ചില ദിവസങ്ങളിൽ
സൂര്യൻ വന്നവളുടെ
മുഖത്തുമ്മ വെയ്ക്കും...
വെയിലിന്റെ പൊൻ പ്രഭയിൽ
അവളിലെ പൂക്കളെല്ലാം
ഒരു നിമിഷം കൊണ്ട് പൂക്കും...
അന്നും, അതിനടുത്ത
ദിവസങ്ങളിലും, അവൾ
അടുക്കളയിലും മുറികൾക്കുള്ളി-
ലും വെച്ച് മൂളിപ്പാട്ടുകൾ പാടും...
കിടക്ക വിരി കുടഞ്ഞു വിരി-
ക്കുമ്പോൾ ഒരു പാട്ട്,
അടിച്ചു വാരുമ്പോഴും,
കറിക്കരിയുമ്പോഴും,
അലക്കുമ്പോഴും,അയയിൽ
ആറിയിടുമ്പോഴും,കുളിക്കുമ്പോഴും
അവളുടെ മൂളിപ്പാട്ട് തീരുകയില്ല...
സൂര്യൻ ഉമ്മ വെച്ചത് കാരണം
ഉള്ളു നിറയെ വെളിച്ചമാണെന്നും
കണ്ണിൽ നിറയെ സൂര്യകിരണങ്ങളാണെന്നും
ചിരിക്കുന്ന അവളുടെ
മുഖത്തോട് കണ്ണാടി
കിന്നാരം പറയും...
രാത്രി ഉറങ്ങുമ്പോൾ
അവളെല്ലാം മറന്നു പോകും...
എങ്കിലും അവളുടെ മുഖത്തപ്പോഴും
സൂര്യപ്രഭ തങ്ങി നിൽക്കുന്നുണ്ടാവും...
എന്നോ ഇരുട്ടുമായി ചങ്ങാത്തത്തിലായവളാണ്
സൂര്യന്റെ തീക്ഷ്ണ രശ്മികളിൽ
ഇപ്പോൾ തലയുയർത്തി നിൽക്കുന്നത്...
ഇരുളോ വെളിച്ചമോ കൂടുതൽ
നല്ലതെന്ന ചോദ്യം
അവൾ ഒറ്റയടിക്ക്
തിരസ്കരിക്കുന്നു...
കണ്ണടച്ചു തീരും മുൻപേ
മാഞ്ഞു പോകുന്ന ചില
നേരങ്ങളെ കുറിച്ചവൾ
ചില നേരം കവിതകൾ എഴുതി...
'മായാ ജാലം കാണിക്കുന്ന
സൂര്യൻ'എന്ന പേരിൽ
ആകാശത്ത് കാറും കോളും
നിറഞ്ഞ ഒരു ദിവസം
അവളൊരു ചിത്രം വരച്ചു...
പുഴയിലും പുല്ലിലും
പെയ്യുന്ന മഴക്കപ്പുറം
എത്തിനോക്കുന്ന സൂര്യന്റെ
ചിത്രം...
രാത്രി കാലങ്ങളിൽ,
ചന്ദ്രനുദിക്കും നേരത്ത്
അവൾ തന്റെ സൂര്യപ്രഭയുള്ള
കാതിൽ പൂക്കളും,വളയും,
മാലയും എല്ലാം അഴിച്ചു വെയ്ക്കും...
പകരം, മിന്നാമിനുങ്ങുകൾ
പോലുള്ള
നക്ഷത്രങ്ങളുടെ ആഭരണങ്ങൾ
അണിയും...
അന്നേരവും സൂര്യപ്രഭയേറ്റ്
കരിംനീല നിറമായ അവളുടെ
കവിതടങ്ങൾ അസാമാന്യമായി
തിളങ്ങുന്നുണ്ടാവും...
അവൾ കിടക്കുന്ന മുറിയിൽ
നിന്നും അന്നേരവും മധുരമായ
ശബ്ദത്തിൽ അവളുടെ
മൂളിപ്പാട്ട് തുടർന്ന്
കേൾക്കുന്നുണ്ടാവും...

കവിത മധു

