കൊച്ചി: അച്ഛനും അമ്മയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ തുടർ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെങ്കിലും ഒരു മാസം കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ശിശുക്ഷേമ സമിതി അധികൃതർ വൈകാതെ ജനറൽ ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദർശിക്കും.മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ചികിത്സയും പരിചരണവും സർക്കാർ ഏറ്റെടുത്തു. കൊച്ചിയിലെ ലൂർദ്ദ് ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ 23ാം ദിവസമാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ 9 മണിയോടെയാണ് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ലൂർദ്ദ് ആശുപത്രിയിലെത്തി കുഞ്ഞിനെ ഏറ്റെടുത്തത്. കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ കേരളം വിട്ട വാർത്തയറിഞ്ഞ് ആരോഗ്യമന്ത്രി ഇടപെട്ടതോടെയാണ് കുഞ്ഞിന്റെ തുടർ ചികിത്സ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ഒരു വിവരവുമില്ലെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് രക്ഷിതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ചികിത്സ പൂർത്തിയായൽ ഉടൻ കുഞ്ഞിനെ സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.