തിരുവനന്തപുരത്തിൻ്റെ ഭക്തി സഞ്ചാര കേന്ദ്രങ്ങളെ ക്കു റിച്ച് മുൻപ് ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയിൽ നിർണ്ണായകമായ തനതുവരുമാനം നേടിത്തരുന്ന അനന്തപുരിയുടെ ടൂറിസം കേന്ദ്രങ്ങളെ ക്കുറിച്ചാണ് ഇന്ന് പ്രതിപാദിക്കുന്നത്.
ലോക ടൂറിസം മേഖലയിൽ സ്ഥാനം പിടിച്ചിട്ടുള്ള തിരുവനന്തപുർത്തിൻ്റെ മിനി ഗോവയായ കോവളം മുതൽ, സമ്പത്തിൻ്റെ മൂല്യ നിർണ്ണയം ഇനിയും പൂർത്തിയാകാത്ത, അത്രയും നിധി ശേഖരമുണ്ടെന്ന് കരുതപ്പെടുന്ന ഭക്തി വിനോദ സഞ്ചാര കേന്ദ്രമായ പത്മനാഭ സ്വാമി ക്ഷേത്രവുംതിരുവനന്തപുരത്താണ് ഉള്ളത്. കൂടാതെ മൃഗശാല, നേപ്പിയർ മ്യൂസിയം, വേളി ബീച്ച്, ശംഖുമുഖം ബീച്ച്, വർക്കല ബീച്ച്, നെയ്യാർ ഡാം, പൊൻമുടി, മീൻമുട്ടി വെള്ളച്ചാട്ടം, വാഴ്‌വാന്തോൽ വെള്ളച്ചാട്ടം, ആക്കുളം ബോട്ട് ക്ലബ്ബ്, പൂവാർ, അഞ്ചുതെങ്ങ് കോട്ട, ആറ്റുകാൽ ക്ഷേത്രം, പേപ്പാറ അണക്കെട്ട്, അരുവിക്കര, അമ്പൂരിയിലെ ഗ്രാമപ്രദേശങ്ങൾ, വിഴിഞ്ഞം തുറമുഖം, മടവൂർ പ്പാറ ഗുഹാക്ഷേത്രം, ആഴിമല ക്ഷേത്രം, കാപ്പിൽ ബീച്ചും കായലും, രാജാരവിവർമ്മ ആർട്ട് ഗ്യാലറി,മുതലപ്പൊഴി, ശാസ്താം പാറ, അഗസ്ത്യാർകൂടം, ചിറ്റിപ്പാറ, തുടങ്ങി ഒട്ടനവധി പ്രദേശങ്ങളും ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുമെല്ലാം തിരുവനന്തപുരത്തിൻ്റെ ടൂറിസത്തിന് മുതൽ കൂട്ടാവുകയും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുകയും ചെയ്യുന്നു.

കോവളം
തിരുവനന്തപുരത്തിൻ്റെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആദ്യം ജനമനസ്സിലെത്തുന്നതും കാണുവാൻ പ്രഥമ പരിഗണന നല്കുന്നതുമായ സ്ഥലം മനോഹരമായ കോവളം ബീച്ച് തന്നെയാണ്. തിരുവനന്തപുരം നഗരത്തിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. ഇവിടത്തെ ഹവ്വാബീച്ചിനോട് ചേർന്ന് ഒരു ലൈറ്റ് ഹൗസും ഉണ്ട്. പണ്ടു കാലത്ത് ശത്രുക്കളെ നിരീക്ഷിക്കാനും കപ്പലുകൾക്ക് വഴി കാട്ടാനുമായിട്ടാണ് ഇത് സ്ഥാപിക്കപ്പെട്ടതെന്ന് പറയുന്നു, സീസൺ സമയമായ നവംബർ മുതൽ മാർച്ച് വരെയാണ് ഇവിടം സഞ്ചാരികളുടെ പറുദീസയാകുന്നത്. ഇവിടത്തെ ന്യൂ ഇയർ ആഘോഷം ലോക പ്രശസ്തമാണ്. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വാബീച്ച്, സമുദ്ര ബീച്ച്, അശോക ബീച്ച്, അടിമലത്തുറ ബീച്ച് എന്നിവയാണ് ഇവിടത്തെ പ്രധാന സമീപ ബീച്ചുകൾ. സഞ്ചാരികൾക്കായി പഞ്ചനക്ഷത്ര ഹോട്ടലുകൾ മുതൽ ബഡ്ജറ്റിലൊതുങ്ങുന്ന ചെറിയ റിസോർട്ടുകൾ വരെ ഇവിടെ സഞ്ജമാണ്, യോഗ കേന്ദ്രങ്ങളും ആയൂർ വേദ ചികിത്സാ കേന്ദ്രങ്ങളും സഞ്ചാരികളെ കൂടുതലായി ഇങ്ങോട്ട് ആകർഷിക്കുന്നു.
വർക്കല
വർക്കലയുള്ള മനോഹരമായ കടൽത്തീരമാണ് പാപനാശം. ബലി തർപ്പണത്തിന് പ്രശസ്തമാണ് പാപനാശം കടൽത്തീരം. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശിവഗിരിമഠം, കടൽത്തീരങ്ങൾ, വിഷ്ണുക്ഷേത്രം തുടങ്ങിയവ വർക്കലയിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളാണ്.
.jpg)
പൊൻമുടി
മിനിറ്റുകൾ കൊണ്ട് കാലാവസ്ഥാ വ്യതിയാനങ്ങൾ മാറി മാറി വന്ന് വൈകുന്നേരത്തോടെ കോടമഞ്ഞ് പുതച്ച് കിടക്കുന്ന, സഞ്ചാരികൾക്ക് വിസ്മയം തീർക്കുന്ന മലനിരകളുടെയും പാറക്കെട്ടുകളുടെയും പുൽമേടുകളുടെയും മനോഹര ദൃശ്യഭംഗി നുകരാൻ പറ്റുന്ന ഒന്നാണ് തിരുവനന്തപുരത്തെ ഹിൽ സ്റ്റേഷനായ പൊൻമുടി. തിരുവനന്തപുരത്തു നിന്നും 61 കിലോമീറ്റർ ദൂരമാണ് കാടിൻ്റെ വന്യത ആസ്വദിച്ച് ഇവിടെ എത്തിച്ചേരാൻ. തണുപ്പ് ആസ്വദിച്ച് ഇവിടെ കഴിയാൻ സർക്കാരിൻ്റെ ഗസ്റ്റ് ഹൗസ് സൗകര്യമുണ്ട്, പോകുന്ന വഴിയിലെ കല്ലാറും മീൻമുട്ടി വെള്ളച്ചാട്ടവും മനോഹരമായ തേയിലത്തോട്ടങ്ങളും പൊൻമുടിയിലേക്കുള്ള യാത്രയിലെ മായാക്കാഴ്ച്ചകളാണ്. കാടിനകത്തെ മീൻമുട്ടി വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ശംഖുമുഖം ബീച്ച്
തിരുവന്തപുരം നഗരത്തിൽ നിന്നും 7 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്തിച്ചേരാവുന്നതും അന്താരാഷ്ട്ര വിമാനത്താവളത്തിനോട് അടുത്തുള്ളതുമായ മനോഹരമായ മറ്റൊരു കടൽത്തീരമാണ് ശംഖുമുഖം, അലയടിക്കുന്ന കടൽത്തിരമാലകളുടെ ഭംഗി ആസ്വദിച്ച് അസ്തമന സൂര്യനെ കണ്ട് വിശ്രമിക്കാൻ ദിവസേന ആയിരക്കണക്കിന് ആൾക്കാരാണ് ഇവിടെ എത്തിച്ചേരുന്നത്. കുട്ടികളും മുതിർന്നവരും ഒരു പോലെ പട്ടം പറത്തൽ മത്സരത്തിലും വേദിയാകുന്ന കടൽത്തീരമാണിവിടം. വ്യോമ സേനയുടെ ഹെലികോപ്റ്ററും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ തീർത്ത സാഗരകന്യകയും ശംഖുമുഖത്തിൻ്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വാഹനങ്ങളുടെ പാർക്കിങിന് വിശാലമായ സ്ഥലമുള്ളതും തീരത്തിനോട് ചേർന്നുള്ള കുട്ടികളുടെ പാർക്കും ലഘുഭക്ഷണശാലകളും തീരത്ത് തന്നെ സ്ഥിതി ചെയ്യുന്ന ശംഖും മുഖം ദേവിക്ഷേത്രവുമെല്ലാം ജനങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നു
.jpg)
മൃഗശാലയും നേപ്പിയർ മ്യൂസിയവും
50 ഏക്കർ വിസ്തൃതിയിൽ നഗരമധ്യത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണ് തിരുവനന്തപുരം മ്യൂസിയം. 1857 ൽ സ്ഥാപിക്കപ്പെട്ടതാണിത്.
100 ൽ പരം സ്വദേശിയും വിദേശിയുമായ മൃഗങ്ങളെ നമുക്ക് കൈയെത്തും ദൂരത്ത് കാണുന്ന രൂപത്തിൽ ആണ് മൃഗശാല സജ്ജികരിച്ചിട്ടുള്ളത്. ജീവജാലങ്ങളെ അവയുടെ ആവാസ വ്യവസ്ഥയ്ക്ക് അനുസ്വതമായി വളരാൻ ഉള്ള സാഹചര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പീലി വിരിച്ചടുന്ന മയിലുകൾ മുതൽ നിരവധി പക്ഷി വർഗ്ഗങ്ങൾ, പുലി, സിംഹം, മാനുകൾ, കാട്ടു പോത്ത്, വിവിധയിനം കുരങ്ങുകൾ, സീബ്ര, ജിറാഫ്, ചീങ്കണ്ണികൾ, കടുവ, നീലക്കാള, മുള്ളൻ പന്നി, ഒട്ടകപ്പക്ഷി, കിവി എന്തിനധികം ഉഗ്രവിഷമുള്ള നിരവധി പാമ്പുവർഗ്ഗങ്ങളെയും അനക്കോണ്ടയെയും നമുക്കിവിടെ കാണാൻ കഴിയും, മൃഗശാല മുഴുവൻ ചുറ്റിക്കാണുന്നതിന് വേണ്ടി ബാറ്ററിയിലോടുന്ന വാഹന സൗകര്യങ്ങളും ഫോട്ടോഗ്രാഫിയ്ക്കും ഇവിടെ അനുവാദമുണ്ട്.
മൃഗശാലയോട് ചേർന്നു തന്നെ കേരളീയ ശില്പകലയിലും മുഗൾ ,
ചൈനീസ് മാതൃകകളിൽ തീർത്ത മനോഹരമായ കെട്ടിടത്തിലാണ് പുരാവസ്തു ശേഖരങ്ങളുടെ കേന്ദ്രമായ നേപ്പിയർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നിരവധി പ്രസിദ്ധമായ രാജകീയ പ്രതിമകൾ, ആഭരണങ്ങൾ, നാണയശേഖരങ്ങൾ, ആനക്കൊമ്പിൽ തീർത്ത 'ശില്പങ്ങൾ , രാജാ ഭരണ കാലത്തെ രഥങ്ങൾ , രാജാരവിവർമ്മ ചിത്രങ്ങൾ എന്നിവയൊക്കെ ഇവിടെ കാണാം. വിവിധങ്ങളായ വർണ്ണ മത്സ്യങ്ങളുടെ അക്വോറിയവും ഇവിടെയുണ്ട്, കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ എല്ലാ സൗകര്യങ്ങളോടുകൂടിയ ചിൽഡ്രൻസ് പാർക്കും ഇവിടെയുണ്ട്, മൃഗരാലയും മ്യൂസിയവും ആർട്ട് ഗ്യാലറിയും അക്വോറിയവും ഒക്കെ കാണുന്നതിന് ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വ്യായാമത്തിൻ്റെ ഭാഗമായി പ്രഭാത , സായാഹ്ന നടത്തത്തിനും ഇവിടെ സൗകര്യമുണ്ട്. ഇവിടെയുള്ള റേഡിയോ പാർക്കിൽ പാട്ട് കേൾക്കുന്നതിനുമൊക്കെ ദിവസേന നിരവധി പേർ എത്തി ച്ചേരുന്ന ഒരു വിശ്രമ കേന്ദ്രം കൂടിയാണിത് . തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും വെറും 2 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ളത്,
ഇപ്പോൾ ഇവിടെ പറയാത്ത ഒട്ടോറ സഞ്ചാരികളുടെ പറുദീസകൾ തിരുവനന്തപുരത്ത് ഇനിയുമേറെയുണ്ട്.
അവയെക്കുറിച്ചൊക്കെ വിശദമായി പറയുവാൻ ഞാൻ വീണ്ടും വരും

അഡ്വ.ഷിബു മണല

