മോഹൻലാൽ ഒഴിഞ്ഞ ഇടവേളയിൽ ‘അമ്മ’യിലെ ‘തല’ യാകാൻ പോര് മുറുകുന്നു. തെരഞ്ഞെടുപ്പിൽ കൂടുതൽ പേർ മത്സരരംഗത്ത് ഇറങ്ങുമെന്ന് സൂചന . മുൻ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ താരങ്ങൾ മൂന്ന് സംഘങ്ങൾ ആയി തിരിഞ്ഞു മത്സരിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
മുൻ കമ്മറ്റികളിൽ ഭാരവാഹിയായിരുന്ന കുക്കു പരമേശ്വരന്റെ നേതൃത്വത്തിൽ ഒരു സംഘം മത്സരത്തിന് തയ്യാറെടുക്കുന്നുണ്ട്. അതിന് പുറമെ ‘അമ്മയുടെ പെൺമക്കൾ’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പൊന്നമ്മ ബാബുവും ഉഷ ഹസീനയും ചേർന്ന് നവ്യ നായരെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ബൈജു സന്തോഷ്, ശ്വേത മേനോൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നാമതൊരു സംഘവും രംഗത്ത് എത്തിയേക്കും.
മുൻ കമ്മറ്റികളിലെ സ്ഥിരം അംഗമായിരുന്ന ഇടവേള ബാബു വീണ്ടും തിരിച്ചെത്താൻ ശ്രമിക്കുന്നതാണ് ഏറെ ശ്രദ്ധേയം. ഒറ്റയാനായി മത്സരിക്കാൻ തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ കമ്മിറ്റിയിൽ നിന്നും വിനു മോഹൻ, സരയൂ, ജോമോൾ, അനന്യ എന്നിവർ മത്സരിക്കുന്നതിൽ എതിർപ്പുകളും ഉയരുന്നുണ്ട്.
വരുന്ന ബുധനാഴ്ച മുതൽ നോമിനേഷൻ സമർപ്പിക്കാം. ഓഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. രാവിലെ വോട്ടെടുപ്പിന് ശേഷം വൈകിട്ട് ഫലപ്രഖ്യാപനം ഉണ്ടാകും. 506 അംഗങ്ങളുള്ള ‘അമ്മ’ സംഘടനയിൽ 300 പേരും സ്ത്രീകളാണ്. ഇതിൽ നാലുപേർ മാത്രമാണ് നിലവിൽ എക്സിക്യൂട്ടിവിൽ ഉള്ളത്.

