CMRL-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 നിർണ്ണായക രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏറ്റുവാങ്ങി. കൊച്ചിയിലെ കമ്പനികാര്യ കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് ഈ രേഖകൾ അന്വേഷണ സംഘത്തിന് കൈമാറാൻ വഴിയൊരുങ്ങിയത്. CMRL ഈ നീക്കത്തെ ശക്തമായി എതിർത്തിരുന്നെങ്കിലും കോടതി അത് തള്ളിക്കളയുകയായിരുന്നു.
സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കുന്നതിലുണ്ടായ കാലതാമസം തുടക്കത്തിൽ അന്വേഷണത്തെ തിസന്ധിയിലാക്കിയിരുന്നുവെങ്കിലും, ഇപ്പോൾ രേഖകൾ ലഭ്യമായത് ഇഡിക്ക് വലിയ കരുത്തായിരിക്കുകയാണ്. ഈ മാസം 29-ന് വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ, പുതിയ തെളിവുകൾ അവർക്ക് വലിയ തിരിച്ചടിയായേക്കും. നേരത്തെ വീണയെ ചോദ്യം ചെയ്തപ്പോൾ നൽകിയ മൊഴികളിൽ ഗൗരവകരമായ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ, പുതുതായി ലഭിച്ച 134 രേഖകൾ നിരത്തിയായിരിക്കും ഇഡി വീണയെ ചോദ്യം ചെയ്യുക. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഈ ചോദ്യം ചെയ്യൽ കേസിൽ വീണയ്ക്ക് കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്നുറപ്പാണ്. കേസിന്റെ നാൾവഴികളിൽ ഏറെ നിർണ്ണായകമാണ് ഈ ചോദ്യം ചെയ്യൽ. പുതിയ രേഖകൾ കൈവശം വന്നതോടെ അന്വേഷണം കൂടുതൽ ആഴത്തിലേക്ക് നീങ്ങുമെന്നും വരുംദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. കേസ് ഏത് തലത്തിലേക്ക് നീങ്ങുമെന്ന ആകാംക്ഷയിലാണ് കേരളം ഉറ്റുനോക്കുന്നത്.

