വീണ്ടും കഴുതയായ ഞാൻതന്നെ കഥാപാത്രം .
എത്ര വലിയ ഭാരമാണ് ഞാൻ ചുമക്കുന്നത് .എന്റെ തൊഴിലുതന്നെ ഭാരം ചുമക്കലല്ലേ . ഇതിപ്പോൾ ഗർഭിണിയായ ഒരു സ്ത്രീയെയും വഹിച്ചുകൊണ്ട്, അതു തന്റെ യജമാനന്റെ ഭാര്യ ആണെന്നുമാത്രം . വേഗത്തിൽ എത്തേണ്ട സ്ഥലത്ത് എത്തിപ്പെടേണ്ടതുകൊണ്ട് കണ്ട കാടും മലയും താണ്ടിയായിരുന്നു യാത്ര. വെള്ളമുണ്ടോ വെളിച്ചമുണ്ടോ വിശ്രമമില്ലാത്ത യാത്ര . അവസാനം മലമുകളിലെത്തി. അതിഭയങ്കര തണുപ്പ്. ഗർഭിണിക്കാണെങ്കിൽ പ്രസവവേദന തുടങ്ങിക്കഴിഞ്ഞു.
ഒരു കിടപ്പാടത്തിനായുള്ളതിരച്ചിൽ. പട്ടണത്തിന്റെ ഊടുവഴികൾ താണ്ടിമടുത്തു. എല്ലാ വാതിലുകളും ആമനുഷ്യൻ മുട്ടി. അവസാനം ആരോ ഒരാൾ കനിഞ്ഞു, വൃത്തികെട്ട ഒരു പശുത്തൊഴുത്തുകിട്ടി . അയ്യാൾ ആ വൃത്തികേടുകൾ എല്ലാം തിടുക്കത്തിൽ സ്വയം വൃത്തിയാക്കി. ഉണക്കപുല്ലുകളും വൈക്കോലും വിരിച്ചൊരു പുൽകൂടുണ്ടാക്കി. ഗർഭിണിയെ അവിടെ കിടത്തി. എനിക്ക് സത്യത്തിൽ പുച്ഛമാണ് തോന്നിയത് . കഴുതകൾ പോലും ഇതിലും ഭേദപ്പെട്ട സ്ഥലത്താണ് പ്രസവിക്കുന്നത്.
എന്നെ ഒരുകയറിൽ കുരുക്കി തൊട്ടടുത്തുതന്നെ കെട്ടി. തിരക്കായതിനാലായിരിക്കും അല്പം വൈക്കോൽ എനിക്കിട്ടുതരാൻ അയ്യാൾ മറന്നു . ഞാൻ എന്റെ കഷ്ടപ്പാടുകളെ ഓർത്തോർത്തു കണ്ണുനീരൊഴുക്കി. കാരണം ശരീരം മുഴുവൻ വേദനയാണ് . നിർത്താതെയുള്ള നടത്തം ,അല്ല ഓട്ടം തന്നെയായിരുന്നു. അത്രയും നാൾ കനിവുള്ളവനായിരുന്ന തന്റെ യജമാനൻ ഇന്ന് തന്നോട് കാട്ടിയ ക്രൂരതയ്ക്കളവില്ലായിരുന്നു അയ്യാളെ കുറ്റം പറഞ്ഞിട്ട് കാര്ര്യമില്ല . അയ്യാളുടെ അവസ്ഥഅതല്ലായിരുന്നോ. താൻ ഒരു കഴുതയല്ലേ തന്റെ ജന്മ്മം തന്നെ ചുമടെടുക്കാനും മറ്റുള്ളവന്റെ തല്ലുകൊള്ളാനും ആയിട്ടുള്ളതല്ലേ. ഗർഭിണിയുടെ ഞരക്കവും മൂളലും അരോചകപ്പെടുത്തിയെങ്കിലും. ക്ഷീണം അതിനെ മറികടന്ന് ഉറക്കത്തിലേക്ക് എന്നെനയിച്ചു.
സമയം കടന്നുപോയി, ഒരു മനുഷ്യകുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടുഞാൻ ഞെട്ടിയുണർന്നു . അതാ. നേരംപുലർന്നു എന്ന്തോന്നിപ്പിക്കുന്നതരത്തിൽ വെട്ടം. ഒരു വലിയ നക്ഷത്രം പതിവില്ലാതെ മാനത്തുദിച്ചിരിക്കുന്നു. എന്റെ കണ്ണുകൾ കുഞ്ഞിന്റെ കരച്ചിൽ എവിടെയാണ് എന്ന് പരതി. അതെ ആ പുൽത്തൊട്ടിലിൽ നിന്നുതന്നെയാണ് .
ഓ.. ആശ്വാസമായി ആ സ്ത്രീയുടെ കഷ്ടപ്പാട് തീർന്നല്ലോ ഞാൻ സമാധാനിച്ചു. അതിഭയങ്കരമായ തണുപ്പുള്ള ഒരുരാത്രിയായിരുന്നുഅത് . ഒരു കുഞ്ഞു പിള്ളക്കച്ചയല്ലാതെ ഒന്നും ആ കുഞ്ഞിന് പുതക്കാനുണ്ടായിരുന്നില്ല. തണുത്തിട്ടത് കയ്യുംകാലുമിട്ടടിക്കുന്നതു കണ്ടപ്പോൾ സങ്കടം തോന്നി. എനിക്കാണെങ്കിൽ ഇടതിങ്ങിയ രോമം ഉണ്ടായിട്ടും തണുക്കുന്നു തണുക്കുന്നു എന്ന് തോന്നുകയാണ്. അപ്പോൾ ആ കുഞ്ഞിന്റെ അവസ്ഥ ഊഹിക്കാവുന്നതല്ലേയുള്ളൂ.
പെട്ടെന്നതാ വലിയ ഭാണ്ഡക്കെട്ടുകളും കമ്പിളിപുതപ്പുകളും പുതച്ചുകൊണ്ട് ആടിനെ മേയ്ക്കുന്ന കുറെ ആൾക്കാർ കൂട്ടം കൂട്ടമായി ആ തൊഴുത്തിലേക്കോടി വരുന്നു. അത്ര ദൂരം വരെ ആ കുഞ്ഞിന്റെ കരച്ചിൽ എത്താൻ വഴിയില്ല. അതിനുള്ള സമയവുമായിട്ടില്ല . മുൻകൂട്ടി ആരോ അറിയിച്ചപോലെയായിരുന്നു അവരുടെ വരവ്. വന്നപാടെ അവർ ആകുഞ്ഞിന്റെ കാൽക്കൽ കുമ്പിട്ടു കിടന്ന് ഉറക്കെ ദൈവത്തിനു മഹത്വമ് എന്ന് അവരുടെ ഭാഷയിൽ ആരവം ഇടുകയാണ്. എന്താണ് നടക്കുന്നത് എന്നറിയാതെ ഞാൻ അവരെ നോക്കിഅന്തംവിട്ടുനിൽക്കുമ്പോൾ അതാ പുറകിൽ ഒട്ടകങ്ങളുടെ മണികിലുക്കവും കാല്പെരുമാറ്റവും. അല്പം തലുയർത്തിനോക്കിയപ്പോൾ കാണാം . മൂന്ന് ഒട്ടകങ്ങൾ. ഓരോ ഒട്ടകത്തിന്റെ പുറത്തും ഓരോ രാജാക്കന്മാർ . കണ്ടാലറിയാം ദൂരെ ഏതോ രാജ്യങ്ങളിൽ നിന്ന് യാത്രചെയ്തു വന്നവരായിരിക്കും എന്ന്. വന്നപാടെ അവർ ഒട്ടകത്തിന്റെ പുറത്തുനിന്നും ചാടിയിറങ്ങി ആ കുഞ്ഞും അമ്മയും കിടക്കുന്ന പുൽകൂട്ടിലേക്കോടി. അവരും വന്നപാടെ കുഞ്ഞിന്റെ കാൽക്കൽ കുമ്പിട്ടുവീഴുകയും തങ്ങളുടെ ഭാണ്ഡക്കെട്ടുകൾ തുറന്ന് ധാരാളം മീറയും കുന്തിരിക്കവും സ്വർണ്ണവും വെള്ളിയും എല്ലാം ആ അമ്മയ്ക്കും കുഞ്ഞിനും സമ്മാനിക്കുകയും ചെയ്യുന്നു.
ഇങ്ങനെയൊക്കെനടക്കാൻ ഈ കുഞ്ഞ് ആരാണ് . എന്റെ മനസ്സിലെ ചോദ്യത്തിനുത്തരം എന്ന പോലെ അവരിലാരോ ഉറക്കെ വിളിച്ചുപറയുന്നത് ഞാൻ കേട്ടൂ . ഇതുതന്നെയാണ് നാം അന്ന്വേഷിച്ച വളരെ നാളായി കാത്തിരുന്ന ദൈവത്തിന്റെപുത്രൻ ലോകത്തിന്റെ രക്ഷകൻ .
ഞാനൊന്നു ഞടുങ്ങി. എന്നെത്തന്നെ എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഈ ലോകത്തിന്റെ രക്ഷകനെയാണല്ലോ ഞാൻ ഒരുപകലും ഒരു രാത്രിയും ചുമന്നത് എന്നോർത്തപ്പോൾ എനിക്കുണ്ടായ വികാരം അതെനിക്ക് പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. . അതോടൊപ്പം ആ സത്യം ഞാനിതുവരെ അറിഞ്ഞില്ലല്ലോ എന്നോർത്ത് അതിയായ സങ്കടവും വന്നു. ആ ഭാരം ചുമക്കുമ്പോഴും കഷ്ടതകൾ ഏൽക്കുമ്പോളും . ഞാൻ വെറുപ്പോടെ സങ്കടത്തോടെ പിറുപിറുക്കുകയായിരുന്നു. ആ ഭാരങ്ങൾക്കെല്ലാംപകരം എത്രയോ ശാപവാക്കുകൾഞാൻ ഉരുവിട്ടു . സത്രത്തിൽ ഇടം കിട്ടാതെ വന്നപ്പോൾ പുഛിക്കുകയും. അവസാനം പശുത്തൊഴുത്തിൽ എത്തിപെട്ടപ്പോൾ, കഴുതകൾ പോലും ഇതിലും വൃത്തിയുള്ളിടത്താണ് പ്രസവിക്കാറ് എന്ന് മനസ്സിൽ കരുതുകയും ചെയ്തു. അയ്യോ ദൈവപുത്രാ അങ്ങയെയാണ് ഞാൻ വഹിക്കുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ എത്ര സന്തോഷത്തോടെ ഞാൻ അത് ചെയ്യുമായിരുന്നേനെ . ഞാൻ വാ വിട്ടു നിലവിളിച്ചു.
അവസാനം അവിടെ കൂടിയവരുടെ കാര്യമറിയാതെയുള്ള ശകാരത്തിൽ ഞാനെന്റെ കരച്ചിൽ വിതുമ്പലാക്കി പിന്നെ അറിയാതെ ഉറക്കത്തിലേക്കാണ്ടുപോയി.
പെട്ടന്നാരോ എന്റെ പുറത്തു തലോടുന്നതറിഞ്ഞു, ഞാൻ ഉണർന്നു നോക്കുമ്പോൾ യജമാനൻ, പറയുന്നു. ഉണരൂ നമുക്ക് പോകാൻ സമയമായി. തിടുക്കത്തിൽ അയ്യാൾ എന്നെ തുടച്ചു വൃത്തിയാക്കി. അവിടെ ബാക്കിവന്ന ആട്ടിടയന്മാരുടെയെല്ലാം ഇടയിലൂടെ ആ കുഞ്ഞിന്റെയും അമ്മയുടെയും അടുക്കലേക്ക് എന്നെ കൊണ്ടുപോയി. .
ഒരു വെറും കഴുതയായ തന്നെ ലോകത്തിന്റെമുഴുവൻ, സർവജീവജാലങ്ങളുടെയും ഉടയവനായ ദൈവത്തിന്റെ അടുത്തുകൊണ്ടുപോയിനിർത്തിയിരിക്കുന്നു . എനിക്ക് കരച്ചിലാണപ്പോൾ വന്നത്. ജീവിക്കുന്ന ദൈവപുത്രാ എന്നോട് ക്ഷമിക്കണേ എന്നോട് കരുണാകാട്ടണമേ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കരയണമെന്നുണ്ടായിരുന്നു. അതിനു മുന്നേ തന്നെ അദ്ദേഹം ബലിഷ്ടമായ തന്റെ കൈകളിൽ ആ അമ്മയെയും കുഞ്ഞിനേയും കോരിയെടുത്ത് എന്റെ പുറത്തേക്കു വച്ചു. എന്നിട്ടെന്റെ ചെവിയിൽ പറഞ്ഞു എത്രയും വേഗം നമുക്കിവിടെനിന്നും പായണം .
ജീവിക്കുന്ന ദൈവത്തിനു വീണ്ടുമൊരോട്ടമോ?. ഞാനാകുഞ്ഞിനെ തിരിഞ്ഞൊന്നു നോക്കി . അവിടുന്നെന്നെനോക്കി പുഞ്ചിരിക്കുന്നതായി എനിക്കുതോന്നി . പിന്നെ ഞാൻ ഒരു പാച്ചിലായിരുന്നു. കുണ്ടുകൾ കുഴികൾ , ഇറക്കങ്ങൾ, കയറ്റങ്ങൾ, കുന്നുകൾ, മലകൾ ആറുകൾ, പാറക്കെട്ടുകൾ, മഴയും വെയിലും മഞ്ഞും ഒന്നും എനിക്ക് പ്രശ്നമല്ലായിരുന്നു. കാരണം എന്റെ പുറത്തു ഞാൻ വഹിക്കുന്ന ഭാരം അത് എല്ലാത്തിന്റെയും ഉടയവനായ
സൃഷ്ട്ടാവായ ദൈവത്തിന്റെ പുത്രനാണ് എന്നുള്ള ഉറച്ച വിശ്വാസവും ബോധ്യവുമായിരുന്നു .
ഇനിഎനിക്കു ദാഹമില്ല വിശപ്പില്ല ,ക്ഷീണമില്ല.
ഞാനവിടുത്തെ വഹിക്കും ആ ഭാരമെനിക്കൊരുഭാരമല്ല, ശാപവാക്കുകൾ, കളിയാക്കലുകൾ ഭീഷണികൾ ഒന്നും എന്നെ പേടിപെടുത്തുകയില്ല. കാരണം ഞാൻ വഹിക്കുന്നത് ജീവിക്കുന്നദൈവത്തെയാണ്.

