PRAVASI

യുഎസ് കാമ്പസിലെ അശാന്തിക്കു പിന്നിൽ

Blog Image

അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭങ്ങൾ അമേരിക്കയിൽ മാത്രമല്ല ലോകമെന്പാടും ചർച്ചയായി മാറിയിരിക്കുന്നു. മറ്റൊന്നുംകൊണ്ടല്ല, അമേരിക്കൻ കാമ്പസുകളിൽ ഇതുവരെ കാണാത്ത കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സമരവും പ്രതിഷേധവുമൊക്കെ ഉയർന്നിട്ടുണ്ടെങ്കിലും കുടിൽകെട്ടി സമരം പോലെയുള്ള സമരരീതികൾ അമേരിക്കൻ കാന്പസുകൾക്ക് അത്ര പരിചയമുള്ള കാര്യമല്ല. പഠനവും പഠനപ്രവർത്തനവും കലാപ്രവർത്തനവുമൊക്കെ സജീവമായ കാന്പസുകളിൽ സമരപ്പന്തലുകൾ ഉയരുന്നതും അപൂർവം.

ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് സമരങ്ങൾക്കു തുടക്കമിട്ടത്. പലസ്തീൻ അനുകൂലികളായ ഏതാനും വിദ്യാർഥികളാണ് സമരവുമായി രംഗത്തിറങ്ങിയത്. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും കൊളംബിയ യൂണിവേഴ്സിറ്റിയുടെ "എൻഡോവ്മെന്റ് ഫണ്ട്' ഇസ്രയേൽ കന്പനികളിൽ നിക്ഷേപിച്ചിരിക്കുന്നത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഏപ്രിൽ 17ന് സമരം ആരംഭിച്ചത്. വളരെപ്പെട്ടെന്ന് സമരം ആസൂത്രിതമായ ഒരു രൂപം കൈവരിച്ചു. കാന്പസിൽ സമരപ്പന്തൽ ഉയർന്നു.

സമരം ക്രമസമാധാന പ്രശ്നമായി വളർന്ന് കാന്പസിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നു കണ്ടതോടെ യൂണിവേഴ്സിറ്റി അധികൃതർ ഉണർന്നു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, സമരക്കാർ തയാറായില്ലെന്നു മാത്രമല്ല സമരം കൂടുതൽ ശക്തമാക്കി. ഇതോടെ കാന്പസിൽ ടെന്റ് കെട്ടി സമരം നടത്തിവന്ന വിദ്യാർഥികളെ പോലീസിനെ ഉപയോഗിച്ചു നീക്കം ചെയ്യാൻ അധികൃതർ തീരുമാനിച്ചു. കോളജ് പ്രസിഡന്റ് മിനോഷെ ഷെഫീക്കിന്റെ ആവശ്യപ്രകാരം സമരക്കാരെ പോലീസ് നീക്കാൻ ശ്രമിച്ചു. ഇതോടെ പ്രതിഷേധം സമരക്കാർ കടുപ്പിച്ചു. ഏതാനും വിദ്യാർഥികളെ യൂണിവേഴ്സിറ്റി പുറത്താക്കി.

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്സിറ്റികളിലൊന്നാണ് കൊളംബിയ യൂണിവേഴ്സിറ്റി. അമേരിക്കയിലെ 439 യൂണിവേഴ്സിറ്റികളിൽ പന്ത്രണ്ടാം സ്ഥാനമാണ് കൊളംബിയയ്ക്കുള്ളത്. ഈ യൂണിവേഴ്സിറ്റിയുടെ കീഴിൽ ആർട്സ്, സയൻസ്, ലോ, മെഡിസിൻ, ഗവേഷണം തുടങ്ങി സെമിനാരികൾ ഉൾപ്പെടെ ഇരുപതിൽപരം കോളജുകളുണ്ട്. സമർഥരായ ധാരാളം ഇന്ത്യൻ വിദ്യാർഥികളും ഇവിടെ പഠിക്കുന്നുണ്ട്, പ്രത്യേകിച്ചു പിഎച്ച്ഡി, ഗവേഷണ മേഖലകളിൽ.

സമരനേതാക്കൾ

ഇസ്രയേൽ -ഹമാസ് യുദ്ധം ആരംഭിച്ച 2023 ഒക്ടോബർ മുതൽ, പലസ്തീൻ അനുകൂല നിലപാടുകൾ ചില വിദ്യാർഥി ഗ്രൂപ്പുകൾക്കിടയിൽ ഉടലെടുത്തിരുന്നെങ്കിലും അതു പരസ്യമായി സമരരൂപം പ്രാപിച്ചിരുന്നില്ല. എന്നാൽ, സ്റ്റുഡന്റ്സ് ഫോർ ജസ്റ്റീസ് ഇൻ പലസ്തീൻ, ജ്യൂവിഷ് വോയിസ് ഫോർ പീസ് തുടങ്ങിയ വിദ്യാർഥി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ, രണ്ടാഴ്ച മുന്പ് അപ്രതീക്ഷിതായി കുടിൽ കെട്ടി സമരം ആരംഭിച്ചതോടെയാണ് സംഭവങ്ങൾ മറ്റൊരു തലത്തിലേക്കു കടന്നത്.

ഈ സമരങ്ങൾക്കു നേതൃത്വം കൊടുത്തതിൽ മുന്നിൽനിന്നത്, മിനിസോട്ടയിൽനിന്നുള്ള യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഉമറിന്റെ മകൾ ഇസ്ര ഹിർഷി ആണ്. ഇസ്ര കൊളംബിയ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ബെർണാഡ് കോളജിലാണ് പഠിക്കുന്നത്. വിദ്യാർഥികളെ കൂടാതെ, യൂണിവേഴ്സിറ്റിക്കു പുറത്തുള്ള ചില സംഘടനകളും അധ്യാപകരും ഈ സമരത്തിന് ഐക്യദാർഢ്യവുമായി വന്നു. ഒരു വിഭാഗം ഇന്ത്യൻ വിദ്യാർഥികൾ അടക്കം സമരരംഗത്തുണ്ട്.

ആവശ്യങ്ങൾ

കൊളംബിയ യൂണിവേഴ്സിറ്റിയുടെ എൻഡോവ്മെന്റ് ഫണ്ട് ഇസ്രയേൽ കമ്പനികളിൽനിന്നു പിൻവലിച്ച് മറ്റു സ്ഥാപനങ്ങളിൽ നിക്ഷേപിക്കുക എന്നതാണ് സമരക്കാരുടെ മുഖ്യ ആവശ്യങ്ങളിലൊന്ന്. വ്യക്തികളും സ്ഥാപനങ്ങളും ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ (ഉദാഹരണമായി സ്കോളർഷിപ്), യൂണിവേഴ്സിറ്റികൾക്കു നൽകുന്ന സംഭാവനകളാണ് എൻഡോവ്മെന്റ് ഫണ്ട്. ഇതു സാധാരണയായി, ഓഹരികളിലോ മറ്റോ നിക്ഷപിച്ച് അതിന്റെ പലിശയോ ലാഭമോ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ എൻഡോവ്മെന്റ് ഫണ്ടുള്ള യൂണിവേഴ്സിറ്റിയാണ് കൊളംബിയ. അവർക്കു മാത്രമായി ഏതാണ്ട് 13 ബില്യൺ യുഎസ് ഡോളറിന്റെ എൻഡോവ്മെന്റ് ഫണ്ട് ഉണ്ട്.

അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിയായി 50 ബില്യണിൽ അധികം ഡോളർ വരും ഇത്തരം ഫണ്ടുകൾ. കൊളംബിയ യൂണിവേഴ്സിറ്റിയുടെ എൻഡോവ്മെന്റ് ഫണ്ട് യുദ്ധസാമഗ്രികളും ആയുധങ്ങളും നിർമിക്കുന്ന ഇസ്രയേൽ കമ്പനികളിൽ നിക്ഷേപിക്കരുത്. നിക്ഷേപങ്ങൾ ഇസ്രയേൽ കമ്പനികളിൽനിന്നു പിൻവലിച്ചു തദ്ദേശീയ കമ്പനികളിൽ നിക്ഷേപിക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.

എന്നാൽ, സമരക്കാരുടെ ആവശ്യത്തിൽ വലിയ കഴമ്പില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. കാരണം, യൂണിവേഴ്സിറ്റികൾ നേരിട്ടല്ല ഇത്തരം ഫണ്ടുകൾ നിക്ഷേപിക്കുന്നത്. അതിനായി ഫിനാൻസ് മാനേജ്മെന്റ് കമ്പനികളുണ്ട്. ഈ കമ്പനികളാണ് ഓഹരി വിപണികൾ പഠിച്ച്, കൂടുതൽ ആദായം കിട്ടുന്ന കമ്പനികളിൽ നിക്ഷേപങ്ങൾ നടത്തുന്നത്. അപ്പോൾ, ഇസ്രയേൽ ഉൾപ്പെടെ പല രാജ്യക്കാരുടെയും കമ്പനികളിൽ ഫണ്ടുകൾ നിക്ഷേപിച്ചെന്നു വരാം.

അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ സമരങ്ങൾ ആദ്യമായല്ല. പക്ഷേ, കേരളത്തിലെപ്പോലെ കോളജ് അടിച്ചു തകർക്കുക, പ്രിൻസിപ്പലിനെ കരിയോയിൽ ഒഴിക്കുക; അത്തരം കലാപരിപാടികൾ അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ ഇല്ല. പകരം, സമാധാനപരമായ പ്രതിഷേധങ്ങളാണ് നടത്താറുള്ളത്. വിയറ്റ്നാം യുദ്ധകാലത്തും ഇറാക്ക് യുദ്ധകാലത്തും അമേരിക്ക ഇസ്രായേലിന് ആയുധങ്ങൾ വിറ്റപ്പോഴുമെല്ലാം അമേരിക്കൻ കാമ്പസുകളിൽ പ്രതിഷേധ സ്വരങ്ങൾ ഉയർന്നിട്ടുണ്ട്.

സമരത്തെ നേരിടും

എന്നാൽ, ഇത്തവണ സമരം മറ്റൊരു രൂപം പ്രാപിച്ചിരിക്കുകയാണെന്നു പറയാം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്നെ സമരത്തെക്കുറിച്ചു പ്രതികരിച്ചിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച സമരം, അമേരിക്കയിലെ വിവിധ കാന്പസുകളിലേക്കു വ്യാപിക്കുന്നതാണ് കണ്ടത്. സമരം ഇത്രവേഗം വ്യാപിക്കാൻ ഏതെങ്കിലും ഗ്രൂപ്പുകൾ ഇടപെട്ടോയെന്നു സംശയമുണ്ട്.

ന്യൂയോർക്കിലെതന്നെ കോർണൽ യൂണിവേഴ്സിറ്റി, റോചെസ്റ്റർ, യാൽ, കൂടാതെ മാസച്യുസെറ്റ്സ്, പെൻസിൽവാനിയ, കലിഫോർണിയ, ടെക്സസ്, നോർത്ത് കരോലിന, ഫ്ലോറിഡ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിലേക്കും സമരം വ്യാപിച്ചിട്ടുണ്ട്. എല്ലാ കാമ്പസുകളിലും സമരക്കാരുടെ ആവശ്യം ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കുക എന്നതാണ്.

ഇതിനിടെ, കൊളംബിയ യൂണിവേഴ്സിറ്റി കാമ്പസിൽ കെട്ടിയിരിക്കുന്ന സമര ടെന്റുകൾ വിദ്യാർഥികൾതന്നെ പൊളിച്ചുമാറ്റാമെന്നു സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. അതുപോലെ, സമരങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളും സജീവമായി നടക്കുന്നുവെന്നത് ആശ്വാസകരമായ വാർത്തയാണ്. പഠിക്കാനായി മറ്റു രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്ക് എത്തിയിരിക്കുന്ന വിദ്യാർഥികളാണ് പ്രധാനമായും സമരത്തിന് ഇന്ധനം പകരുന്നതെന്നാണ് സൂചനകൾ. ഇന്ത്യൻ വിദ്യാർഥികൾ അടക്കമുള്ളവർ സമരത്തിനു മുൻനിരയിലുണ്ട്.

എന്തായാലും കാന്പസുകളിൽ പതിവില്ലാത്ത സമരസ്വരങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അമേരിക്കൻ സർക്കാർ സ്വീകരിക്കുമെന്ന കാര്യം തീർച്ചയാണ്. അമേരിക്കൻ ദേശീയ താത്പര്യങ്ങൾക്കു വിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ കാന്പസുകളിൽ പിടിമുറുക്കുന്നുണ്ടോയെന്ന സംശയവും പലരും ഉയർത്തുന്നുണ്ട്. ഏതൊക്കെ രീതിയിലുള്ള നിയന്ത്രണങ്ങളും നിരീക്ഷണങ്ങളുമാണ് ഉണ്ടാവുകയെന്നത് പിന്നാലെയറിയാം.

(ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റാണ് ലേഖകൻ).

ഷോളി കുമ്പിളുവേലി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.