കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി നിശ്ചയിക്കണമെന്ന് എ പി സമസ്ത. ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണമെന്നാണ് എ പി സമസ്ത വിഭാഗത്തിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് ദിനത്തെക്കുറിച്ച് പുനരാലോചന ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എസ്വൈഎസ് ജനറല്‍ സെക്രട്ടറി ഡോ മുഹമ്മദ് അബ്ദുല്‍ ഹക്കീം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചു.
രാജ്യത്ത് ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ്. ഏപ്രില്‍ 26നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കും. ഒന്നാംഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനാണ്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നാം ഘട്ടം വോട്ടെടുപ്പ്. നാലാംഘട്ടം മെയ് 13നാണ്. 10 സ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20നാണ്. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നാണ്. ഏഴ് സംസ്ഥാനങ്ങളിലായി 57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. അവസാനഘട്ടം ജൂണ്‍ ഒന്നിനാണ്. ഏഴാം ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ഇസ്ലാം മതവിശ്വാസികളുടെ ആരാധനയെ ബാധിക്കുമെന്ന് കത്തില്‍ പറയുന്നു. കൃത്യമായ വോട്ടിങ് രേഖപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ക്ക് ജോലി നിര്‍വഹിക്കാനും പ്രായസങ്ങളുണ്ടാകും. തിരഞ്ഞെടുപ്പ് എല്ലാ സംസ്‌കാരങ്ങളെയും ആചാരങ്ങളെയും ഉള്‍കൊള്ളാന്‍ പ്രാപ്തമായിരിക്കണമെന്നും എ പി സമസ്ത പറഞ്ഞു. വെള്ളിയാഴ്ച്ചയിലെ വോട്ടെടുപ്പ് മാറ്റിനിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മുസ്ലിംലീഗും, ഇ കെ സമസ്തയും രംഗത്ത് എത്തിയിരുന്നു.