PRAVASI

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി;മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെ, ക്ഷമ ചോദിക്കുന്നു

Blog Image

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടൻ മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നും കേരളത്തിന്‍റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടിയെന്നും പെരുമ്പളം പാലത്തെ മമ്മൂട്ടി പ്രകീർത്തിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരെയും അറിയിച്ചശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാൻ മമ്മൂട്ടിയെത്തിയത്. ചെന്നൈയിൽ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു അത്. അതിനാൽ തന്നെ സദുദ്ദേശത്തോടെയാണ് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും വിവാദമാകുമെന്നും കരുതി മമ്മൂട്ടി അത്തരത്തിൽ ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാൽ, നമ്മുടെ നാട്ടിൽ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. നല്ല നിലയിൽ ഇടപെടുന്നയാളാണ് സിപിഎം ജില്ലാ സെക്രട്ടറിയായ കെ റഫീഖ്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം ക്യാമറ വസ്ത്രത്തിൽ വെച്ച് നടക്കുന്നവര്‍ വിവാദമാക്കി. 

മമ്മൂട്ടിയെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമാണ്. എന്തിനാണത് വിവാദമാക്കിയത്? സിപിഎം സാമൂഹിക മാധ്യമ പോരാളികല്‍ വലിയ തോതിൽ മമ്മൂട്ടിയെ ആക്രമിച്ചുവെന്ന പ്രചാരണം ഉണ്ടായി. സിപിഎം സോഷ്യൽ മീഡിയ പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയാതെയായോ? ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ മനസിന് വിഷമം ഉണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു.മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നു. എങ്ങനെ ഒരു നല്ല കാര്യത്തെ ചീത്തയാക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.

വയനാട് ടൗണ്‍ഷിപ്പിൽ വെച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം നേരത്തെ വിവാദമായിരുന്നു. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ എപ്പോഴും തന്‍റെ ഒപ്പം നിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടയാക്കുമെന്നായിരുന്നു മമ്മൂട്ടി ജില്ലാ സെക്രട്ടറിയോട് അതൃപ്തിയോടെ പറഞ്ഞത്. ഇതിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. മമ്മൂട്ടിക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് സൈബർ ആക്രമണം രൂക്ഷമായിരുന്നു. വിഷയം സൈബർ ഇടങ്ങളിലക്കം ആളികത്തിയതും യു ഡി എഫ് നേതാക്കളും പ്രവർത്തകരും കക്ഷി ചേർന്നതും പ്രശ്നം കൂടുതല്‍ വഷളാക്കി. ഇതിനെല്ലാം ഒടുവിൽ മമ്മൂട്ടി, റഫീഖിനെ വീഡിയോ കോള്‍ വിളിച്ച് കാര്യം വിശദീകരിച്ചിരുന്നു. മമ്മൂട്ടി വിളിച്ച കാര്യം റഫീഖ് തന്നെയാണ് അറിയിച്ചത്. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന ഉദ്ദേശത്തോടെയാണ് താൻ ഇടപെട്ടതെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി ഹൃദയത്തോട് ചേർത്ത് വെക്കുന്ന നടനാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും റഫീഖ് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിനിടയിലാണ് മെഗാസ്റ്റാർ തന്നെ ജില്ലാ സെക്രട്ടറിയെ വിളിച്ചത്. ഇതിനുപിന്നാലെയാണിപ്പോള്‍ പരസ്യമായി മാപ്പു പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്.
തിരുവനന്തപുരം ജനറൽ ആശുപത്രി ബഹുനില കെട്ടിട ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തിൽ പരസ്യമായി മാപ്പു പറഞ്ഞത്. ആരോഗ്യ മേഖലയിലെ നേട്ടം മറച്ചുപിടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതൊന്നും ഒന്നുമല്ല എന്ന് വരുത്തി തീർക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ മേഖലയെ ലക്ഷ്യം വെച്ച് പ്രത്യേക ആക്രമണം നടക്കുന്നുണ്ട്. ഇതിന് പിന്നിൽ ആരാണെന്ന് വേഗം തിരിച്ചറിയാം. ആരോഗ്യമേഖയിൽ കടന്ന് വരുന്ന പുതിയ കൂട്ടരുണ്ട്. അത് അന്താരാഷ്ട‌്ര കോർപ്പറേറ്റുകളാണ്. അമേരിക്കൻ കോർപ്പറേറ്റുകൾ അടക്കം ഇക്കൂട്ടത്തിലുണ്ട്. പൊതുജനാരോഗ്യ മേഖല മോശമാക്കേണ്ടത് ഇക്കൂട്ടരുടെ ആവശ്യമാണ്. 2016 ന് മുൻപ് സർക്കാർ ആശുപത്രികൾ നോക്കുകുത്തികളായിരുന്നു. കൃത്യമായ മരുന്നോ ഡോക്ടർമാരോ ഉണ്ടായിരുന്നില്ല. സംഭവിക്കാൻ പാടില്ലാത്തത് സർക്കാർ ആശുപത്രിയിലുണ്ടായാൽ അതിനോട് ദാക്ഷിണ്യം കാണിക്കാറില്ല. ചില സംഭവങ്ങൾ തേടിപ്പിടിച്ച് കണ്ടെത്തി പ്രചരിപ്പിച്ച് ആരോഗ്യമേഖല ആകെ മോശമെന്ന് വിമര്‍ശിക്കുകയാണ്. സർക്കാർ സംവിധാനത്ത വലിയ തോതിൽ ഇകഴ്ത്തുന്നവര്‍ സ്വകാര്യ മേഖലയിലെ വീഴ്ചക്കെതിരെ കണ്ണടക്കുകയാണ്. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ അർപ്പണ ബോധവും മനോവീര്യവും തകർക്കുന്നു. ആരോഗ്യ രംഗത്ത് മേഖലയിൽ മാത്രമല്ല മറ്റ് മേഖലകളിലും വലിയ മാറ്റങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.