംബത്തോടോടൊപ്പം ചെലവഴിക്കണമെന്നും പറയാൻ ഭാവിച്ചെങ്കിലും, വാക്കുകൾ മറ്റൊരു തരത്തിലാണ് ചിതറിവീണത്: 'സ്വപ്നത്തിൽ കണ്ട ആൾക്ക് ഞാൻ വാക്ക് കൊടുത്തുപോയി!'

അവളുടെ സ്വരം ഉച്ചത്തിലായി: 'എന്ത് വാക്കാ നിങ്ങൾ കൊടുത്തത്, ആർക്കാ കൊടുത്തത്? നിങ്ങക്ക് നൊസ്സുണ്ടോ, ഒരു പേക്കിനാവ് കണ്ടെന്ന് വെച്ച് നല്ലൊരു ജോലിവിടാൻ... അതും ജോലിക്ക് ബുദ്ധിമുട്ടുള്ളപ്പോൾ!'

അയാൾ മറുപടി പറയാതെ വീടിന്റെ പുറകുവശത്തെ പൂപ്പാത്രത്തിലെ കടുംചുവപ്പും വെളുപ്പും വയലറ്റും നിറമുള്ള പൂക്കളിൽ കണ്ണ് നട്ടിരുന്നു. അയാൾക്ക് വേനലിൽ വിരിയുന്ന നിറപ്പകിട്ടാർന്ന പൂക്കളെ നോക്കിയിരിക്കുന്നത് ഇഷ്ടമാണ്. ഒരിക്കൽ ആ പൂക്കളുടെ മനോഹാരിതയിൽ അഭിരമിച്ച് അതിന്റെ അടുക്കൽ ചെന്ന് വാസനിച്ചു. പക്ഷേ അവയ്ക്ക് ആകർഷണമല്ലാതെ സൗരഭ്യമില്ലായിരുന്നു.

 

പൂപ്പാത്രങ്ങൾ വീടിന്റെ അകത്തും പുറത്തും തൂക്കുന്നത് മകന്റെ വിനോദമാണ്. അവന്റെ അമ്മ വീട്ടിലെവിടെയും ചെടിച്ചട്ടികളാണെന്ന് പരാതിപ്പെടുമ്പോൾ അവൻ പറയും: ചെടികൾ കിളിർക്കുന്നതുo  അ തിന്റെ മുന നീളുന്നതുo അവയുടെ തളിരിലകൾ തൊടുന്നതുo അവനിഷ്ടമെന്നും, പുത്തൻ ദളങ്ങൾ വിരിയുന്നത് വീടിന്നൈശ്വര്യമെന്നും.

അവൾ മുഖം വീർപ്പിച്ചിരിക്കുന്നു. അവൾ കോപിച്ചിരിക്കുമ്പോൾ അവളുടെ കവിളിണകൾ ശോഭിക്കുന്നതും ചുണ്ടുകൾ ചുവക്കുന്നതും കുറുനിരകൾ എഴുന്നുനിൽക്കുന്നതും ഭാവനയിൽ കാണാമെങ്കിലും, പൂക്കളിൽ നട്ട കണ്ണുകൾ പറിച്ചെടുത്ത് അവളുടെ അഴകാർന്ന മുഖത്തേക്ക് നോക്കാൻ ധൈര്യപ്പെട്ടില്ല!

 

സ്വപ്നത്തിലെ താടിക്കാരനു കൊടുത്ത വാക്ക് നിറവേറ്റാൻ കഴിഞ്ഞില്ലല്ലോ എന്നാകുലപ്പെട്ടിരിക്കുമ്പോൾ, അയാൾ ഡോക്ടറുടെ വാക്കുകൾ സ്മരിച്ചു: 'അധിക രക്തസമ്മർദ്ധം ഉള്ളപ്പോൾ മാനസികസംഘർഷം ഒഴിവാക്കണമെന്ന്.'

എവിടൊക്കെയോ ചിന്തിച്ചിരിക്കുമ്പോൾ, അയാൾക്കു തോന്നി ജോലിക്കു പോകേണ്ട സമയം ആയിരിക്കുന്നു. അപ്പോൾ ആറു വയസ്സായ മകൾ വന്നുപറഞ്ഞു അവളുടെ കേടായ സൈക്കിൾ ശരിയാക്കിക്കൊടുക്കാൻ...

അയാൾ ഒന്നും പറയാതെ മകളെ ചേർത്തു പിടിച്ചു അവളുടെ മൂർദ്ധാവിൽ ഒരുമ്മ കൊടുത്തു. മകളുടെ സാമീപ്യം അയാൾക്ക്‌ അവാച്യമായ ആശ്വാസമേകി.

അവളെ ഗൗനിക്കുന്നില്ലെന്ന് കണ്ടപ്പോൾ, അവൾ കരവലയം വിടുവിച്ചു പോകാനൊരുങ്ങി. അപ്പോൾ അവളുടെ അമ്മ ഉറക്കെ പറഞ്ഞു: 'ടെൽ  യൂവർ ബ്രദർ.'

അയാൾ തിടുക്കത്തിൽ ജോലിക്കു പോകാനൊരുങ്ങുമ്പോൾ, ഓർത്തു: ഇനിമുതൽ ശനിയാഴ്ച ജോലിക്കു വരില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ഇവിടെ എന്തൊക്കെ കോലാഹലങ്ങൾ നടക്കുമായിരുന്നു…?

അബ്ദുൾ പുന്നയൂർക്കുളം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.