PRAVASI

അമ്മച്ചി എന്‍റെ ഓര്‍മ്മകളില്‍

Blog Image
ഞാന്‍ അമ്മച്ചി എന്നു വിളിക്കുന്ന എന്‍റെ അമ്മയെക്കുറിച്ചുള്ള പ്രിയപ്പെട്ട ഓര്‍മ്മകള്‍, ജീവിതത്തിലെ ആദ്യത്തെ 8 വര്‍ഷങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണ്. ആ ഓര്‍മ്മകള്‍ എനിക്കെന്നും വിലമതിക്കാനാകാത്ത നിധിയാണ്.

ഞാന്‍ അമ്മച്ചി എന്നു വിളിക്കുന്ന എന്‍റെ അമ്മയെക്കുറിച്ചുള്ള പ്രിയപ്പെട്ട ഓര്‍മ്മകള്‍, ജീവിതത്തിലെ ആദ്യത്തെ 8 വര്‍ഷങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണ്. ആ ഓര്‍മ്മകള്‍ എനിക്കെന്നും വിലമതിക്കാനാകാത്ത നിധിയാണ്.
എന്‍റെ ജീവിതത്തില്‍ പ്രധാന പങ്കു വഹിക്കുകയും സ്നേഹവും കരുതലും പകരുകയും ചെയ്ത അമ്മച്ചിയുടെ ഓര്‍മ്മകള്‍ ഞാനിന്നും താലോലിക്കുന്നു. എന്നിലെ ആ ഓര്‍മ്മകള്‍ എനിക്ക് നന്നായി അറിയുവാന്‍ അവസരമില്ലാഞ്ഞ എന്‍റെ അമ്മച്ചിയുടെ ഒരു ചിത്രം നിര്‍മ്മിക്കാന്‍ എന്നെ സഹായിക്കുന്നു എന്‍റെ മനസ്സിലും, ഹൃദയത്തിലും ആ ചിത്രം അത്രമാത്രം എനിക്ക് ആശ്വാസമേകുന്നു. എന്‍റെ അമ്മച്ചി എന്നില്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ എന്നില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. അമ്മച്ചിയുടെ പാരമ്പര്യത്തെ ഈ ജീവിതകാലം മുഴുവന്‍ ബഹുമാനിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
ഏതു പ്രായത്തിലും മാതാപിതാക്കളെ നഷ്ടപ്പെടുന്നത് വേദനാജനകമാണ്. എന്നാല്‍ ഒരു കുട്ടിക്ക് 8 വയസ്സു തികയുന്നതിന് മുമ്പ് അമ്മയെ നഷ്ടപ്പെടുന്നത് ഹൃദയഭേദകമാണ്.
1970 ഒക്ടോബര്‍ 26-ന് വൈകുന്നേരം 6.30 ന് എനിക്ക് സംഭവിച്ചത് അതാണ്. അത് എന്‍റെ വൈകാരിക വികാസത്തെ ബാധിച്ചു. എനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നല്‍ എന്നെ ആശയകുഴപ്പത്തിലാക്കി, അത് എന്‍റെ ജീവിതകാലം മുഴുവന്‍ എന്നെ സ്വാധീനിച്ചു.
എന്‍റെ അമ്മച്ചിക്ക് 11 കുട്ടികളുണ്ടായിരുന്നു. എന്‍റെ ഇളയസഹോദരന്‍ ജോണ്‍സണ്‍ പതിനൊന്നാമത്തെ കുട്ടി. ജോണ്‍സന് ഒന്നര വയസ്സുള്ളപ്പോള്‍ മെനിഞ്ചൈറ്റിസ് ബാധിച്ചു മരിച്ചു. ജോണ്‍സണ്‍ മരിക്കുമ്പോള്‍ എനിക്ക് മൂന്നരവയസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഞാന്‍ അമ്മച്ചിയുടെ പ്രിയപ്പെട്ട കുഞ്ഞായി. അമ്മച്ചി ഞങ്ങളെ എല്ലാവരെയും സ്നേഹിച്ചിരുന്നു. പക്ഷെ ഞാന്‍ അമ്മച്ചിക്ക് പ്രിയപ്പെട്ട കുഞ്ഞായിരുന്നു എന്ന് പറയുന്നത് എന്‍റെ പദവിയാണ്. എനിക്ക് 5 മൂത്ത സഹോദരന്മാരും, 4 മൂത്ത സഹോദരിമാരും ഉണ്ട്. ഇളയവളായതിനാല്‍ അമ്മച്ചിക്ക് ഞാന്‍ വളരെ പ്രത്യേകതയുള്ളവളായിരുന്നു. എനിക്ക് ഏകദേശം 4 വയസ്സുള്ളപ്പോള്‍ മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞു. അതിനാല്‍ ഞാന്‍ എന്‍റെ മാതാപിതാക്കള്‍ക്കും, 5 മൂത്ത സഹോദരന്മാര്‍ക്കും, 3 മൂത്ത സഹോദരിമാര്‍ക്കുമൊപ്പമാണ് വളര്‍ന്നത്. എന്‍റെ അമ്മച്ചി കുടുംബത്തെ പോറ്റി വളര്‍ത്തുന്ന പങ്ക് ഏറ്റെടുത്തപ്പോള്‍, അച്ചായനായിരുന്ന അന്നദാതാവ്.
എന്‍റെ അമ്മച്ചി സുന്ദരിയായിരുന്നു. എപ്പോഴും നന്നായി വസ്ത്രം ധരിക്കുകയും, കുട്ടികളില്‍ എപ്പോഴും അമ്മച്ചിയെ ഏറ്റവും മികച്ചതായി കാണാനുള്ള ആഗ്രഹം വളര്‍ത്തുകയും ചെയ്തു. വീട്ടമ്മയെന്ന നിലയില്‍ തിരക്കേറിയ ജീവിതത്തിനിടയിലും അമ്മച്ചി സമൂഹത്തിനായി സമയം കണ്ടെത്തി. അമ്മച്ചി പള്ളിയില്‍ സന്നദ്ധസേവനം നടത്തി. ഞങ്ങളുടെ പള്ളിയിലെ മദേഴ്സ് ക്ലബ്ബിന്‍റെ പ്രസിഡന്‍റായിരുന്നു അമ്മച്ചി. അമ്മച്ചി വളരെ കാര്യക്ഷമതയും ഉദാരമനസ്കതയോടെയും ദുരിതബാധിതരെ സഹായിക്കുമായിരുന്നു. ഞങ്ങള്‍ സൗമ്യമായി ഉപയോഗിച്ച വസ്ത്രങ്ങള്‍ അമ്മച്ചി പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യാറുണ്ടായിരുന്നു. അമ്മച്ചിയുടെ ഓരോ കുട്ടികളുടെയും ക്ലാസ്സിലെ പുരോഗതി അദ്ധ്യാപകരുമായി പരിശോധിക്കാന്‍ അപ്പോയിന്‍റ്മെന്‍റ് ഇല്ലാതെ ഞങ്ങളുടെ സ്കൂളുകള്‍ സന്ദര്‍ശിച്ചിരുന്നു. അക്കാലത്ത് അത് വളരെ അപൂര്‍വ്വമായിരുന്നു.


അമ്മച്ചിയുടെ ഓരോ മക്കളും എല്ലാ ദിവസവും ഒരു അധിക ഉച്ചഭക്ഷണം സ്കൂളില്‍ കൊണ്ടുപോയി ഉച്ചഭക്ഷണം കഴിക്കാത്ത ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കുമായിരുന്നു.
ഒരു വഴികാട്ടിയായി ഞാന്‍ എന്നോടൊപ്പം എന്നും കൊണ്ടുനടക്കുന്ന എന്‍റെ അമ്മച്ചിയുടെ ഉപദേശത്തിന്‍റെ പ്രിയപ്പെട്ട ഒരു ഭാഗം 'നിങ്ങളുടെ ഇടത് കൈ ചെയ്തത് വലതുകൈ അറിയരുത്' എന്നതാണ്. അമ്മച്ചി മരിക്കുന്നതുവരെ സഭയ്ക്കും സമൂഹത്തിനും പാവപ്പെട്ടവര്‍ക്കും വേണ്ടി ചെയ്ത എണ്ണമറ്റ സഹായങ്ങളും സേവനങ്ങളും എന്‍റെ അച്ചായനുപോലും അറിയില്ലായിരുന്നു. ഒരിക്കല്‍ എന്‍റെ ഒരു സഹോദരന്‍ വീട്ടില്‍ വന്ന് അമ്മച്ചിയോട് ഭിക്ഷക്കാരിയായ ഒരു സ്ത്രീ തെരുവില്‍ മരിച്ചുകിടക്കുന്നു എന്ന വിവരം അറിയിച്ചു. അവളുടെ കഴുത്തില്‍ ഒരു വെന്തിങ്ങാ ഉണ്ടെന്നും പറഞ്ഞു ('വെന്തിങ്ങ' കത്തോലിക്കര്‍ ധരിക്കുന്നതാണ്). അമ്മച്ചി അവിടെചെന്ന് ചുറ്റും ഒരു മറ ഇട്ട്, ആന്‍റീസെപ്റ്റിക്ക് വൈപ്പുകള്‍ ഉപയോഗിച്ച് അവരെ വൃത്തിയാക്കി. നല്ല വസ്ത്രം ധരിപ്പിച്ചു. ഒരു ശവപ്പെട്ടി വാങ്ങി ഇടവക വികാരിയെ വിളിച്ച് ആ വൃദ്ധയ്ക്ക് മാന്യമായ ശവസംസ്ക്കാരം നല്‍കി. ജാതിയും മതവും നോക്കാതെ എല്ലാവരോടും ഒരേ പോലെയാണ് അമ്മച്ചി പെരുമാറിയിരുന്നത്.
അമ്മച്ചിയില്‍ പ്രതിഫലിച്ചിരുന്ന ആരുടെയും ശവസംസ്ക്കാര ചടങ്ങുകളില്‍ അമ്മച്ചി പങ്കെടുത്തിരുന്നു.
എന്‍റെ അമ്മച്ചിയുടെ ശവസംസ്ക്കാര ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒത്തുകൂടി. അമ്മച്ചി ഇപ്പോഴും പലരുടെയും ഹൃദയത്തില്‍ ജീവിക്കുന്നുണ്ട്. അമ്മച്ചി തന്‍റെ ചുറ്റുമുള്ള ആളുകളില്‍ ശാശ്വതമായ മതിപ്പ് സൃഷ്ടിച്ചു. അമ്മച്ചിയുടെ നിസ്വാര്‍ത്ഥ സ്വഭാവം എണ്ണമറ്റ ആളുകളുടെ ജീവിതത്തെ സ്പര്‍ശിച്ചു.


അമ്മച്ചിയുടെ ശവസംസ്ക്കാര ചടങ്ങില്‍ സ്നേഹത്തിന്‍റെയും നന്ദിയുടെയും പ്രവാഹമാണ് കണ്ടത്. ചുറ്റുമുള്ളവരില്‍ അമ്മച്ചി ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തിന്‍റെ തെളിവായിരുന്നു ആയിരക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യം. അമ്മച്ചി അവരുടെ ജീവിതത്തെ സ്പര്‍ശിച്ചതിന്‍റെ അനുഭവസാക്ഷ്യവുമായി, അമ്മച്ചിയുടെ ജ്ഞാന വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ അല്ലെങ്കില്‍ അവരുടെ ആവശ്യനേരത്ത് അമ്മച്ചിയുടെ സാന്നിദ്ധ്യത്തിലൂടെയോ അമ്മച്ചി അവര്‍ക്ക് പ്രിയപ്പെട്ടവളായിരുന്നിരിക്കാം. മദര്‍ തെരേസയെ പോലെ, ചുറ്റുമുള്ളവരോട് സഹാനുഭൂതിയും, സ്നേഹവും നിറഞ്ഞ ഒരു ഹൃദയമായിരുന്നു എന്‍റെ അമ്മച്ചിക്ക്. ആരുടെയും പശ്ചാത്തലമോ സാഹചര്യമോ പരിഗണിക്കാതെ, സഹായം ആവശ്യമുള്ള ആര്‍ക്കും സഹായഹസ്തം നീട്ടിക്കൊണ്ടും മറ്റുള്ളവര്‍ക്ക് സേവനമനുഷ്ഠിച്ചും അമ്മച്ചി ജീവിതം നയിച്ചു. അത് രോഗികള്‍ക്ക് സാന്ത്വനമേകുന്നതോ, ദുഃഖിതര്‍ക്ക്  പിന്തുണ നല്‍കുന്നതോ, അല്ലെങ്കില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കേവലം ഒരു ചെവികൊടുക്കുന്നതോ ആയാലും അവര്‍ക്ക് സഹായവും മാര്‍ഗനിര്‍ദ്ദേശവും നല്‍കാന്‍ എപ്പോഴും തയ്യാറായിരുന്നു. അമ്മച്ചിയുടെ ഏറ്റവും ശ്രദ്ധേയമായ ഗുണങ്ങളില്‍ ഒന്ന് വിനയമായിരുന്നു. അമ്മച്ചിയുടെ എണ്ണമറ്റ ദയാപ്രവൃത്തികളും, സമൂഹത്തില്‍ അമ്മച്ചി ചെലുത്തിയ ആഴത്തിലുള്ള സ്വാധീനവും ഉണ്ടായിരുന്നിട്ടും അമ്മച്ചി ഒരിക്കലും സ്വന്തം പ്രവൃത്തികള്‍ക്ക് അംഗീകാരമോ, പ്രശംസയോ തേടിയില്ല.
നല്ല അച്ചടക്കത്തോടെയാണ് അമ്മച്ചി ഞങ്ങളെ എല്ലാവരെയും വളര്‍ത്തിയത്. ഒരു കുടുംബമെന്ന നിലയില്‍ സന്ധ്യാപ്രാര്‍ത്ഥന അമ്മച്ചിക്ക് വളരെ പ്രധാനപ്പെട്ടതും, ശക്തവുമായ ഒരു ഘടകമായിരുന്നു. അമ്മച്ചി വീടിനു പുറത്ത് ഒരുപാടു കാര്യങ്ങള്‍ ചെയ്തിരുന്ന വ്യക്തിയാണ്.
ഞങ്ങള്‍ക്ക് പാല്‍ തരുന്ന 3 പശുക്കള്‍ ഉണ്ടായിരുന്നു. പാലും, ചാണകവും വില്‍ക്കുന്നതിലൂടെ കിട്ടുന്ന അധിക വരുമാനം പാവപ്പെട്ടവരെ സഹായിക്കുവാനും മറ്റ് ചിലവുകള്‍ക്കുമായി അമ്മച്ചി വിനിയോഗിച്ചിരുന്നു. ഒരിക്കല്‍ അച്ചായന്‍ വീട്ടില്‍ പലഹാരങ്ങള്‍ (ലഡു, ഗാട്ടിയാ) കൊണ്ടുവന്നപ്പോള്‍ അമ്മച്ചി ഞങ്ങളോട് അവ എല്ലാവര്‍ക്കും വിതരണം ചെയ്യുവാനും അമ്മച്ചി  ഇല്ലാത്ത മട്ടില്‍ പങ്കുവയ്ക്കുവാനും ആവശ്യപ്പെട്ടത് ഞാന്‍ ഓര്‍ക്കുന്നു. സാധാരണ അച്ചായന്‍ പലഹാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ അമ്മച്ചി ആയിരുന്നു ഞങ്ങള്‍ക്ക് വിതരണം ചെയ്യാറുള്ളത്. അന്ന് അത് എനിക്ക് തീരെ മനസ്സിലായില്ല, പക്ഷെ അമ്മച്ചിയുടെ വേര്‍പാടിനുശേഷം ആ രംഗം എന്നെ ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു.


അമ്മച്ചിക്ക് 36 വയസ്സുള്ളപ്പോള്‍ 11 കുട്ടികളുടെ അമ്മയായിരുന്നു. ഗര്‍ഭപാത്രശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീര്‍ണ്ണതകളാല്‍ അമ്മച്ചി മരിക്കുമ്പോള്‍ 42 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 19 വര്‍ഷത്തിനിടെ അമ്മച്ചിക്ക് 11 കുട്ടികളുണ്ടെന്നറിഞ്ഞ അമ്മച്ചിയുടെ ഗൈനക്കോളജി ഡോക്ടര്‍ അമ്മച്ചിയെ ഉപദേശിച്ചത് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് ഭാവിയില്‍ ക്യാന്‍സര്‍ വരാതിരിക്കാന്‍ സഹായകരമായിരിക്കും എന്നതായിരുന്നു. 
പതിനൊന്ന് മക്കളെ പെറ്റുവളര്‍ത്തിയ ഒരമ്മയുടെ ജീവിക്കാനുള്ള അതിമോഹം കൊണ്ടായിരിക്കാം ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് ശസ്ത്രക്രിയ സ്കൂള്‍ അവധിക്കാലത്താണ് അമ്മച്ചി നടത്തുവാന്‍ തീരുമാനിച്ചത്. അവധിക്കാലമായതിനാല്‍ മക്കള്‍ എല്ലാവരും വീട്ടില്‍ ഉണ്ടാവുമല്ലൊ.
ശസ്ത്രക്രിയയ്ക്ക് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അമ്മച്ചി മക്കളെ എല്ലാവരേയും അമ്മച്ചിയുടെ ചുറ്റും വിളിച്ചിരുത്തി. ഞങ്ങള്‍ അവധിക്കാലത്തു പാലിക്കേണ്ട നിയമങ്ങളുടെ ഒരു ലിസ്റ്റ് എഴുതി, ഓരോരുത്തരെക്കൊണ്ടും ചുവടെ ഒപ്പു ഇടുവിച്ചു. 7 വയസ്സുള്ള എനിക്ക് ഒപ്പ് എന്താണെന്ന് അറിയില്ലായിരുന്നു. അമ്മച്ചി ഞങ്ങളുടെ എല്ലാവരുടെയും സ്കൂളുകള്‍ സന്ദര്‍ശിച്ച് ഓരോ അദ്ധ്യാപകരോടും ഞാന്‍ ശസ്ത്രക്രിയയ്ക്കു പോവുകയാണെന്ന് പറഞ്ഞു. ഞങ്ങളുടെ ഉറക്കസമയം  ഞാനോര്‍ക്കുന്നു. അമ്മച്ചി എല്ലാ രാത്രിയിലും ചെറിയ കുട്ടികളെ കിടക്കയില്‍ കിടത്തുന്നതും, ശാന്തമായി ഉറങ്ങാന്‍ ലൈറ്റ് അണച്ചശേഷം എല്ലാവരുടെയും അടുത്ത് ചെന്ന് പൗഡര്‍ പുരട്ടി അവര്‍ക്ക് ഗുഡ്നൈറ്റ് ഉമ്മകള്‍ നല്‍കുന്നതും ഇന്നും മനസ്സിലുണ്ട്.
അമ്മച്ചിയുടെ കൂടെ ഒരു നിഴല്‍പോലെ പിന്തുടരുമായിരുന്ന ആളാണ് ഞാന്‍. സഹോദരിമാരോടൊപ്പം കിടത്താന്‍ അമ്മച്ചി ശ്രമിക്കുമ്പോള്‍, അമ്മച്ചിയുടെ കൂടെ മാത്രം ഉറങ്ങാന്‍ ഞാന്‍ ശാഠ്യം പിടിക്കും.


ഒരു സായാഹ്നത്തില്‍ എന്നേക്കാള്‍ മൂന്നരവയസ് കൂടുതലുള്ള എന്‍റെ സഹോദരിയുമായി ഓടിക്കളിക്കുകയായിരുന്നു. എങ്ങിനെയോ ഞാന്‍ വീണു. എന്‍റെ കോളര്‍ബോണിന് പരിക്കേറ്റു. ഉറങ്ങാന്‍ സമയമായതിനാല്‍ എനിക്ക് കട്ടിലില്‍ കിടക്കാന്‍ കഴിഞ്ഞില്ല. എന്നെ ഉറക്കാന്‍വേണ്ടി എന്നെ മടിയില്‍ കിടത്തി രാത്രി മുഴുവന്‍ അമ്മച്ചി ഉണര്‍ന്നിരുന്നു. മക്കള്‍ക്കുവേണ്ടി എന്ത് ത്യാഗത്തിനും ആ മനസ്സ് തയ്യാറായിരുന്നു. രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കാനുള്ള അമ്മച്ചിയുടെ സമര്‍പ്പണവും, സഹനതയും ഒരു രക്ഷിതാവെന്ന നിലയില്‍ അമ്മച്ചിയുടെ സ്നേഹവും, പ്രതിബദ്ധതയും വെളിവാക്കുന്നു. അമ്മച്ചി ഞങ്ങളെ എല്ലാവരെയും വളരെ ആഴത്തില്‍ കരുതിയിരുന്നു. അടുത്ത ദിവസം തന്നെ എന്‍റെ കോളര്‍ ബോണ്‍ പൊട്ടിയോ എന്നറിയാന്‍ എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. എനിക്ക് കൈ ഉയര്‍ത്താന്‍ പറ്റാത്തതുകൊണ്ട് അമ്മച്ചി എനിക്ക് രണ്ട് സ്ലീവ്ലെസ് ഡ്രെസ്സുകള്‍ കൊണ്ടു കക്ഷം മുതല്‍ അരക്കെട്ടുവരെ നീളമുള്ള സിപ്പര്‍ ഉപയോഗിച്ച് കൈ ചലിപ്പിക്കുവാന്‍ പാകത്തില്‍ ഉടുപ്പ് ഇടുവിച്ചു. അമ്മച്ചി വളരെ ക്രിയേറ്റീവ് ആയിരുന്നു. അമ്മച്ചിക്ക് തയ്യലും എംബ്രോയ്ഡറിങ്ങും വളരെ ഇഷ്ടമായിരുന്നു.
അമ്മച്ചിയുടെ ശസ്ത്രക്രിയയുടെ രണ്ടു ദിവസം മുമ്പ് ഒക്ടോബര്‍ 19 ന് കൊച്ചേച്ചിയും (ഞങ്ങളുടെ അമ്മച്ചിയുടെ മരണശേഷം ഞങ്ങള്‍ക്ക് അമ്മയായി മാറിയ എന്‍റെ സഹോദരി) അമ്മച്ചിയെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കാന്‍ ഞാനും ബസ്സില്‍ ലിസി ഹോസ്പിറ്റലിലേക്ക് പോയി. അമ്മച്ചിയെ വിട്ടുപോകാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഞാന്‍ കരയാന്‍ തുടങ്ങി. അമ്മച്ചി ഞങ്ങളോടൊപ്പം ഹോസ്പിറ്റല്‍ ഗേറ്റിലേക്ക് വന്നു. ഞാന്‍ അമ്മച്ചിയോട് യാത്രപറഞ്ഞു കെട്ടിപ്പിടിച്ചശേഷം കൊച്ചേച്ചിയുമായി വീട്ടിലേക്ക് പോയി. എന്‍റെ അമ്മച്ചി ഹോസ്പിറ്റലില്‍ നിന്നും ഇനി തിരിച്ച് വരില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇനി ഒരിക്കലും അമ്മച്ചിയോടൊപ്പം ഉറങ്ങാന്‍ കഴിയില്ലെന്ന് അറിയാതെ ആ രാത്രിയില്‍ ഞാന്‍ ആദ്യമായി ഉറങ്ങാന്‍ കരഞ്ഞു. 
ഒക്ടോബര്‍ 21 ചൊവ്വാഴ്ചയായിരുന്നു അമ്മച്ചിയുടെ ശസ്ത്രക്രിയ. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ശസ്ത്രക്രിയ നന്നായി നടന്നു. ഞാന്‍ അച്ചയാനോടൊപ്പം എല്ലാ ദിവസവും അമ്മച്ചിയെ സന്ദര്‍ശിച്ചിരുന്നു. എനിക്ക് തലവേദനയ്ക്ക് അമ്മച്ചി ഒരു ഡോക്ടറുമായി അപ്പോയിന്‍റ്മെന്‍റ് ഷെഡ്യൂള്‍ ചെയ്തിരുന്നതിനാല്‍ അന്നു വൈകുന്നേരം അച്ചായന്‍ അമ്മച്ചിയെ കാണാന്‍ വന്നപ്പോള്‍ എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി; അടുത്ത ദിവസം രാവിലെ അപ്പോയിന്‍റ്മെന്‍റിനായി തിരികെ കൊണ്ടുവന്നു.
അമ്മച്ചിയുടെ ആശുപത്രി കിടക്കയുടെ അരികില്‍ നിന്നുകൊണ്ട് എന്‍റെ എട്ടാം പിറന്നാളിന് അമ്മച്ചി വീട്ടിലേക്ക് വരുമോ എന്ന് ചോദിച്ചത് ഞാന്‍ ഓര്‍ക്കുന്നു.നവംബര്‍ 11 നാണ് എന്‍റെ ജന്മദിനം. എന്‍റെ പിറന്നാള്‍ ദിനത്തില്‍ അമ്മച്ചി വീട്ടില്‍ ഉണ്ടാകുമോ എന്ന് അമ്മച്ചിയുടെ അരികിലിരുന്ന് ചോദിച്ചത് എന്‍റെ മനസ്സില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്നു.
അമ്മച്ചി മെല്ലെ എന്‍റെ മുഖത്തു തലോടി എന്നെ കെട്ടിപ്പിടിച്ച് അമ്മച്ചിക്ക് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ആശുപത്രി ചാപ്പലിലേക്ക് ഓടി അള്‍ത്താരയ്ക്കു മുന്നില്‍ മുട്ടുകുത്തി നിന്ന് അമ്മച്ചി പെട്ടെന്ന് സുഖം പ്രാപിക്കണേ എന്നു പ്രാര്‍ത്ഥിച്ചു. എന്‍റെ അമ്മച്ചിക്ക് സംഭവിക്കുന്നതിന്‍റെ ഗൗരവം ഞാന്‍ അറിഞ്ഞിരുന്നില്ല. അമ്മച്ചിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന സത്യം അന്ന് 7 വയസ്സുപ്രായമുള്ള എന്‍റെ അറിവിന് അപ്പുറമായിരുന്നു. അമ്മച്ചിയുടേത് ഉള്‍പ്പെടെ 6 ശസ്ത്രക്രിയകള്‍ അന്നു നടത്തിയിരുന്നു. രണ്ടാം ദിവസം മറ്റ് 5 രോഗികളും നടക്കാന്‍ തുടങ്ങി. എന്നാല്‍ എന്‍റെ അമ്മച്ചിക്ക് ഇരിക്കാന്‍ പോലും കഴിയാത്തവിധം തളര്‍ന്നു. ആശുപത്രിയില്‍ അമ്മച്ചിയെ  പരിചരിച്ചിരുന്ന കൊച്ചേച്ചി അമ്മച്ചിയുടെ വയറിലെ നിറവ്യത്യാസം ശ്രദ്ധിച്ചു. അമ്മച്ചിക്ക്  ആന്തരിക രക്തസ്രാവം ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞതിനാല്‍ ഡോക്ടറെ സമീപിച്ചു. അമ്മച്ചിക്ക് ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. ശരീരം വളരെ ദുര്‍ബലമായിരുന്നു. രക്തസ്രാവം തടയുവാന്‍ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വിധേയയാകാനുള്ള ആരോഗ്യസ്ഥിതി അമ്മച്ചിക്ക് ഉണ്ടായിരുന്നില്ല. ഡോക്ടര്‍ക്കു പറ്റിയ കൈപിഴവിനു മുന്നില്‍ എന്‍റെ അമ്മച്ചിക്ക് കീഴ്പെടേണ്ടിവന്നു.
1970 ഒക്ടോബര്‍ 26-ന് വൈകുന്നേരം 6.30 ന് അമ്മച്ചി തന്‍റെ 9 മക്കളുടെയും 26 വര്‍ഷത്തെ ജീവിതപങ്കാളിയുടെയും സാമീപ്യത്തില്‍ അവസാന ശ്വാസം എടുത്ത്, ഈ ലോകത്തു നിന്നും യാത്രയായി. എന്‍റെ ഹൃദയത്തില്‍ ഒരിക്കലും നിറയാത്ത ഒരു ദ്വാരം അവശേഷിപ്പിച്ചാണ് അമ്മച്ചി ഞങ്ങളെ വിട്ടുപോയത്. എന്‍റെ അമ്മച്ചി തന്‍റെ വേദനയും, അസ്വസ്ഥതയും ഒരു പുഞ്ചിരിയോടെ മറച്ചുവച്ച് എല്ലാം സാധാരണമായി കാണിച്ച് മക്കള്‍ക്കുവേണ്ടി ഒരുപാടു ത്യാഗം ചെയ്തു.
എന്‍റെ അമ്മച്ചി കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കും ക്ഷേമത്തിനും എല്ലാറ്റിനുമുപരിയായി മുന്‍തൂക്കം നല്‍കിയിരുന്നു. എന്‍റെ അമ്മച്ചിയുടെ അസാമാന്യമായ ശക്തിയും, സഹിഷ്ണതയും മക്കളോടുള്ള അഗാധമായ സ്നേഹത്തില്‍ നിന്നും അര്‍പ്പണ ബോധത്തില്‍ നിന്നുമാണ്.
എന്‍റെ അമ്മച്ചിയുടെ സ്നേഹവും മാര്‍ഗനിര്‍ദ്ദേശവുമാണ് ഇന്ന് ഞാന്‍ എന്ന വ്യക്തിക്ക് അടിത്തറ പാകിയതെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. എന്‍റെ അമ്മച്ചിയുടെ അനുഗ്രഹങ്ങള്‍ എന്‍റെ ജീവിതത്തെ രൂപപ്പെടുത്തുകയും അമ്മച്ചിയുടെ ശാരീരിക അഭാവത്തില്‍ പോലും, ഞാന്‍ ആയിത്തീര്‍ന്ന അമ്മയെ സ്വാധീനിക്കുകയും ചെയ്യുന്നു.
എന്‍റെ ദൈനംദിന ജീവിതത്തില്‍ എനിക്ക് മൃദുലമായ ഒരു സ്പര്‍ശനം അനുഭവപ്പെടുന്നതോ, അല്ലെങ്കില്‍ മേഘങ്ങള്‍ക്കിടയിലൂടെ സൂര്യപ്രകാശത്തിന്‍റെ ഒരു തിളക്കം ശ്രദ്ധിക്കുന്നതോ ആയ നിമിഷങ്ങളുണ്ട്. അത് അമ്മച്ചി എന്നില്‍ ചൊരിയുന്ന അനുഗ്രഹങ്ങളുടെയും, സാന്നിദ്ധ്യത്തിന്‍റെയും പ്രതീകാത്മക പ്രതിനിധാനമായി ഞാന്‍ വിശ്വസിക്കുന്നു.
എന്‍റെ അമ്മച്ചി എനിക്ക് വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കുവാന്‍ കഴിയുന്നതിലും അപ്പുറമാണ്. ആ നഷ്ടം ഒരിക്കലും നികത്താനാവില്ല. എന്‍റെ ശാരീരികധാരണകള്‍ക്ക് അതീതമായ, അദൃശ്യമായ ഒരിടത്തുനിന്ന് എനിക്ക് എന്നും മാര്‍ഗനിര്‍ദ്ദേശവും, സ്നേഹവും വാഗ്ദാനം ചെയ്ത് അമ്മച്ചി ഇപ്പോഴും എന്നെ നിരീക്ഷിക്കുന്നുണ്ടെന്നും പരിപാലിക്കുന്നുണ്ടെന്നും എനിക്കറിയാം. ഞാന്‍ അതില്‍ ഉറച്ചു വിശ്വസിക്കുന്നു.
അവധിക്കാലത്തു പാലിക്കേണ്ട ചട്ടങ്ങള്‍
(ഒരമ്മ മക്കള്‍ക്കു പാലിക്കുവാന്‍ കൊടുത്ത ക്രമചട്ടങ്ങളാണ് ഇവ. തങ്ങള്‍ക്കടുത്ത് പൂര്‍ണ്ണതയോടെ അവരതു കാത്തുപോന്നു. അതു അധികനാള്‍ കണ്ടിരിക്കാന്‍ ആ നല്ല അമ്മയ്ക്കു കഴിഞ്ഞില്ല. അവര്‍ പെട്ടെന്ന് ഇഹലോകവാസം വെടിഞ്ഞു. എങ്കിലും ആ മക്കള്‍ അവ പാലിക്കുന്നതില്‍ അമ്മയുടെ ഓര്‍മ്മയും സ്നേഹവും നിലനിര്‍ത്തുവാന്‍ ശ്രമിക്കുകയാണ്. അങ്ങനെ അച്ചടക്കത്തിന്‍റെയും ഒരൈശ്വര്യവും മഹിമയും ആ കുടുംബത്തിനുമുണ്ട്. വിദേശത്തൊന്നുമല്ല ഈ കുടുംബവും കുടുംബവാസികളും, ഈ പള്ളുരുത്തിയിലാണ്. ആ നല്ല അമ്മയുടെ പേര് ശ്രീമതി. ഈത്തമ്മ തോമസ് (പാലത്തറ) എന്നാണ്.
1.    അനുസരണക്കേട് കാണിക്കുന്നവര്‍ക്ക് ആ നേരം ഭക്ഷണമില്ല.
2.    ഓരോരുത്തരം 5 മണിക്ക് എഴുന്നേറ്റ് പ്രാര്‍ത്ഥന ചൊല്ലി കിടക്കതെറുത്ത്, ഈ രണ്ടു പേരായി പോയി കുളിച്ച് ബാക്കിസമയം ബൈബിള്‍ വായിച്ച് പള്ളിയില്‍ പോയി കുര്‍ബാന കണ്ടശേഷം വന്ന് ഡ്രസുമാറി അതാതു സ്ഥാനങ്ങളില്‍ വച്ചതിനുശേഷമേ കാപ്പി കുടിക്കാന്‍ വരാവൂ.
3.    അതാതു സ്ഥാനങ്ങളില്‍ പോയിരുന്നു പാഠങ്ങള്‍ പഠിക്കണം.
4.    ഭക്ഷണസമയത്തു വിളിക്കുമ്പോള്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ.
5.    ഭക്ഷണം കഴിച്ചുകഴിഞ്ഞതിനുശേഷം ചെടിക്കു വെള്ളമൊഴിക്കുകയോ വളമിടുകയോ ചെയ്തിട്ട് വിനോദങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്.
6.    ഏതെങ്കിലും കാരണവശാല്‍ വഴക്കിട്ടാല്‍ ആ നേരം ആഹാരമില്ല.
7.     പതിനൊന്നുമണി കഴിഞ്ഞാല്‍ മുറ്റത്തു വെയില്‍കൊണ്ടു നടക്കാതെ വീട്ടിനകത്തിരുന്നു പത്രം വായിക്കുകയോ നിശബ്ദരായി കഴിഞ്ഞുകൂടുകയോ വേണം.
8.    ഉച്ചഭക്ഷണം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ഒന്നോ രണ്ടോ മണിക്കൂര്‍ ഉറങ്ങാവുന്നതാണ്.
9.    വൈകുന്നേരം മേലുകഴുകിക്കഴിഞ്ഞ് എന്തെങ്കിലും തരുന്നതു കഴിച്ചിട്ട് പഠിക്കാനിരിക്കണം.
10.    5 മണി മുതല്‍ 6 മണിവരെ കളിക്കാവുന്നതാണ്.
11.    അര മണിക്കൂര്‍ ചെടികള്‍ പരിപാലിക്കേണ്ടതാണ്.
12.    7 മണിക്കു പ്രാര്‍ത്ഥന.
13.    എട്ടര മണി മുതല്‍ ഒമ്പതര മണിവരെ വായന.
14.    10 മണിക്ക് ഉറക്കം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.