ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നിവിൻ പോളി, മമിത ബൈജു എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ ചരിത്രവിജയം നേടി മുന്നേറുകയാണ്. ലോകമെമ്പാടുമായി 300 കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ നേടി ചിത്രം ഇതിനോടകം തന്നെ ഇൻഡസ്ട്രി ഹിറ്റായിക്കഴിഞ്ഞു. ഇപ്പോഴിതാ ബോക്‌സ് ഓഫീസിൽ പുതിയൊരു ചരിത്രം കൂടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. കേരള ബോക്‌സ് ഓഫീസ് ചരിത്രത്തിൽ ഇതുവരെ കാണാത്ത മാന്ത്രികസംഖ്യയിലേക്ക് ചിത്രം കളക്ഷൻ ഉയർത്തിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രമായി 150 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ ചിത്രമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മാറി. മലയാള സിനിമയിൽ ഇതുവരെ ഒരു ചിത്രത്തിനും സ്വന്തമാക്കാൻ കഴിയാത്ത റെക്കോർഡാണിത്. ഓണം റിലീസായി എത്തിയ ചിത്രം മലയാളികൾ വളരെ ആഘോഷപൂർവ്വമാണ് ഏറ്റെടുത്തത്. നിവിന്റെ ജസ്റ്റിൻ ചേട്ടനും മമിതയുടെ ആഷ്‌ലിയും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായി മാറിക്കഴിഞ്ഞു. ചിത്രത്തിലെ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, റോഷൻ ഷാനവാസ്, മീനാക്ഷി രവീന്ദ്രൻ, വിനയ് ഫോർട്ട്, ശ്യാം മോഹൻ തുടങ്ങിയവരുടെ പ്രകടനങ്ങളും ഡയലോഗുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഷ്ണു വിജയുടെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഭാവന സ്റ്റുഡിയോസിന്റെ നിർമാണത്തിൽ ഗിരീഷ് എ.ഡി.യും കിരൺ ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

