PRAVASI

അഡ്വ എ.കെ.പ്രീത; നീതിയിലേക്ക് ഉള്ള വാതിൽ

Blog Image

നാളെ കേരള ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന അഡ്വ എ കെ പ്രീത മാഡത്തിന്റെ പേര് ഒരുപക്ഷേ പൊതു ഇടങ്ങളിൽ അത്ര കേട്ട് പരിചയം ഉണ്ടാകാൻ സാധ്യതയില്ല. ഒരിക്കൽ പോലും  ഒരു വെള്ളി വെളിച്ചത്തിലും വരാതെ, വർഷങ്ങളായി നിസ്വാർത്ഥമായി നീതിക്ക് വേണ്ടി നിരന്തരം നിലയുറപ്പിച്ചിട്ടുള ഒരാളാണ് പ്രീത മാഡം. "നിയമം ഒരു യന്ത്രോപകരണമല്ല; നീതി ഉറപ്പാക്കാനുള്ള മനുഷ്യോപകരണമാണ്” എന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വാക്കുകൾ അന്വർത്ഥമാക്കിയ പ്രീത മാഡത്തിന്റെ ഇടപെടലുകൾ ഏറ്റവും അടുത്ത് നിന്നു കണ്ട ഒരാൾ എന്ന നിലയിലാണ്  ഞാൻ ഈ കുറിപ്പ് എഴുതുന്നത് .  
2015 യിൽ  ജൻഡർ വിവേചനങ്ങൾക്കെതിരെ പ്രതികരിച്ചതിന്  കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് എന്നെ സസ്‌പെൻഡ് ചെയ്ത സമയം . എന്തായാലൂം എന്നെ ഡിസ്മിസ് ചെയ്യും എന്ന നിലയിൽ കോളേജ് അധികൃതർ മുന്നോട്ടു പോകുന്ന സമയം. കേരളത്തിൽ അത്രയേറെ പ്രതിഷേധങ്ങൾ  ഉണ്ടായി,  ഒരുപാട് മനുഷ്യർ ഒപ്പം നിന്നു. എന്നാൽ നിയമപരമായി സസ്പെൻഷൻ നടപടികൾക്കെതിരെ ഹൈക്കോടതിയിൽ  പോകണമെന്ന് ആദ്യം പറഞ്ഞത് കെ കെ ഷാഹിന ചേച്ചിയായിരുന്നു . അങ്ങനെയാണ് ഞാൻ ആദ്യമായി എ കെ പ്രീത എന്ന ഹൈക്കോടതി  അഭിഭാഷകയുടെ ചേംബറിൽ എത്തുന്നത് . ഒരു രൂപ പോലും വാങ്ങാതെ അവർ എനിക്കായി ഹർജ്ജി ഫയൽ ചെയ്തു, ആത്മവിശ്വാസം പകർന്നു തന്നു . ആദ്യ സിറ്റിങ്ങിൽ തന്നെ എന്റെ സസ്പെൻഷൻ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു . മേനോൻ ആൻഡ് പൈ അടക്കമുള്ള വലിയ നിയമ ഗ്രൂപ്പുകളെ കോളേജ് എനിക്കെതിരെ വാദിക്കാനായി നിയമിച്ചു . എന്നാൽ ശക്തമായ വാദങ്ങൾ ഉന്നയിച്ചു പ്രീത മാഡം രണ്ടര വർഷം എനിക്കായി ഹൈക്കോടതിയിൽ ഒരു രൂപ പോലും വാങ്ങാതെ ഹാജരായി . അങ്ങനെ ഞാൻ എന്റെ ഡിഗ്രി പഠനം പൂർത്തിയാക്കി .പിന്നീട്  സൗജന്യമായി നിയമ സഹായം നൽകുന്ന പ്രവർത്തനങ്ങൾ ദിശ തുടങ്ങിയ കാലം മുതൽ ഞങ്ങൾക്കൊപ്പം  പ്രീത മാഡം ഞങ്ങളുടെ കേസുകൾ സൗജന്യമായി വാദിച്ചു ഒപ്പമുണ്ട് .


 ലൈംഗിക അതിക്രമം നേരിട്ട നിരവധി സ്ത്രീകൾക്കായി പ്രീത മാഡം പലവട്ടം സൗജന്യമായി ഹാജരായിട്ടുണ്ട്. പിങ്ക് പൊലീസ്  എട്ടുവയസ്സുകാരിയെ മോഷ്ടാവായി ചിത്രീകരിച്ച് അപമാനിച്ച കേസിൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കാനും കുട്ടിക്ക് നഷ്ടപരിഹാരം ലഭിക്കാനും കാരണമായത് പ്രീത മാഡത്തിന്റെ വാദങ്ങളായിരുന്നു. കോവിഡ് ലോക്ക്ഡൗൺ സമയത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി കോടതി നൽകിയ നിർദ്ദേശങ്ങൾക്കും അടിസ്ഥാനം ദിശ കൂടി സമർപ്പിച്ച ഹർജിയായിരുന്നു — അതിലും പ്രീത മാഡം തന്നെയായിരുന്നു വാദിച്ചത്.കോഴിക്കോട് വടകരയിലെ ക്ഷേത്രത്തിൽ ജാതിവിവേചനം നടത്തിയതിനെതിരെ സമർപ്പിച്ച ഹർജിയിലും അനുകൂല ഉത്തരവ് നേടിയെടുത്തത് മാഡത്തിലൂടെയാണ്.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പിലാകാത്തതിനെതിരെ ഹൈക്കോടതിയിൽ ആദ്യം സമർപ്പിച്ച ഹർജിയിലും പ്രീത മാഡം അഭിഭാഷകയായി നിന്നു.“തീ ചാമുണ്ഡി തെയ്യം” എന്ന ആചാരത്തിൽ കുട്ടികളെ കനലിലേക്ക് വലിച്ചെറിയുന്നതിനെതിരെ ദിശ സമർപ്പിച്ച ഹർജിയിൽ, കുട്ടികളുടെ പങ്കാളിത്തം നിരോധിക്കുന്ന ഉത്തരവിലേക്ക് നയിച്ചതും അവർ തന്നെയാണ്.ട്രാൻസ്‌മാനായ  ഒരാൾക്ക് അണ്ഡസംരക്ഷണാവകാശത്തിനായുള്ള നിയമ പോരാട്ടത്തിലും, ക്വിയർ വ്യക്തിയെ കൺവേർഷൻ തെറാപ്പിക്ക് വിധേയമാക്കിയതിനെതിരെ സമർപ്പിച്ച ഹർജിയിലും പ്രീത മാഡം ഞങ്ങൾക്കായി വാദിച്ചു .തിരുവനന്തപുരം വലിയതുറയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജിയിലും മാഡമാണ് വാദിച്ചത്.ഇടുക്കിയിലെ തൊഴിലാളികൾക്കായും നിരവധി തവണ മാഡം  സൗജന്യ നിയമസഹായം നൽകിയിട്ടുണ്ട്. വിവരാവകാശ നിയമം  പോലും പ്രാബല്യത്തിൽ ഇല്ലാതിരുന്ന കാലഘട്ടത്തിൽ രോഗിയുടെ മെഡിക്കൽ റെക്കോർഡുകൾ രോഗിയുടെ അവകാശമാണ് എന്ന ചരിത്രപരമായ വിധി നേടിയതും പ്രീത മാഡത്തിന്റെ വാദത്തിലൂടെയാണ്.
തൊഴിലാളികളുടെ ആരോഗ്യപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, വേതനം അടിസ്ഥാനമാക്കിയുള്ള     ആരോഗ്യപരിരക്ഷയുടെ നിബന്ധനകളുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തു , അവകാശങ്ങളെ നിയന്ത്രിച്ചിരുന്ന ഘടകങ്ങളെ റദ്ദാക്കിച്ച് നീതി നേടി കൊടുത്തിട്ടുണ്ട്.
ഒരു അമ്മയുടെ സ്നേഹവും കരുതലും എനിക്ക് പ്രീത മാഡത്തിൽ  നിന്നും അനുഭവപ്പെട്ടിട്ടുണ്ട് . എപ്പോൾ വേണമെങ്കിലും ഓടി ചെല്ലാവുന്ന, ഒരു ഫോൺ കോളിനപ്പുറത്തു പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പം നിന്ന പ്രിയപ്പെട്ട പ്രീത മാഡം നാളെ ജസ്റ്റിസ് എ കെ പ്രീത ആകുമ്പോൾ, പഴയ പോലെ ഇനി പ്രശ്നങ്ങൾ പരിഹരിക്കാൻ മാഡം ഞങ്ങൾക്കൊപ്പം ഉണ്ടാകില്ലെങ്കിലും  നീതിപീഠങ്ങളും, നീതിയും തമ്മിലുള്ള ദൂരം കുറയ്ക്കാനായി ഒരാൾ കൂടി ജുഡീഷ്യറിയിൽ എത്തുന്ന വലിയ സന്തോഷമാണ് എനിക്ക് . ഈ പോസ്റ്റിനൊപ്പം ഇടാൻ ഒരു ഫോട്ടോ തിരയുമ്പോഴാണ് ഞങ്ങൾ ഇക്കാലമിത്രയായിട്ടും ഒരു ഫോട്ടോ പോലും എടുത്തിട്ടില്ല എന്ന സത്യം തിരിച്ചറിയുന്നത് . എപ്പോഴും പ്രശ്നങ്ങളുമായി കടന്നു ചെല്ലുമ്പോൾ ഒരു ഫോട്ടോപോലും എടുക്കാൻ പറ്റിയിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം .....
 ഒരുപാട് മനുഷ്യർക്ക് നീതിയിലേക്ക് ഉള്ള വാതിൽ തുറന്നു തന്നെ കിടക്കും എന്ന വലിയ പ്രതീക്ഷയോടെ ..........

 ദിനു വെയിൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.